അഞ്ച് സ്ത്രീകളെ ബലാൽസംഗം ചെയ്തു: ആസ്‌ട്രേലിയയിലെ ഹിന്ദു കൗൺസിൽ വക്താവിന് 40 വർഷം കഠിന തടവ്

അഞ്ച് സ്ത്രീകളെ ബലാൽസംഗം ചെയ്തു: ആസ്‌ട്രേലിയയിലെ ഹിന്ദു കൗൺസിൽ വക്താവിന് 40 വർഷം കഠിന തടവ്


സിഡ്‌നി: അഞ്ച് കൊറിയൻ സ്ത്രീകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ ആസ്‌ട്രേലിയയിലെ ഹിന്ദു കൗൺസിൽ വക്താവിന് 40 വർഷം കഠിന തടവ്. മുൻ ഐ.ടി കൺസൾട്ടന്റ്കൂടിയായ 44കാരൻ ബലേഷ് ധൻകറിനെയാണ് സിഡ്‌നിയിലെ ഡൗനിങ് സെന്റർ ജില്ല കോടതി ശിക്ഷിച്ചത്. 30 വർഷത്തേക്ക് ഇയാൾക്ക് പരോൾ നൽകരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

അബോധാവസ്ഥയിൽ മാരകമായി പരിക്കേൽപിച്ചാണ് 21 മുതൽ 27 വയസ്സുവരെയുള്ള സ്ത്രീകളെ ഇയാൾ ബലാത്സംഗം ചെയ്തത്. വ്യാജ തൊഴിൽ പരസ്യങ്ങൾ നൽകി സ്ത്രീകളെ വശീകരിക്കുകയും സിഡ്‌നിയിലെ വീട്ടിലെത്തിച്ച് ലഹരി മരുന്ന് നൽകി പീഡിപ്പിക്കുകയുമായിരുന്നു. നഗ്‌നദൃശ്യങ്ങൾ പകർത്തി ഇരകളെ ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയതായും കോടതി കണ്ടെത്തി. ദുർബലരായ സ്ത്രീകൾക്കെതിരെ നടന്ന ആസൂത്രിതവും ഭയാനകവുമായ പീഡനമാണിതെന്ന് കോടതി വിലയിരുത്തി.

2006ൽ വിദ്യാർഥിയായി ആസ്‌ട്രേലിയയിലെത്തിയ ധൻകർ, ആസ്‌ട്രേലിയയിൽ ബി.ജെ.പി ഘടകം സ്ഥാപിച്ചിരുന്നു. എ.ബി.സി, ബ്രിട്ടീഷ് അമേരിക്കൻ ടൊബാകോ, ടൊയോട്ട, സിഡ്‌നി ട്രെയിൻസ് തുടങ്ങിയ കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. 2018ൽ അറസ്റ്റ് ചെയ്യപ്പെട്ട ഇയാൾക്കെതിരെ 39 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.