ന്യൂഡല്‍ഹി : അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് യാത്രക്കാരും ജീവനക്കാരും നിലത്തുണ്ടായിരുന്നവരും അടക്കം 260 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്.
അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചതാണ് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് റിപ്പോര്‍ട്ട് ചെയ്തത്. ബോയിംഗ് 7878 വിമാനത്തിന്റെ എഞ്ചിന്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ പൈലറ്റുമാരില്‍ ഒരാള്‍ മറ്റേയാളോട് എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേള്‍ക്കാം. താനല്ല ചെയ്തത് എന്നാണ് രണ്ടാമന്റെ മറുപടി.
സഹപൈലറ്റ് ക്ലൈവ് കുന്ദറാണ് വിമാനം പറത്തിയത്. പൈലറ്റ്ഇന്‍കമാന്‍ഡായ സുമീത് സബര്‍വാള്‍ ഇത് നിരീക്ഷിക്കുകയായിരുന്നു. സബര്‍വാള്‍ ബോയിംഗ് 787 വിമാനം 8600 മണിക്കൂര്‍ പറത്തിയ പൈലറ്റാണ്. കുന്ദര്‍ 1,100 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുള്ളയാളുമായിരുന്നു. സര്‍വീസ് തുടങ്ങും മുന്‍പ് ഇരുവര്‍ക്കും മതിയായ വിശ്രമം ലഭിച്ചിരുന്നു. 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അപകട സമയത്ത് വിമാനത്തില്‍ 230 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇവരില്‍ 15 പേര്‍ ബിസിനസ് ക്ലാസിലും 215 പേര്‍ ഇക്കോണമി ക്ലാസിലുമായിരുന്നു. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പെട്ടത്.
എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയില്‍ കണ്ടതിന് പിന്നാലെ ഇത് ഓണ്‍ ചെയ്തിരുന്നു. ഒരു എഞ്ചിന്‍ ഭാഗികമായി പ്രവര്‍ത്തനക്ഷമമായെങ്കിലും രണ്ടാമത്തെ എഞ്ചിന്‍ പ്രവര്‍ത്തിച്ചില്ല. സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ വിമാനം തകര്‍ന്നുവീഴുകയും ചെയ്തു. ഈ സ്വിച്ച് ആരെങ്കിലും ഓഫ് ചെയ്തതാകാമെന്നാണ് സംശയം. ഇവ യാന്ത്രികമായി പ്രവര്‍ത്തിക്കുന്നതല്ല. പൈലറ്റുമാരില്‍ ഒരാള്‍ സ്വിച്ച് ഓഫ് ചെയ്‌തോയെന്നാണ് ഉയരുന്ന സംശയം.
എഞ്ചിനുകളിലേക്കുള്ള വൈദ്യുതി ബന്ധം നഷ്ടപ്പെട്ടപ്പോള്‍, അടിയന്തര ഹൈഡ്രോളിക് പവര്‍ നല്‍കുന്നതിനായി പ്രൊപ്പല്ലര്‍ പോലുള്ള ഉപകരണമായ റാം എയര്‍ ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ചു. വിമാനം 32 സെക്കന്‍ഡ് മാത്രമാണ് ആകാശത്ത് പറന്നത്. വിമാനത്തില്‍ പക്ഷികള്‍ ഇടിച്ചിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രാഥമിക റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളെ വെളിപ്പെടുത്തുന്നതാണെന്നും അത് തന്നെ ആകര്‍ഷിച്ചുവെന്നും യുഎസിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ (എന്‍ടിഎസ്ബി) മുന്‍ മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ ഗോയല്‍സ് പ്രതികരിച്ചു.
'ഇത്രയും വിശദമായ പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയെ പ്രശംസിക്കേണ്ടതുണ്ട്' എന്നാണ് നിരവധി അപകട അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഗോയല്‍സ്, പറയുന്നത്.
'പലപ്പോഴും ഒരു രാജ്യത്തിന്റെ ഇത്രയും ഉയര്‍ന്ന പ്രൊഫൈല്‍ ഉള്ള മുന്‍ ഫ്‌ലാഗ് കാരിയറെ കൈകാര്യം ചെയ്യുമ്പോള്‍, റിപ്പോര്‍ട്ടുകള്‍ വളരെ കുറഞ്ഞ വിശദാംശങ്ങള്‍ മാത്രമേ ഉണ്ടാകൂ. സത്യസന്ധതയില്ലാത്തതും ആയിരിക്കും.'
'ഇത് വളരെ വിശദമായ ഒരു റിപ്പോര്‍ട്ടായിരുന്നു. അതിന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയെ പ്രശംസയര്‍ഹിക്കുന്നുവെന്ന് പീറ്റര്‍ ഗോയല്‍സ് പറഞ്ഞു.
അഹമ്മദാബാദ് വിമാനാപകടം ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്തുമൂലം; ഞെട്ടിക്കുന്ന പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് പുറത്ത്
