അമൃത്സറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശ്രീലങ്കന്‍ സഞ്ചാരികളെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ രക്ഷപ്പെടുത്തി

അമൃത്സറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശ്രീലങ്കന്‍ സഞ്ചാരികളെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ രക്ഷപ്പെടുത്തി


അമൃത്സര്‍ : തട്ടിക്കൊണ്ടുപോയ രണ്ട് ശ്രീലങ്കന്‍ സഞ്ചാരികളെ അതിനാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ രക്ഷപ്പെടുത്തി അമൃത്സര്‍ പൊലീസ്. രണ്ടു പേരെ അറസ്റ്റ് ചെയ്തു. ശ്രീലങ്കയില്‍ നിന്നെത്തിയ ആറു സഞ്ചാരികളുടെ സംഘത്തിലെ രണ്ട് പേരെയാണ് തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടുപോയവര്‍ എണ്ണായിരം ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതായും അമൃത്സര്‍ പൊലീസ് അറിയിച്ചു.

ജെഹാന്‍, കര്‍ബിക, ലളിത്പിയാന്ത, കനിഷ്‌ക, സുമാര്‍ധന്‍, നിലുജതിന്‍ എന്നിവരാണ് വിനോദസഞ്ചാരത്തിനായി ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലെത്തിയത്. ഡല്‍ഹിയിലുണ്ടായിരുന്ന മറ്റൊരു ശ്രീലങ്കക്കാരന്‍ അസിത കൂടി എത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞതെന്ന് അമൃത്സര്‍ പൊലീസ് കമ്മിഷണര്‍ ഗുര്‍പ്രീത് സിങ് ഭുല്ലാര്‍ പറഞ്ഞു. ആദ്യമായി കണ്ട ഇയാള്‍ക്കൊപ്പം സംഘം അമൃത്സറിലേക്ക് പോകാന്‍ തയാറായി. അല്‍ബേനിയയിലേക്ക് തൊഴില്‍ വിസ നല്‍കാമെന്ന വാഗ്ദാനം വിശ്വസിച്ചാണ് സംഘം ഇയാള്‍ക്കൊപ്പം കൂടിയത്.

തങ്ങളെ കാത്തിരിക്കുന്ന കെണി മനസിലാകാതെ ഇവര്‍ അസിതയോടൊപ്പം അമൃത്സറിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. അങ്കിത്, ഇന്ദ്രജിത് സിങ് എന്നിവര്‍ ഇവരുടെ വിശ്വാസം ആര്‍ജിക്കുകയും രണ്ട് പേരെ ഇവരുടെ കൂട്ടത്തില്‍ നിന്ന് തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീയെയും പുരുഷനെയുമാണ് ഹോട്ടലില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.

ഇവരെ മറ്റൊരു ഹോട്ടലില്‍ കൊണ്ടുപോയി പാര്‍പ്പിക്കുകയും ഒപ്പം ഉണ്ടായിരുന്നവരോട് 8000 ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നുവെന്നും പൊലീസ് കമ്മിഷണര്‍ പറഞ്ഞു. സംഭവം പുറത്തു വന്നതോടെ അമൃത്സര്‍ പൊലീസ് അടിയന്തര അന്വേഷണം ആരംഭിച്ചു. ഹോഷിയാര്‍പൂര്‍ പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണം തുടങ്ങിയത്. ഫോണുകള്‍ ട്രെയ്സ് ചെയ്താണ് ഇവരെ പിടികൂടിയത്.

കേസില്‍ മൂന്നാം പ്രതിയെ കൂടി പിടികൂടേണ്ടതുണ്ട്. ശ്രീലങ്കന്‍ സഞ്ചാരികള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മിഷണര്‍ ഭുല്ലാര്‍ വ്യക്തമാക്കിയിട്ടുണ്ട്.