ബന്ദിമോചന കരാര്‍ ചര്‍ച്ചകളില്‍ ശുഭപ്രതീക്ഷയുമായി യുഎസ്; ബൈഡന്‍-നെതന്യാഹു കൂടൂക്കാഴ്ച ഇന്ന്

ബന്ദിമോചന കരാര്‍ ചര്‍ച്ചകളില്‍ ശുഭപ്രതീക്ഷയുമായി യുഎസ്; ബൈഡന്‍-നെതന്യാഹു കൂടൂക്കാഴ്ച ഇന്ന്


വാഷിംഗ്ടണ്‍: ബന്ദി മോചനത്തോടനുബന്ധിച്ച് ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള കരാര്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇത് സംബന്ധിച്ച ചര്‍ച്ച നടത്തുമെന്നും മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഉദ്യോഗസ്ഥന്‍, ശേഷിക്കുന്ന തടസ്സങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂവെന്നും അടുത്തയാഴ്ച ഇസ്രായേലും ഹമാസും തമ്മില്‍ ഒരു കരാറിലെത്താന്‍ ലക്ഷ്യമിട്ടുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും വ്യക്തമാക്കി.

വെടിനിര്‍ത്തലും ബന്ദി മോചനവുമായി ബന്ധപ്പെട്ട് ഇസ്രയേലിനും ഹമാസിനും ഇടയില്‍ ഇനിയും ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ടെന്നും എന്നാല്‍ 42 ദിവസത്തെ വെടിനിര്‍ത്തല്‍ കാലയളവില്‍ സ്ത്രീകളെയും പ്രായമായ പുരുഷന്മാരെയും പരിക്കേറ്റ ബന്ദികളെയും മോചിപ്പിക്കുന്നതിന് പകരമായി ആറാഴ്ചത്തെ വെടിനിര്‍ത്തല്‍ നടപ്പിലാക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഹമാസിന്റെ പിടിയിലുള്ളത് 120 ബന്ദികളാക്കിയിരുന്നുവെന്നും ഇവരില്‍ മൂന്നിലൊന്ന് പേര്‍ മരിച്ചതായുമാണ് ഇസ്രായേല്‍ പറയുന്നത്.

അതേസമയം ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനും ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനുമായി നിര്‍ദിഷ്ട മൂന്നുഘട്ട വെടിനിര്‍ത്തലിനായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുക എന്ന ലക്ഷ്യത്തോടെ വ്യാഴാഴ്ച ഈജിപ്ത്, ഇസ്രായേല്‍, അമേരിക്ക, ഖത്തര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ദോഹയില്‍ കൂടിക്കാഴ്ച നടത്തും.

ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലിലേക്ക് ഇരച്ചുകയറിയ ഹമാസ് പ്രവര്‍ത്തകര്‍, 1,200 പേരെ കൊല്ലുകയും 250 പേരെ ബന്ദികളാക്കി കടത്തുകയും ചെയ്തിരുന്നു. പ്രത്യാക്രമണത്തിന് ഇറങ്ങിയ ഇസ്രായേല്‍ ഗാസയില്‍ ഇതുവരെ 38,000ത്തിലധികം ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ട്.