വാഷിങ്ടൺ: അമേരിക്കയിലെ ലക്ഷക്കണക്കിന് താഴ്ന്ന വരുമാനക്കാരുടെ ഭക്ഷ്യസുരക്ഷയെ നേരിട്ട് ബാധിക്കുന്ന വിധത്തിൽ SNAP (Supplemental Nturition Assistance Program) ആനുകൂല്യത്തിൽ വലിയ ഇടിവ്. റിപ്പബ്ലിക്കൻ പിന്തുണയോടെ പാസാക്കിയ ' വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ' നിയമത്തിലെ മാറ്റങ്ങൾ നടപ്പാക്കുന്നതോടെ സെപ്തംബർ അവസാനത്തോടെ ഭക്ഷ്യസഹായ പദ്ധതിക്ക് പുതിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ഉയരുന്നത്.
50 ലക്ഷം പേർ പദ്ധതിക്ക് പുറത്തേക്ക്
നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ രാജ്യത്താകെ ഏകദേശം 50 ലക്ഷം പേർക്ക് SNAP ആനുകൂല്യം നഷ്ടപ്പെട്ടതായി സെന്റർ ഓൺ ബജറ്റ് ആൻഡ് പോളിസി പ്രയോറിറ്റീസ് (CBPP) കണക്കാക്കുന്നു. ഇതിൽ 15 ലക്ഷത്തിലേറെ കുട്ടികളാണ്. കർശനമാക്കിയ തൊഴിൽ വ്യവസ്ഥകളും അപേക്ഷാ നടപടികളിലെ അധിക നിയന്ത്രണങ്ങളുമാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
തൊഴിൽ ചെയ്യാൻ ശേഷിയുള്ളതും ആശ്രിതരില്ലാത്തതുമായ മുതിർന്നവർക്ക് ബാധകമായ തൊഴിൽ വ്യവസ്ഥയുടെ പ്രായപരിധി 54ൽനിന്ന് 64 ആയി ഉയർത്തിയതും നിരവധി കുടുംബങ്ങളെ ബാധിച്ചു.
സംസ്ഥാനങ്ങൾക്ക് വൻ സാമ്പത്തിക ബാധ്യത
ഒക്ടോബർ ഒന്നുമുതൽ SNAPന്റെ ഭരണച്ചെലവിന്റെ 75 ശതമാനം സംസ്ഥാനങ്ങൾ വഹിക്കണം. 2027 മുതൽ ആനുകൂല്യങ്ങളുടെ ചെലവിന്റെ ഒരു ഭാഗവും സംസ്ഥാനങ്ങൾക്ക് ഏറ്റെടുക്കേണ്ടിവരും. പണമിടപാടുകളിലെ പിശകുകളുടെ തോതനുസരിച്ച് അധിക ബാധ്യത 5 മുതൽ 15 ശതമാനം വരെയാകാം.
ഇതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾ മറ്റ് ക്ഷേമപദ്ധതികളിൽ വെട്ടിക്കുറയ്‌ക്കേണ്ട സാഹചര്യമുണ്ടാകുമെന്ന ആശങ്ക ശക്തമാണ്.
ഭക്ഷ്യബാങ്കുകൾക്ക് താങ്ങാനാകുമോ?
SNAP ആനുകൂല്യം നഷ്ടപ്പെട്ടവരുടെ എണ്ണം കൂടിയതോടെ ഭക്ഷ്യബാങ്കുകളിലെ തിരക്കും വർധിച്ചു. അരിസോണയിൽ നാല് ലക്ഷത്തിലേറെ പേർക്ക് ആനുകൂല്യം നഷ്ടപ്പെട്ടതിനു പിന്നാലെ ഭക്ഷ്യബാങ്കുകളിലെത്തുന്നവരുടെ എണ്ണവും കുത്തനെ ഉയർന്നു. ന്യൂ മെക്‌സിക്കോയിൽ ഭക്ഷണം തേടിയുള്ള നിരകൾ ഒന്നര മൈലിലേറെ നീളുന്ന സാഹചര്യമുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ ഭക്ഷ്യബാങ്കുകൾക്ക് SNAP-ന് പകരമാകാനാകില്ല എന്നതാണ് സംഘടനകളുടെ മുന്നറിയിപ്പ്. SNAP നൽകുന്ന ഓരോ ഭക്ഷണത്തിനും പകരം ഭക്ഷ്യബാങ്കുകൾക്ക് നൽകാനാകുന്നത് വളരെ കുറവാണ്.
സെപ്തംബർ 14 നിർണായകം
ചെലവ് കൈമാറ്റം വൈകിപ്പിക്കണമെന്ന് സംസ്ഥാനങ്ങളും ഭക്ഷ്യസഹായ സംഘടനകളും കോൺഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പിശകുകൾ കുറയ്ക്കാനും പുതിയ ബാധ്യതകൾ നേരിടാനും സംസ്ഥാനങ്ങൾക്ക് കൂടുതൽ സമയം നൽകണമെന്നാണ് ആവശ്യം.
അതിനിടെ, ചെലവ് കൈമാറ്റം വൈകിപ്പിക്കുന്ന നിർദേശം സെനറ്റ് അഗ്രികൾച്ചർ കമ്മിറ്റി ചെയർമാൻ ജോൺ ബൂസ്മാൻ മുന്നോട്ടുവച്ചിട്ടുണ്ട്. ഓഗസ്റ്റ് അവധിക്കുശേഷം സെപ്തംബർ 14ന് നിയമനിർമാതാക്കൾ വാഷിങ്ടണിൽ തിരിച്ചെത്തുന്നതോടെ SNAPന്റെ ഭാവി സംബന്ധിച്ച നിർണായക ചർച്ചകൾക്ക് തുടക്കമാകും.
ഭക്ഷ്യസഹായം വെട്ടിക്കുറയ്ക്കുന്നതിലൂടെ സർക്കാർ ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യവും, ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വവും തമ്മിലുള്ള സംഘർഷമാണ് SNAP പ്രതിസന്ധിയെ രാഷ്ട്രീയമായി നിർണായകമാക്കുന്നത്.
ഭക്ഷ്യസഹായ പദ്ധതിയിൽ നിന്ന് 50 ലക്ഷം പേർ പുറത്താകും; ഒക്ടോബറിൽ പുതിയ പ്രതിസന്ധിക്ക് സാധ്യത
