തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ മസ്‌കിന്റെ ശ്രമമെന്ന ആരോപണവുമായി ജര്‍മനി

തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ മസ്‌കിന്റെ ശ്രമമെന്ന ആരോപണവുമായി ജര്‍മനി


ബെര്‍ലിന്‍: തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനിയുടെ (എ എഫ് ഡി) സഹായത്തോടെ രാജ്യത്തെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ എലോണ്‍ മസ്‌ക് ശ്രമിക്കുന്നതായി ജര്‍മ്മന്‍ സര്‍ക്കാറിന്റെ ആരോപണം. 

'ഫെഡറല്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഇലോണ്‍ മസ്‌ക് ശ്രമിക്കുന്നത് സത്യമാണ്' എന്ന് സര്‍ക്കാര്‍ വക്താവ് ക്രിസ്റ്റ്യന്‍ ഹോഫ്മാന്‍ പറഞ്ഞു.

എക്‌സില്‍ എലോണ്‍ മസ്‌ക് എഴുതുന്ന അഭിപ്രായങ്ങളും വാരാന്ത്യത്തില്‍ എ എഫ് ഡിയെ പിന്തുണച്ച് പ്രസിദ്ധീകരിച്ച അഭിപ്രായത്തിനും മറുപടിയായാണ് ക്രിസ്റ്റ്യന്‍ ഹോഫ്മാന്‍ ഇക്കാര്യം പറഞ്ഞത്. 

തന്റെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ മസ്‌കിന് സ്വാതന്ത്ര്യമുണ്ടെങ്കിലും ആഭ്യന്തര ഇന്റലിജന്‍സ് വലതുപക്ഷ തീവ്രവാദികളാണെന്ന് നിരീക്ഷിക്കുന്ന ഒരു പാര്‍ട്ടിക്ക് വോട്ടുചെയ്യാനാണ് മസ്‌ക് ശിപാര്‍ശ നടത്തിയിരിക്കുന്നതെന്നും ഹോഫ്മാന്‍ പറഞ്ഞു. 

ജര്‍മനിയുടെ അവസാന പ്രതീക്ഷയാണെന്നാണ് വെല്‍റ്റ് ആം സോണ്‍ടാഗ് പത്രത്തിന്റെ അതിഥി കോളത്തില്‍ മസ്‌ക് എ എഫ് ഡിയെ വിശേഷിപ്പിച്ചിരിക്കുന്നത്. യു എസിന്റെ അടുത്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഉപദേശകനായി മസ്‌കിനെ നിയമിച്ചിട്ടുണ്ട്. മസ്‌കിന്റെ അഭിപ്രായം പുറത്തു വന്നതിന് പിന്നാലെ പത്രത്തിന്റെ കമന്ററി എഡിറ്റര്‍ പ്രതിഷേധിച്ച് രാജിവച്ചിരുന്നു.

ജര്‍മ്മന്‍ ഭാഷയില്‍ എഴുതിയ ലേഖനത്തില്‍ മസ്‌ക് എ എഫ് ഡിയെ ന്യായീകരിച്ചു. എ എഫ് ഡിയെ വലതുപക്ഷ തീവ്രവാദിയായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും പാര്‍ട്ടിയുടെ നേതാവായ ആലീസ് വെയ്ഡലിന് ശ്രീലങ്കയില്‍ നിന്നും ഒരു സ്വവര്‍ഗ പങ്കാളിയുണ്ടെന്ന് കണക്കിലെടുക്കുമ്പോള്‍ എങ്ങനെയാണ് ഹിറ്റ്‌ലറെ പോലെ തോന്നുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. 

ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ഫെബ്രുവരി 23ന് ജര്‍മ്മനി പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടെയാണ് വിവാദം.

മസ്‌കിന്റെ രാഷ്ട്രീയ പരാമര്‍ശങ്ങളുടെ പേരില്‍ ജര്‍മ്മനിയില്‍ നിന്ന് വിമര്‍ശനം നേരിടുന്നത് ഇതാദ്യമല്ല. 'എ എഫ് ഡിക്ക് മാത്രമേ ജര്‍മ്മനിയെ രക്ഷിക്കാന്‍ കഴിയൂ' എന്ന് അദ്ദേഹം മുമ്പ് എക്‌സില്‍ എഴുതിയിരുന്നു. 

കഴിഞ്ഞ മാസം മസ്‌ക് ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെ എക്സില്‍ 'വിഡ്ഢി' എന്നാണ് വിശേഷിപ്പിച്ചത്. മാത്രമല്ല ജര്‍മ്മന്‍ രാഷ്ട്രീയത്തിലെ തന്റെ ഇടപെടലിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. 

അഭിപ്രായ വോട്ടെടുപ്പില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് എ എഫ് ഡി. തെരഞ്ഞെടുപ്പില്‍ എ എഫ് ഡിയുടെ ശക്തമായ പ്രകടനം സഖ്യം കെട്ടിപ്പടുക്കുന്നത് സങ്കീര്‍ണ്ണമാക്കും. കാരണം മുഖ്യധാരാ പാര്‍ട്ടികള്‍ എ എഫ് ഡിയുമായി സംസ്ഥാന തലത്തിലോ ഫെഡറല്‍ തലത്തിലോ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.