ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങള്‍ തകര്‍ന്നുവീണപ്പോള്‍, ലോക രാഷ്ട്രീയത്തിന്റെ ഗതിയും മാറുകയായിരുന്നു. 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണങ്ങള്‍ക്കു പിന്നാലെ അമേരിക്ക പ്രഖ്യാപിച്ച 'ഗ്ലോബല്‍ വാര്‍ ഓണ്‍ ടെറര്‍' ഭീകരതയ്ക്കെതിരായ പോരാട്ടമെന്ന പേരില്‍ ആഗോള രാഷ്ട്രീയത്തിലും സുരക്ഷാനയങ്ങളിലും വലിയ മാറ്റങ്ങള്‍ക്കാണ് തുടക്കമിട്ടത്.
എന്നാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ യുദ്ധഭൂമികളിലോ സുരക്ഷാ സംവിധാനങ്ങളിലോ മാത്രം ഒതുങ്ങിയില്ല. യൂറോപ്പിന്റെ രാഷ്ട്രീയ ഭൂപടത്തെയും അത് ആഴത്തില്‍ സ്വാധീനിച്ചു. ഒരുകാലത്ത് രാഷ്ട്രീയത്തിന്റെ അരികുകളില്‍ മാത്രം നിലനിന്നിരുന്ന യൂറോപ്പിലെ തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള അവസരം 'ഭീകരതയ്ക്കെതിരായ യുദ്ധം' ഒരുക്കിക്കൊടുത്തു.
2001ന് ശേഷം ആഗോളതലത്തില്‍ ശക്തിപ്പെട്ട ഇസ്ലാമോഫോബിക് (ഇസ്ലാംവിരുദ്ധ) രാഷ്ട്രീയ- മാധ്യമ ആഖ്യാനങ്ങള്‍ യൂറോപ്പില്‍ നേരത്തെ തന്നെ വളര്‍ന്നുകൊണ്ടിരുന്ന മുസ്ലിം വിരുദ്ധ വംശീയതയ്ക്ക് പുതിയ രാഷ്ട്രീയ സാധുത നല്‍കി. മുസ്ലിം സമൂഹത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ആശയങ്ങള്‍ ക്രമേണ രാഷ്ട്രീയത്തിന്റെ പൊതുഭാഷയുടെ ഭാഗമായി മാറി.
9/11ന് മുമ്പും വിത്തുകള്‍ പാകപ്പെട്ടിരുന്നു
സെപ്റ്റംബര്‍ 11ന് മുമ്പ് യൂറോപ്പിലെ തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ ഭൂരിഭാഗവും രാഷ്ട്രീയമായി ഒറ്റപ്പെട്ടവയായിരുന്നു. പല രാജ്യങ്ങളിലും ശ്രദ്ധേയമായ വോട്ടുവിഹിതം നേടിയിട്ടും അവരില്‍ പലര്‍ക്കും അധികാരത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയമായ അപകീര്‍ത്തിയും സാമൂഹികമായ ഒറ്റപ്പെടുത്തലും അവരെ പിന്തുടര്‍ന്നു.
യഹൂദ വിരുദ്ധത, ഫാഷിസ്റ്റ് ഭൂതകാലത്തോടുള്ള തുറന്ന ഗൃഹാതുരത, കുടിയേറ്റ വിരുദ്ധത എന്നിവയായിരുന്നു പല പാര്‍ട്ടികളുടെയും പ്രധാന അടയാളങ്ങള്‍. ഭരണത്തിന് വിശ്വസിക്കാവുന്ന രാഷ്ട്രീയ ശക്തികളായി അവരെ കണക്കാക്കിയിരുന്നില്ല.
എന്നാല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ പതുക്കെ മാറിത്തുടങ്ങി. തീവ്രവലതുപക്ഷത്തിന്റെ പഴയ വംശീയ രാഷ്ട്രീയത്തിന് പുതിയൊരു ലക്ഷ്യം ലഭിച്ചു- ഇസ്ലാം.
