ബ്രിക്‌സ് ബന്ധങ്ങളെ മാറ്റിമറിക്കുന്ന ഇറാന്‍ യുദ്ധവും പുറത്തുവരുന്ന ഭിന്നതകളും

ബ്രിക്‌സ് ബന്ധങ്ങളെ മാറ്റിമറിക്കുന്ന ഇറാന്‍ യുദ്ധവും പുറത്തുവരുന്ന ഭിന്നതകളും


ലോകത്തെ ശക്തരായ നേതാക്കളില്‍ പലരും ഈ വാരാന്ത്യത്തില്‍ ന്യൂഡല്‍ഹിയില്‍ ഒത്തുകൂടിയപ്പോള്‍, ബ്രിക്‌സ് കൂട്ടായ്മയിലെ രാജ്യങ്ങള്‍ക്കിടയിലെ പുതിയ നയതന്ത്ര സമവാക്യങ്ങള്‍ക്കും അഭിപ്രായഭിന്നതകള്‍ക്കും കൂടി ഉച്ചകോടി വേദിയായി.

വിശാലമായ വൃത്താകൃതിയിലുള്ള മേശയ്ക്കു ചുറ്റുമിരുന്ന നേതാക്കളോട് ഇനി മുതല്‍ തങ്ങള്‍ ആഗോള നിയമങ്ങള്‍ അനുസരിക്കുന്നവര്‍ മാത്രമല്ല, അവ രൂപപ്പെടുത്തുന്നവരാകണമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ തുടങ്ങിയവരാണ് ഉച്ചകോടിയില്‍ പങ്കെടുത്ത പ്രമുഖര്‍.

എന്നാല്‍ ഇവരെല്ലാം സ്വാഭാവിക സഖ്യകക്ഷികളല്ല. അതിര്‍ത്തി തര്‍ക്കങ്ങളും സൈനിക ഏറ്റുമുട്ടലുകളും ഉള്‍പ്പെടെ സങ്കീര്‍ണമായ ചരിത്രമാണ് പല രാജ്യങ്ങള്‍ക്കും പരസ്പരമുള്ളത്.

2020ല്‍ ഇന്ത്യയും ചൈനയും തര്‍ക്കത്തിലുള്ള അതിര്‍ത്തിയില്‍ ഏറ്റുമുട്ടിയിരുന്നു. മിഡില്‍ ഈസ്റ്റിലെ യുദ്ധത്തില്‍ ഇറാനും യു എ ഇയും വിരുദ്ധ ചേരികളിലായിരുന്നു. സംഘര്‍ഷം ആഗോള സമ്പദ്വ്യവസ്ഥയിലും വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. ബ്രിക്‌സ് അംഗമായ യു എ ഇക്കെതിരെ ഇറാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു.

ഇത്തരം ഭിന്നതകള്‍ നിലനില്‍ക്കുമ്പോഴും വിവിധ രാജ്യങ്ങളുടെ നേതാക്കളെ നേരിട്ട് ന്യൂഡല്‍ഹിയില്‍ ഒരുമിച്ചിരുത്താന്‍ ഇന്ത്യക്ക് കഴിഞ്ഞത് രാജ്യത്തിന്റെ നയതന്ത്ര സ്വാധീനത്തിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പരസ്പര ബന്ധങ്ങള്‍ പുനഃപരിശോധിക്കാനുള്ള അവസരവും ഉച്ചകോടി അംഗരാജ്യങ്ങള്‍ക്ക് നല്‍കി.

എന്നാല്‍ പുതിയ ആഗോള ക്രമം എങ്ങനെയായിരിക്കണം എന്ന കാര്യത്തില്‍ ഏകാഭിപ്രായത്തിലെത്തുകയും അതിന്റെ ഭാഗമായി വ്യക്തമായ ഫലങ്ങള്‍ കൈവരിക്കുകയും ചെയ്യുക അത്ര എളുപ്പമായിരുന്നില്ല. ഈ വൈരുധ്യമാണ് ഉച്ചകോടിയിലുടനീളം പ്രകടമായത്.

