ന്യൂഡല്‍ഹി: ഒമാന്‍ തീരത്ത് വാണിജ്യ കപ്പലായ എം ടി എല്‍ ഗയയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യക്കാരില്‍ 13 പേരെ രക്ഷപ്പെടുത്തിയതായും ഒരാള്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ചയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. ഒമാനിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും തിരച്ചില്‍- രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒമാന്‍ അധികൃതരുമായി സജീവമായി ഏകോപനം നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യന്‍ പൗരന്മാരെ രക്ഷപ്പെടുത്തുന്നതില്‍ സഹകരിച്ച ഒമാന്‍ അധികൃതര്‍ക്ക് മന്ത്രാലയം നന്ദി അറിയിച്ചു.
മേഖലയിലെ സംഘര്‍ഷം ഉടന്‍ കുറയ്ക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ചര്‍ച്ചകളും നയതന്ത്ര ശ്രമങ്ങളും ശക്തമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. വാണിജ്യ കപ്പലുകള്‍ക്കും നാവികര്‍ക്കും സാധാരണക്കാര്‍ക്കും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മേഖലയിലെ അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും സുരക്ഷിതവുമായ കപ്പല്‍ ഗതാഗതവും വ്യാപാരത്തിന്റെ സുഗമമായ ഒഴുക്കും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം നാവികര്‍ നേരിടുന്ന ആക്രമണങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൂണ്ടിക്കാട്ടിയിരുന്നു. നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തര സഹായ ശൃംഖല രൂപീകരിക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.
ആഗോള വ്യാപാരത്തില്‍ നാവികര്‍ വഹിക്കുന്ന നിര്‍ണായക പങ്ക് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പ്രതിസന്ധി ഘട്ടങ്ങളില്‍ പലപ്പോഴും നാവികര്‍ക്ക് ആവശ്യമായ പിന്തുണ ലഭിക്കുന്നില്ലെന്ന് പറഞ്ഞു. ദുരിതസന്ദേശങ്ങള്‍, വൈദ്യസഹായം, അടിയന്തര ഒഴിപ്പിക്കല്‍, കുടുംബാംഗങ്ങളെ വിവരം അറിയിക്കല്‍ തുടങ്ങിയ സേവനങ്ങളിലൂടെ നാവിക അധികൃതരെയും നയതന്ത്ര ദൗത്യങ്ങളെയും ബന്ധിപ്പിക്കാന്‍ നിര്‍ദിഷ്ട ശൃംഖലയ്ക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനും അമേരിക്കയും ഏര്‍പ്പെടുത്തിയ ഉപരോധം മൂലം പ്രതിസന്ധിയിലായ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ നാവികര്‍ ആക്രമണത്തിനിരയായിട്ടുണ്ട്.
