ബാങ്കോക്ക്: തായ്‌ലൻഡും കംബോഡിയയും തമ്മിൽ നിലവിലുള്ള വെടിനിർത്തൽ കരാർ കംബോഡിയ ലംഘിച്ചുവെന്ന് തായ്‌ലൻഡ് ആരോപിച്ചു. അതിർത്തിക്കപ്പുറത്ത് നിന്നുള്ള മോർട്ടാർ ഷെൽ ആക്രമണത്തിൽ തങ്ങളുടെ സൈനികർക്ക് പരിക്കേറ്റുവെന്നുമാണ് തായ് സൈന്യത്തിന്റെ ആരോപണം. എന്നാൽ സംഭവം ഒരു അപകടം മാത്രമാണെന്ന് കംബോഡിയ പ്രതികരിച്ചു. തായ്‌ലൻഡിലേക്ക് വെടിയുതിർക്കാനുള്ള യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ലെന്നും സംഭവത്തിൽ തങ്ങളുടെ രണ്ട് സൈനികർക്കും പരിക്കേറ്റതായും ഫ്നോംപെൻ വ്യക്തമാക്കി.
ഡിസംബർ 27-ന് മൂന്ന് ആഴ്ച നീണ്ട സംഘർഷങ്ങൾക്കുശേഷമാണ് ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാറിൽ എത്തിയത്. അതിന് പത്ത് ദിവസം പിന്നിടുന്നതിനിടെയാണ് പുതിയ വിവാദം.
“കംബോഡിയ വെടിനിർത്തൽ കരാർ ലംഘിച്ചിരിക്കുന്നു,” എന്ന് തായ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. കംബോഡിയൻ സേന ഉബോൺ റാച്ചതാനി പ്രവിശ്യയിലേക്ക് മോർട്ടാർ ഷെല്ലുകൾ പ്രയോഗിച്ചുവെന്നും ഷ്രാപ്‌നൽ തട്ടി ഒരു സൈനികന് പരിക്കേറ്റുവെന്നും തായ് സൈന്യം ആരോപിച്ചു.
ഇതിനെ തുടർന്ന് കംബോഡിയൻ പ്രതിരോധ മന്ത്രാലയ വക്താവ് ലെഫ്റ്റനന്റ് ജനറൽ മാലി സൊചേതാ പ്രസ്താവന പുറത്തിറക്കി. ചൊവ്വാഴ്ച രാവിലെ 7.27ന് പ്രിയ വിഹാർ പ്രവിശ്യയിലെ മൊം ബെയിൽ നടന്ന സംഭവം, കംബോഡിയൻ സൈനികർ തങ്ങളുടെ പ്രദേശത്തിനുള്ളിൽ നിലയുറപ്പിച്ച മേഖലകളിൽ സംഘടനാപരവും ക്രമസമാധാനപരവുമായ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് ഉണ്ടായതെന്ന് അവർ പറഞ്ഞു.
“അതേ സമയത്ത് ഒരു മാലിന്യകൂമ്പാരത്തിൽ നിന്ന് പൊട്ടിത്തെറി ഉണ്ടായി. ഇതിന്റെ ഫലമായി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് കംബോഡിയൻ സൈനികർക്കാണ് പരിക്കേറ്റത്,” സൊചേതാ വ്യക്തമാക്കി.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് കംബോഡിയയ്ക്ക് മുന്നറിയിപ്പ് നൽകിയതായും തായ് സൈന്യം വ്യക്തമാക്കി.
തായ്‌ലൻഡ്, കംബോഡിയ, ലാവോസ് എന്നീ രാജ്യങ്ങളുടെ അതിർത്തികൾ സംഗമിക്കുന്ന ‘എമറാൾഡ് ട്രയാംഗിൾ’ എന്നറിയപ്പെടുന്ന അതിർത്തി മേഖലയ്ക്ക് സമീപമാണ് പൊട്ടിത്തെറി ഉണ്ടായതെന്നും സംഭവത്തെക്കുറിച്ച് ഇരുരാജ്യങ്ങളിലെയും അതിർത്തി ഏകോപന സംഘങ്ങൾ ചേർന്ന് ഇടപെട്ടതായും സൊചേതാ കൂട്ടിച്ചേർത്തു. തായ്‌ലൻഡ് നടത്തിയെന്ന് പറയുന്ന ആക്രമണത്തെക്കുറിച്ച് അവർ പ്രതികരിച്ചില്ല.
കഴിഞ്ഞ വർഷം നവംബറിൽ വിവാദ അതിർത്തി പ്രദേശത്ത് കംബോഡിയ സ്ഥാപിച്ചതായി ആരോപിക്കപ്പെടുന്ന ലാൻഡ്‌മൈൻ പൊട്ടിത്തെറിച്ച് ഒരു തായ് സൈനികന് പരിക്കേറ്റതോടെയാണ് ഇരുരാജ്യങ്ങൾക്കിടയിലെ പുതിയ സംഘർഷങ്ങൾ ആരംഭിച്ചത്. ഈ ആരോപണം കംബോഡിയ നിഷേധിച്ചിരുന്നുവെങ്കിലും, പിന്നീട് സൈനികൻ മരണമടഞ്ഞതോടെ തായ്‌ലൻഡ് വ്യോമാക്രമണം നടത്തുകയും, ഇതാണ് അടുത്തിടെ നടന്ന സംഘർഷങ്ങൾക്ക് കാരണമായതെന്നും റിപ്പോർട്ടുകൾ പറയുന്നു.