ചൈന, റഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ബ്രിക്‌സ് അമേരിക്കയുടെയും പാശ്ചാത്യ യൂറോപ്പിന്റെയും ആഗോള സ്വാധീനം കുറയ്ക്കാനുള്ള പ്രധാന വേദിയാണ്.

എന്നാല്‍ ബ്രിക്‌സ് പാശ്ചാത്യവിരുദ്ധ കൂട്ടായ്മയായി മാറുന്നതില്‍ ഇന്ത്യയ്ക്ക് താത്പര്യമില്ല. 'ബ്രിക്‌സ് ആരെയും എതിര്‍ക്കാനുള്ള കൂട്ടായ്മയല്ലെന്ന് മോഡി ഉച്ചകോടിയില്‍ വ്യക്തമാക്കുകയും ചെയ്തു.

പരസ്പരം വിരുദ്ധ നിലപാടുകളുള്ള രാജ്യങ്ങളുമായുള്ള ബന്ധം ഒരേസമയം നിലനിര്‍ത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ ഈ നിലപാടിന് വലിയ പ്രാധാന്യമുണ്ട്.

ബ്രിക്‌സ് പാശ്ചാത്യവിരുദ്ധ കൂട്ടായ്മയായി മാറണമെന്ന് ചില അംഗരാജ്യങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത്തരമൊരു നിലപാട് ഇന്ത്യ സ്വീകരിക്കുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞനും മുന്‍ അംബാസഡറുമായ അനില്‍ ത്രിഗുണായത്ത് പറഞ്ഞു. യുദ്ധങ്ങളുടെ കാലഘട്ടത്തില്‍ 'തന്ത്രപരമായ സ്വയംഭരണത്തിനും' അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുമാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അംഗരാജ്യങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ ശക്തമായിരിക്കെ സംയുക്ത പ്രഖ്യാപനം പുറപ്പെടുവിക്കാന്‍ കഴിഞ്ഞത് ഉച്ചകോടിയുടെ പ്രധാന നേട്ടമായി. ഈ വര്‍ഷം നേരത്തെ രണ്ടുതവണ ബ്രിക്‌സ് മന്ത്രിതല യോഗങ്ങള്‍ സംയുക്ത പ്രസ്താവനയില്ലാതെ അവസാനിച്ചിരുന്നു.

ഇത്തവണ ധാരണയിലെത്തിയെങ്കിലും അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങള്‍ ഒഴിവാക്കുകയോ വളരെ സൂക്ഷ്മമായി പരാമര്‍ശിക്കുകയോ ചെയ്താണ് സമവായം സാധ്യമാക്കിയത്.

ഉച്ചകോടിയുടെ ആദ്യദിവസം 'ന്യൂഡല്‍ഹി പ്രഖ്യാപനം' അംഗീകരിച്ചു. എന്നാല്‍ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്താതിരുന്ന കാര്യങ്ങളാണ് ഏറെ ശ്രദ്ധേയമായത്.

മിഡില്‍ ഈസ്റ്റിലെ യുദ്ധത്തില്‍ 'പരമാവധി സംയമനം' പാലിക്കണമെന്ന് പ്രഖ്യാപനം ആവശ്യപ്പെട്ടു. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും സമാധാനപരമായ ആണവ സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളെ അപലപിച്ചെങ്കിലും ഏതെങ്കിലും രാജ്യത്തെ കുറ്റപ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനിന്നു.

ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണയും പാലസ്തീനികളെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കുന്നതിനോടുള്ള എതിര്‍പ്പും പ്രഖ്യാപനത്തില്‍ ആവര്‍ത്തിച്ചു. അധിനിവേശം നിയമസാധുത നേടുകയോ നീണ്ടുനില്‍ക്കുകയോ ചെയ്യുന്ന നടപടികളെയും എതിര്‍ത്തു. എന്നാല്‍ നിലവിലുള്ള യു എന്‍ പ്രമേയങ്ങളെ അടിസ്ഥാനമാക്കി വളരെ സൂക്ഷ്മമായാണ് വിഷയം അവതരിപ്പിച്ചത്.

