ന്യൂഡല്‍ഹി: അടുത്ത മാസം ഇന്ത്യയും ചൈനയും നേരിട്ടുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയും ചൈനയും വ്യോമഗതാഗതം പുനഃരാരംഭിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയ നയ ബന്ധങ്ങള്‍ പുന:രാരംഭത്തെക്കുറിച്ചുള്ള സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നത്.
കോവിഡ് 19 വ്യാപനത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമ ഗതാഗതം നിര്‍ത്തിയിരിക്കുകയായിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് തയ്യാറാകാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് അവസാനം ചൈനയില്‍ നടക്കാനിരിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ് സി ഒ) ഉച്ചകോടിയില്‍ ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
കോവിഡിന് ശേഷം ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതോടെ ഹോങ്കോംഗ്, സിംഗപ്പൂര്‍ വഴിയാണ് ഇരുരാജ്യങ്ങളിലുള്ളവരും സഞ്ചരിച്ചിരുന്നത്.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ വന്‍തോതിലുള്ള തീരുവ ചുമത്തുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ന്യൂഡല്‍ഹി റഷ്യന്‍ എണ്ണ വാങ്ങുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് യു എസ് തീരുവ ഇരട്ടിയാക്കിയത്. ഇതോടെ റഷ്യയും ചൈനയും ഇന്ത്യയുമായി കൂടുതല്‍ അടുക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്. ട്രംപിന്റെ താരിഫുകള്‍ക്കെതിരെ ചൈന കഴിഞ്ഞ ആഴ്ച ഇന്ത്യയെ പിന്തുണച്ചിരുന്നു. ഇന്ത്യയുടെ പരമാധികാരം ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്നും മറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ വിദേശനയ തെരഞ്ഞെടുപ്പുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നുമാണ് ചൈന പറഞ്ഞു.
സെപ്റ്റംബര്‍ 1 മുതല്‍ ഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കുള്ള നോണ്‍- സ്റ്റോപ്പ് വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ചൈനയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പ്രഖ്യാപിക്കുന്നതെന്നതും ശ്രദ്ധേയമാണ്.