ഫ്രാന്‍സിലെ ഫ്രണ്ട് നാഷണല്‍ (ഇപ്പോള്‍ റാസംബ്ലെമെന്റ് നാഷണല്‍), ഓസ്ട്രിയയിലെ ഫ്രീഡം പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ ഇസ്ലാമിനെ തങ്ങളുടെ പുതിയ 'അകത്തെ ശത്രു'യായി ചിത്രീകരിക്കാന്‍ തുടങ്ങി. ഫ്രാന്‍സിലെ അറബ്, കറുത്തവര്‍ഗ സമൂഹങ്ങള്‍ തീവ്രവലതുപക്ഷ പ്രചാരണങ്ങളില്‍ 'മുസ്ലിംകള്‍' എന്ന ഒറ്റ തിരിച്ചറിയലിലേക്ക് ചുരുക്കപ്പെട്ടു. ഓസ്ട്രിയയിലെ തുര്‍ക്കി സമൂഹത്തിനും സമാനമായ വിശേഷണം ലഭിച്ചു.
1991ല്‍ തന്നെ നെതര്‍ലാന്‍ഡ്‌സിലെ പീപ്പിള്‍സ് പാര്‍ട്ടി ഫോര്‍ ഫ്രീഡം ആന്‍ഡ് ഡെമോക്രസി (വി വി ഡി) ഇസ്ലാം ഉദാര ജനാധിപത്യത്തിന് ഭീഷണിയാണെന്നും കുടിയേറ്റക്കാരുടെ 'സംയോജനത്തിന്' തടസ്സമാണെന്നും വാദിച്ചിരുന്നു.
1990കളുടെ അവസാനത്തോടെ ഡച്ച് രാഷ്ട്രീയത്തിലെ പിം ഫോര്‍ട്ടുയിന്‍ എഗയ്ന്‍സ്റ്റ് ദി ഇസ്ലാമൈസേഷന്‍ ഓഫ് ഔര്‍ കള്‍ച്ചര്‍ എന്ന പുസ്തകത്തിലൂടെ കൂടുതല്‍ തുറന്നതും കടുത്തതുമായ ഇസ്ലാംവിരുദ്ധ രാഷ്ട്രീയത്തിന് വേദിയൊരുക്കി.
അങ്ങനെ, 9/11ന് മുമ്പുതന്നെ ഒരു രാഷ്ട്രീയ അടിത്തറ രൂപപ്പെട്ടിരുന്നു.
ഒരു ആക്രമണം; മാറിയ രാഷ്ട്രീയ ഭാഷ
2001 സെപ്റ്റംബര്‍ 11ന് അല്‍ഖാഇദയിലെ 19 ഭീകരര്‍ നാല് വിമാനങ്ങള്‍ തട്ടിയെടുത്ത് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിലും പെന്റഗണിലും പെന്‍സില്‍വാനിയയിലെ ഒരു പ്രദേശത്തും ഇടിച്ചുകയറ്റി. ആക്രമണത്തില്‍ 2,977 പേര്‍ കൊല്ലപ്പെട്ടു.
തുടര്‍ന്ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് 'ഭീകരതയ്ക്കെതിരായ ആഗോള യുദ്ധം' പ്രഖ്യാപിച്ചു.
ഭീകരവാദികളെയാണ് പോരാട്ടത്തിന്റെ ലക്ഷ്യമെന്ന് ബുഷ് വ്യക്തമാക്കിയെങ്കിലും തുടര്‍ന്ന് രൂപപ്പെട്ട രാഷ്ട്രീയ പ്രഭാഷണങ്ങളും മാധ്യമ വാര്‍ത്തകളും മുസ്ലിം സമൂഹത്തെ മൊത്തത്തില്‍ സംശയത്തിന്റെ കണ്ണിലൂടെ കാണുന്ന സാഹചര്യം സൃഷ്ടിച്ചു.