അതേസമയം, റഷ്യ- യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് പ്രഖ്യാപനത്തില്‍ യാതൊരു പരാമര്‍ശവുമുണ്ടായില്ല. മുന്‍ ബ്രിക്‌സ് പ്രഖ്യാപനങ്ങളില്‍നിന്നുള്ള ശ്രദ്ധേയമായ മാറ്റമാണിത്.

വ്യാപാര വിഷയത്തിലും അംഗരാജ്യങ്ങള്‍ ജാഗ്രത പുലര്‍ത്തി. 'വിവേചനരഹിതമായി വര്‍ധിപ്പിക്കുന്ന താരിഫുകള്‍' സംബന്ധിച്ച ആശങ്കയും ഏകപക്ഷീയമായ ഉപരോധങ്ങളോടുള്ള എതിര്‍പ്പും പ്രഖ്യാപനത്തില്‍ രേഖപ്പെടുത്തി. എന്നാല്‍ അമേരിക്കയെ നേരിട്ട് പേരെടുത്ത് വിമര്‍ശിച്ചില്ല.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം ഒഴിവാക്കാനാണ് ഈ സമീപനമെന്നാണ് വിലയിരുത്തല്‍. അതിര്‍ത്തി കടന്നുള്ള വ്യാപാരത്തില്‍ കേന്ദ്രബാങ്ക് ഡിജിറ്റല്‍ കറന്‍സികള്‍ പരസ്പരം ബന്ധിപ്പിക്കുന്നതടക്കമുള്ള ബ്രിക്‌സ് നിര്‍ദേശങ്ങളെ ട്രംപ് നേരത്തെ 'അമേരിക്കന്‍ വിരുദ്ധം' എന്ന് വിശേഷിപ്പിച്ചിരുന്നു.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ അപലപിച്ചപ്പോഴും ഒരു രാജ്യത്തെയും പേരെടുത്ത് പരാമര്‍ശിക്കാതിരുന്നത് ഇന്ത്യയുടെ നയതന്ത്ര സമീപനത്തിന്റെ പ്രത്യേകതയാണെന്ന് ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പിലെ മുതിര്‍ന്ന അനലിസ്റ്റ് പ്രവീണ്‍ ഡോന്തി പറഞ്ഞു. അതേസമയം താരിഫുകളെക്കുറിച്ചുള്ള ശക്തമായ പരാമര്‍ശം ഇന്ത്യയുടെ അതൃപ്തി പ്രകടിപ്പിക്കാനുള്ള അവസരമായിരുന്നിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്രംപിന്റെ വ്യാപാര ഭീഷണികളും മിഡില്‍ ഈസ്റ്റിലെ യുദ്ധവും ആഗോള ക്രമത്തില്‍ മാറ്റം ആവശ്യപ്പെടുന്ന സാഹചര്യം ശക്തമാക്കിയിരിക്കെയാണ് ബ്രിക്‌സ് ഉച്ചകോടി നടന്നത്.

അടുത്തിടെ സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമായിരുന്ന ചില കൂടിക്കാഴ്ചകള്‍ക്ക് ഉച്ചകോടി വേദിയൊരുക്കി. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും അബുദാബി കിരീടാവകാശിയും തമ്മില്‍ നേരിട്ട് കൂടിക്കാഴ്ച നടത്തി. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഇരു രാജ്യങ്ങളുടെയും ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയായിരുന്നു ഇത്.

അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക ആക്രമണങ്ങളും സാമ്പത്തിക സമ്മര്‍ദങ്ങളും നേരിടുന്ന സാഹചര്യത്തില്‍ ഇറാന്‍ ഒറ്റപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാനുള്ള അവസരമായും ഉച്ചകോടിയെ തെഹ്റാന്‍ കണ്ടു.

