കുവൈത്ത് വിമാനത്താവളത്തിലെ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു; ഇറാനെതിരെ ഇന്ത്യയുടെ പ്രതിഷേധം

കുവൈത്ത് വിമാനത്താവളത്തിലെ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു; ഇറാനെതിരെ ഇന്ത്യയുടെ പ്രതിഷേധം


കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റ സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്കിടെ സാധാരണ ജനങ്ങളെയും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ കുടുംബത്തോട് വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവർക്ക് ഇന്ത്യൻ എംബസി എല്ലാ സഹായവും നൽകുന്നുണ്ടെന്നും കുവൈത്ത് അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. മേഖലയിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും ജാഗ്രതയിലാണെന്നും ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.

ബുധനാഴ്ച രാത്രിയാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ-1നെ ലക്ഷ്യമിട്ട് ഡ്രോണുകൾ ആക്രമിച്ചത്. ആക്രമണത്തിൽ ടെർമിനലിന് സാരമായ നാശനഷ്ടമുണ്ടാകുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തുടർന്ന് വിമാനത്താവളത്തിലെ എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. എത്തിച്ചേരേണ്ട വിമാനങ്ങൾ സമീപ പ്രദേശങ്ങളിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.

സംഭവത്തെ 'കുറ്റകരമായ ഇറാനിയൻ ആക്രമണം' എന്നാണ് കുവൈത്ത് പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്. പരുക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

അതേസമയം, ബഹ്രൈനിനെ ലക്ഷ്യമിട്ട് നടത്തിയ മറ്റൊരു ഇറാനിയൻ ആക്രമണം അമേരിക്കയും ബഹ്രൈനും ചേർന്ന് ചെറുത്തതായി റിപ്പോർട്ടുകളുണ്ട്. ബഹ്രൈനിലേക്ക് എത്തിയ മിസൈലുകളും ഡ്രോണുകളും സുരക്ഷാസേന തകർത്തതായി ഇരുരാജ്യങ്ങളും അറിയിച്ചു.

ഏപ്രിൽ 8ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ സംഭവങ്ങളിലൊന്നായാണ് പുതിയ ആക്രമണങ്ങൾ വിലയിരുത്തപ്പെടുന്നത്. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ സൈനിക നടപടികൾക്ക് പിന്നാലെ ആരംഭിച്ച സംഘർഷം മേഖലയിൽ വീണ്ടും രൂക്ഷമാകുമോയെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.