ഇതോടെ യൂറോപ്പിലെ തീവ്രവലതുപക്ഷത്തിന് മുസ്ലിംവിരുദ്ധ വികാരം സ്വയം സൃഷ്ടിക്കേണ്ട ആവശ്യം കുറഞ്ഞു. രാഷ്ട്രീയ പ്രസംഗങ്ങളും മാധ്യമ പ്രചാരണങ്ങളും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നടന്ന യുദ്ധങ്ങളും ആ ജോലി വലിയ തോതില്‍ ഏറ്റെടുത്തു.
'ഇസ്ലാമിനെതിരെയല്ല, ഇസ്ലാമിന്റെ സന്ദേശത്തെ വളച്ചൊടിച്ച ഭീകരവാദികള്‍ക്കെതിരെയാണ് പോരാട്ടം' എന്ന വിശദീകരണം ഉണ്ടായിരുന്നെങ്കിലും, പ്രായോഗിക തലത്തില്‍ മുസ്ലിംകളെ സംശയത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്ന സുരക്ഷാ നയങ്ങളും സാമൂഹിക സമീപനങ്ങളും വ്യാപിച്ചു.
ഇസ്ലാം തന്നെ സ്വാഭാവികമായി അക്രമാസക്തമായ ആശയമാണെന്ന ധാരണ വളര്‍ത്തുന്ന ഒരു രാഷ്ട്രീയ ഫ്രെയിം ക്രമേണ ശക്തിപ്പെട്ടു.
'ഞങ്ങളോടൊപ്പമോ, ഭീകരര്‍ക്കൊപ്പമോ'
'നിങ്ങള്‍ ഞങ്ങളോടൊപ്പമല്ലെങ്കില്‍ ഭീകരര്‍ക്കൊപ്പമാണ്' എന്ന ബുഷിന്റെ പ്രഖ്യാപനം യൂറോപ്യന്‍ സര്‍ക്കാരുകള്‍ക്ക് വലിയ രാഷ്ട്രീയ സമ്മര്‍ദമായി.
13ലധികം യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള അഫ്ഗാനിസ്ഥാന്‍ അധിനിവേശത്തില്‍ പങ്കെടുത്തു. ബ്രിട്ടീഷ് സേന നേരിട്ടുള്ള സൈനിക നടപടികളില്‍ പ്രധാന പങ്കുവഹിച്ചു.
ഇറാഖ് അധിനിവേശത്തിലും യൂറോപ്യന്‍ രാജ്യങ്ങള്‍ പങ്കാളികളായി. ബ്രിട്ടനും പോളണ്ടും പ്രധാന സൈനിക പങ്ക് വഹിച്ചു. എന്നാല്‍ ഇത്തവണ ഫ്രാന്‍സും ജര്‍മനിയും യുദ്ധത്തെ എതിര്‍ത്തു.
യുദ്ധങ്ങള്‍ക്കൊപ്പം യൂറോപ്പിലുടനീളം മുസ്ലിം വിരുദ്ധ മാധ്യമ പ്രചാരണങ്ങളും ശക്തമായി. 'അക്രമാസക്തനും അപകടകാരിയുമായ മുസ്ലിം' എന്ന പ്രതിച്ഛായ കൂടുതല്‍ ഉറപ്പിച്ചു.
മാഡ്രിഡിലും ലണ്ടനിലും അല്‍ഖാഇദയുമായി ബന്ധമുള്ള സംഘങ്ങള്‍ നടത്തിയ ആക്രമണങ്ങള്‍ ഈ ഭീതിയെ കൂടുതല്‍ ശക്തിപ്പെടുത്തി. 'ശത്രു പുറത്തല്ല, അകത്തുതന്നെയുണ്ട്' എന്ന ആശയം വളര്‍ന്നു. മുസ്ലിം ആയിരിക്കുക തന്നെ സംശയത്തിന് കാരണമാകുന്ന സാഹചര്യം പല ഇടങ്ങളിലും രൂപപ്പെട്ടു.