അമേരിക്കന്‍ ഉപരോധങ്ങളും തുറമുഖങ്ങള്‍ക്കെതിരായ നാവിക ഉപരോധവും ഉള്‍പ്പെടെയുള്ള സമ്മര്‍ദങ്ങള്‍ക്കിടെ ബ്രിക്‌സ് അംഗങ്ങളായ മലേഷ്യ, ഇന്ത്യ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളുമായി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും പെസെഷ്‌കിയാന്‍ ശ്രമിച്ചു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ന്യൂഡല്‍ഹി സന്ദര്‍ശനത്തിനും പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഷി ഇന്ത്യയിലെത്തുന്നത്.

2020ലെ അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയും ചൈനയും തമ്മില്‍ ആഴത്തിലുള്ള അവിശ്വാസം നിലനിന്നിരുന്നെങ്കിലും അടുത്തകാലത്ത് സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ട്. അതേസമയം ചൈനയ്ക്ക് അനുകൂലമായി വലിയ വ്യാപാര അസന്തുലിതാവസ്ഥ തുടരുന്നുണ്ട്.

ഷിയുമായി കൂടിക്കാഴ്ചയില്‍ മോഡി പതിവ് ആലിംഗനത്തിന് പകരം സൗഹൃദപരമായ ഹസ്തദാനം നടത്തി. 24 മണിക്കൂറില്‍ താഴെ മാത്രമാണ് ഷി ഇന്ത്യയില്‍ ചെലവഴിച്ചത്. ശനിയാഴ്ച രാത്രി മോഡി ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നിലും അദ്ദേഹം പങ്കെടുത്തില്ല.

എങ്കിലും സങ്കീര്‍ണമായ ബന്ധമുള്ള രണ്ട് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം കൂടിക്കാഴ്ച നിര്‍ണായകമായിരുന്നു. വ്യാപാരവും ഗതാഗത ബന്ധങ്ങളും ശക്തിപ്പെടുത്താനും വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കാനും ഇരു നേതാക്കളും ധാരണയിലെത്തിയതായി ഔദ്യോഗിക വിശദീകരണങ്ങളില്‍ പറയുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ സമീപകാലത്ത് ക്രമേണ പുരോഗതിയുണ്ടായിട്ടുണ്ടെന്നും സഹകരിക്കാന്‍ ഇരുവശത്തും താത്പര്യമുണ്ടെന്നും ത്രിഗുണായത്ത് പറഞ്ഞു. എന്നാല്‍ ഇത് യഥാര്‍ഥത്തില്‍ വലിയ പുരോഗതിയിലേക്ക് നയിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാശ്ചാത്യ രാജ്യങ്ങളുടെ ആധിപത്യമുള്ള സ്ഥാപനങ്ങള്‍ക്ക് പുറത്തുനിന്നുകൊണ്ട് എതിരാളികള്‍ക്ക് പരസ്പരം സംസാരിക്കാനും നയതന്ത്ര നീക്കങ്ങള്‍ നടത്താനും വേദി ഒരുക്കാന്‍ കഴിയുമെന്ന് ബ്രിക്‌സ് ഉച്ചകോടി തെളിയിച്ചു.

എന്നാല്‍ അതിനുശേഷം എന്ത് സംഭവിക്കും എന്നതാണ് പ്രധാന ചോദ്യം. പുതിയൊരു ആഗോള ക്രമത്തിന്റെ ആവശ്യം മുന്‍കാലത്തേക്കാള്‍ ശക്തമായി അംഗരാജ്യങ്ങള്‍ തിരിച്ചറിയുന്നുണ്ടെങ്കിലും നിലവിലെ സംവിധാനത്തിന് പകരം എന്ത് കൊണ്ടുവരണം, അത് എങ്ങനെ യാഥാര്‍ഥ്യമാക്കണം എന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരമില്ല.

ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലെ സഹകരണം വളരുമ്പോഴും, അവരുടെ രാഷ്ട്രീയവും സാമ്പത്തികവും തന്ത്രപരവുമായ താത്പര്യങ്ങളിലെ വ്യത്യാസങ്ങള്‍ വലിയ വെല്ലുവിളിയായി തുടരുമെന്നാണ് ഉച്ചകോടി നല്‍കുന്ന പ്രധാന സൂചന.