ഹസീന എല്ലാം നശിപ്പിച്ചു; തെരഞ്ഞെടുപ്പ് നടക്കുംമുമ്പ് പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കണമെന്ന് യൂനുസ്

ഹസീന എല്ലാം നശിപ്പിച്ചു; തെരഞ്ഞെടുപ്പ് നടക്കുംമുമ്പ് പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കണമെന്ന് യൂനുസ്


ധാക്ക: ശൈഖ് ഹസീനയുടെ ഭരണകൂടമാണ് ബംഗ്ലാദേശിലെ എല്ലാം നശിപ്പിച്ചതിന് ഉത്തരവാദിയെന്ന് ഇടക്കാല ഗവണ്‍മെന്റിന്റെ തലവന്‍ മുഹമ്മദ് യൂനുസ്. 

ഭരണഘടനാപരവും നീതിന്യായപരവുമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന ശേഷം മാത്രമേ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തുകയുള്ളുവെന്നും  യൂനുസ് പറഞ്ഞു.

ഹസീനയുടെ 15 വര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തിന്റെ ഭരണഘടന പൂര്‍ണ്ണമായും തകര്‍ന്നതായും ജനാധിപത്യം, സാമ്പത്തിക സ്ഥിരത, പൊതുവിശ്വാസം എന്നിവ പുനഃസ്ഥാപിച്ചുകൊണ്ട് അത് പുനര്‍നിര്‍മ്മിക്കുക എന്ന വലിയ ദൗത്യമാണ് വന്നുചേര്‍ന്നിരിക്കുന്നതെന്നും നിക്കി ഏഷ്യയുമായി സംസാരിക്കവെ യൂനുസ് പറഞ്ഞു. 

തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുമ്പ് സമ്പദ്വ്യവസ്ഥ, ഭരണം, ബ്യൂറോക്രസി, ജുഡീഷ്യറി എന്നിവയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ ബംഗ്ലാദേശ് അവതരിപ്പിക്കേണ്ടതുണ്ടെന്ന് 84കാരനായ നൊബേല്‍ സമ്മാന ജേതാവ് കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈം ട്രിബ്യൂണലിലെ വിചാരണ അവസാനിച്ചതിന് ശേഷം ഹസീനയെ വിട്ടുകിട്ടാന്‍ ഇന്ത്യയോട് അഭ്യര്‍ഥിക്കുമെന്നും യൂനുസ് പറഞ്ഞു.

ഇരു രാജ്യങ്ങളും ഒപ്പുവെച്ച അന്താരാഷ്ട്ര നിയമമനുസരിച്ച് അത് പാലിക്കാന്‍ ഇന്ത്യ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദുക്കളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന ആശങ്ക വസ്തുതാധിഷ്ഠിതമല്ലെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു.

ഇന്ത്യയിലെ പ്രതിഷേധക്കാര്‍ കോണ്‍സുലാര്‍ സ്ഥാപനത്തിന് നേരെ നടത്തിയ അതിക്രമത്തിന് ശേഷം അഗര്‍ത്തലയിലെ കോണ്‍സുലാര്‍ സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചതിന് ശേഷം ബംഗ്ലാദേശ് ഇന്ത്യന്‍ പ്രതിനിധിയെ വിദേശകാര്യ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു.

ഓഗസ്റ്റില്‍ ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യയില്‍ അഭയം പ്രാപിച്ചതുമുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അതിനുശേഷം അയല്‍രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ന്യൂഡല്‍ഹി ആശങ്ക ഉന്നയിച്ചു. കഴിഞ്ഞയാഴ്ച ഹിന്ദു സന്യാസി ചിന്‍മോയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തതോടെയാണ് പ്രശ്‌നം കൂടുതല്‍ രൂക്ഷമായത്.

തെരഞ്ഞെടുപ്പ് സമ്പ്രദായം, ഭരണഘടന, ജുഡീഷ്യറി തുടങ്ങിയ മേഖലകളിലെ പരിഷ്‌കാരങ്ങള്‍ക്കായി ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ വിവിധ കമ്മീഷനുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് യൂനുസ് അഭിമുഖത്തില്‍ പറഞ്ഞു.

കമ്മീഷനുകളുടെ ശിപാര്‍ശ ലഭിച്ചശേഷം ജനുവരിയോടെ സമ്പൂര്‍ണ പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഈ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ സമയമെടുക്കും, കാരണം ഞങ്ങള്‍ ആദ്യം മുതല്‍ പുതിയ ബംഗ്ലാദേശ് നിര്‍മ്മിക്കുകയാണ്,'' യൂനസ് പറഞ്ഞു. ഭാവി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും അദ്ദേഹം സ്വയം ഒഴിഞ്ഞു നില്‍ക്കുന്ന തരത്തിലുള്ള മറുപടിയാണ് ചോദ്യത്തിന് നല്‍കിയത്. 

താന്‍ രാഷ്ട്രീയക്കാരനല്ലെന്നും എപ്പോഴും രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും  ഹസീനയുടെ 15 വര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തിന്റെ ഭരണ ഘടന പൂര്‍ണ്ണമായും തകര്‍ന്നതിനാല്‍ ജനാധിപത്യവും സാമ്പത്തികവും പുനഃസ്ഥാപിച്ചുകൊണ്ട് അത് പുനര്‍നിര്‍മ്മിക്കുക എന്ന വലിയ ദൗത്യം വന്നിരിക്കുകയാണെന്നും  അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

ശൈഖ് ഹസീനയുടെ ഭരണത്തിന്‍ കീഴില്‍ ജനാധിപത്യ തത്വങ്ങള്‍ പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്ന് തവണ വോട്ടര്‍ പങ്കാളിത്തമില്ലാതെ അവര്‍ വ്യാജ തെരഞ്ഞെടുപ്പുകള്‍ നടത്തി,.തന്നെയും തന്റെ പാര്‍ട്ടിയെയും എതിരില്ലാതെ വിജയികളായി പ്രഖ്യാപിക്കുകയും ഒരു ഫാസിസ്റ്റ് ഭരണാധികാരിയായി പ്രവര്‍ത്തിക്കുകയും ചെയ്തു'വെന്നും യൂനുസ് കൂട്ടിച്ചേര്‍ത്തു.