അനിൽ അംബാനിയെ വായ്പാ തട്ടിപ്പുകാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി കനറാ ബാങ്ക്

അനിൽ അംബാനിയെ വായ്പാ തട്ടിപ്പുകാരുടെ പട്ടികയിൽ നിന്ന്  ഒഴിവാക്കി കനറാ ബാങ്ക്


മുംബൈ: അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക്കേഷന്റെ (ആർകോം) വായ്പകളെ 'തട്ടിപ്പ്' വിഭാഗത്തിൽനിന്ന് ഒഴിവാക്കിയതായി കനറാ ബാങ്ക് ബോംബെ ഹൈക്കോടതിയെ അറിയിച്ചു.

2017ൽ കനറ ബാങ്കിൽ നിന്നെടുത്ത 1,050 കോടി രൂപയുടെ വായ്പ മറ്റ് കമ്പനികളുടെ ബാധ്യതകൾ തീർപ്പാക്കാനായി റിലയൻസ് കമ്യൂണിക്കേഷൻ വകമാറ്റി എന്നു കാണിച്ചാണ് വായ്പകളെ തട്ടിപ്പ് വിഭാഗത്തിലേക്ക് ബാങ്ക് മാറ്റിയത്. ഇതിനെ ചോദ്യം ചെയ്ത് അനിൽ അംബാനി സമർപ്പിച്ച പരാതിയാണ് ജസ്റ്റിസ് രേവതി മൽഹോത്ര, നീല ഗോഖലെ എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്. തീരുമാനം പിൻവലിക്കുന്നതായി ബാങ്ക് അറിയിച്ചതിനാൽ ഹർജി ഹൈക്കോടതി തീർപ്പാക്കി.

സാമ്പത്തിക പ്രതിസന്ധിയെതുടർന്ന് 2018ൽ പ്രവർത്തനം നിർത്തിയ ആർകോം നിലവിൽ പാപ്പരത്ത നടപടികളിലൂടെ കടന്നുപോകുകയാണ്. തട്ടിപ്പ് മുദ്ര ചാർത്തും മുമ്പ് ബാങ്ക് തന്റെ വാദം കേട്ടില്ലെന്നും അനിൽ അംബാനി വ്യക്തമാക്കിയിരുന്നു.