രാഷ്ട്രീയ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ്; മോഡിയെ വാഴ്ത്തി വീണ്ടും തരൂര്‍

രാഷ്ട്രീയ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ്; മോഡിയെ വാഴ്ത്തി വീണ്ടും തരൂര്‍


ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അദ്ദേഹത്തിന്റെ ഭരണ മികവിനെയും വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഡോ. ശശി തരൂര്‍ പ്രസംഗിച്ചതോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ധര്‍മസങ്കടത്തിലായി. അദ്ദേഹത്തെ തള്ളാനും കൊള്ളാനും പററാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി അകപ്പെട്ടിരിക്കുന്നത്.

'2047ലെ ഇന്ത്യ' എന്ന വിഷയത്തില്‍ ലണ്ടനില്‍ സംഘടിപ്പിച്ച പ്രഭാഷണത്തിലാണ് ശശി തരൂര്‍ ബി ജെ പി സര്‍ക്കാരിനെ പ്രശംസിച്ചത്. കോണ്‍ഗ്രസിന്റെ ഇടതുപക്ഷാനുകൂല നയസമീപനങ്ങളില്‍ നിന്ന് രാജ്യം മാറി. ഉദാരവത്കരണത്തിലേക്കും ആഗോളവത്കരണത്തിലേക്കുമുള്ള ഈ മാറ്റം ഗുണകരമെന്നും അദ്ദേഹം പറഞ്ഞു. ശുഭകരമായ മാറ്റങ്ങള്‍, മോഡിയുടെ ഊര്‍ജ്ജസ്വലമായ നേതൃത്വത്തിന് കീഴിലാണ് സംഭവിക്കുന്നതെന്നും തരൂര്‍ വിശദീകരിച്ചു.

രാജ്യത്തിന്റെ അടിസ്ഥാന നയങ്ങളില്‍, 78 വര്‍ഷത്തിനിടെ വന്ന വ്യത്യാസങ്ങള്‍ വിദേശ നയത്തിലും രാഷ്ട്രീയത്തിലും പ്രതിഫലിക്കുന്നു. ശക്തമായ ദേശീയതയാണ് ബി ജെ പി സര്‍ക്കാരിന് കീഴില്‍ കാണാനാവുന്നത്. കേന്ദ്രീകൃത ഭരണത്തില്‍ ബി ജെ പി വിശ്വസിക്കുന്നു. അതിന്റെ നേട്ടങ്ങള്‍ കാണാനുമുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ രാജ്യം ഏറെ മുന്നോട്ടുപോയിയെന്നും തരൂര്‍ പറഞ്ഞു.

പ്രധാനമന്ത്രിയെ, 'കരിസ്മാറ്റിക് ലീഡര്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അടിയന്തരാവസ്ഥ കാലത്തെ ഇന്ദിരാഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും പ്രവൃത്തികള്‍ അക്കമിട്ട് നിരത്തി ലേഖനമെഴുതി വിവാദം സൃഷ്ടിച്ച ശശി തരൂര്‍, കോണ്‍ഗ്രസ്സിന് വീണ്ടും തലവേദനയാവുകയാണ്.

2015-ല്‍, ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിയനില്‍ നടത്തിയ പ്രസംഗത്തിലും ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തിയിരുന്നു. ഈ പ്രസംഗത്തില്‍, ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത് ഇന്ത്യയ്ക്ക് സംഭവിച്ച സാമ്പത്തിക ചൂഷണങ്ങളെക്കുറിച്ചും നഷ്ടങ്ങളെക്കുറിച്ചും തരൂര്‍ ശക്തമായി വാദിച്ചിരുന്നു. ഇന്ത്യക്ക് നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആവശ്യം.

ഈ പ്രസംഗം വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയില്‍ ഉടനീളം ഇത് ചര്‍ച്ചയായി. അന്ന് നരേന്ദ്ര മോഡി ഈ പ്രസംഗത്തെ അഭിനന്ദിച്ചു. ഇത് ഇന്ത്യയുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് പറയുകയും ചെയ്തു.

അടുത്തിടെ, വേറെയും ചില വേദികളില്‍ ശശി തരൂര്‍, മോഡിയെയും അദ്ദേഹത്തിന്റെ ചില നയങ്ങളെയും പ്രശംസിച്ചിട്ടുണ്ട്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ക്കും വഴിവെച്ചു. ഈ പ്രശംസകള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണോ അതോ ഒരു രാഷ്ട്രീയ നീക്കമാണോ എന്ന് പലരും സംശയിക്കുന്നുണ്ട്.

ബി ജെ പിയിലേക്ക് പോകാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും വ്യാഖ്യാനങ്ങളുണ്ട്. എന്നാല്‍ താന്‍ കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കും എന്ന നിലപാടിലാണ് അദ്ദേഹം. കോണ്‍ഗ്രസാകട്ടെ പുറത്താക്കി ഒരു'രക്തസാക്ഷി' പരിവേഷം കൊടുക്കാനും തയ്യാറല്ല. പോകുന്നെങ്കില്‍, പോകട്ടെ എന്ന തന്ത്രം സ്വീകരിക്കുകയാണ് അവര്‍. അതല്ലാതെ കോണ്‍ഗ്രസ്സിനു മുന്നില്‍ വെറെ വഴികളുമില്ല.