സുരക്ഷയുടെ പേരില്‍ സംശയത്തിന്റെ രാഷ്ട്രീയം
യൂറോപ്പിലെ തീവ്രവലതുപക്ഷം അപ്പോഴും പല രാജ്യങ്ങളിലും അധികാരത്തില്‍ നിന്ന് അകന്നുനിന്നിരുന്നെങ്കിലും മുഖ്യധാരാ സര്‍ക്കാരുകള്‍ പല തീവ്രവാദവിരുദ്ധ നയങ്ങളും സ്വീകരിച്ചു.
'വയലന്റ് എക്‌സ്ട്രീമിസം' തടയല്‍, 'ഡീറാഡിക്കലൈസേഷന്‍' പരിപാടികള്‍ തുടങ്ങിയവ നടപ്പാക്കി. ബ്രിട്ടന്റെ പ്രിവന്റ് തന്ത്രം അതിന്റെ പ്രധാന ഉദാഹരണമായി.
രഹസ്യ സി ഐ എ തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലും ഗ്വാണ്ടനാമോ ബേയിലേക്കും മറ്റ് പീഡനകേന്ദ്രങ്ങളിലേക്കുമുള്ള തടവുകാരുടെ കൈമാറ്റത്തിലും ചില യൂറോപ്യന്‍ രാജ്യങ്ങള്‍ സഹകരിച്ചു.
ഈ നയങ്ങളുടെ പിന്നില്‍ ഒരു അപകടകരമായ ധാരണ വളര്‍ന്നു- മുസ്ലിംകളുടെ മതവിശ്വാസം തന്നെ ഭാവിയില്‍ അക്രമമായി 'സജീവമാകാവുന്ന' ഒരു ഒളിഞ്ഞ ഭീഷണിയാണെന്ന ധാരണ.
ഈ സമീപനത്തിന്റെ ഏറ്റവും കുപ്രസിദ്ധമായ പ്രതീകമായി ഗ്വാണ്ടനാമോ ബേ മാറി. നിയമപരമായ ഉറച്ച അടിസ്ഥാനമില്ലാതെ നിരപരാധികളായ നിരവധി മുസ്ലിംകളെ തടവിലാക്കിയ ഇടമായി അത് മനുഷ്യാവകാശ ചര്‍ച്ചകളില്‍ ഇടം നേടി.
'കൗണ്ടര്‍ ജിഹാദ്' എന്ന അതിര്‍ത്തി കടന്ന ശൃംഖല
'തീവ്രവാദം', 'ഭീകരത' തുടങ്ങിയ വിഷയങ്ങളില്‍ സ്വയം വിദഗ്ധരെന്ന് വിശേഷിപ്പിച്ചിരുന്ന പമേല ഗെല്ലര്‍, ഫ്രാങ്ക് ഗാഫ്‌നി, ഡാനിയല്‍ പൈപ്‌സ്, റോബര്‍ട്ട് സ്‌പെന്‍സര്‍ തുടങ്ങിയവര്‍ അമേരിക്കയില്‍ ഈ ആശയങ്ങള്‍ക്ക് രാഷ്ട്രീയ പിന്തുണ നേടിക്കൊടുത്തു.
പിന്നീട് ഇവര്‍ യൂറോപ്പിലെ ശക്തിപ്രാപിച്ചുകൊണ്ടിരുന്ന തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധം സ്ഥാപിച്ചു.
ഇങ്ങനെ രൂപപ്പെട്ട 'കൗണ്ടര്‍ ജിഹാദ് മൂവ്‌മെന്റ്' അമേരിക്കയിലെയും യൂറോപ്പിലെയും മുസ്ലിം വിരുദ്ധ സംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും എഴുത്തുകാരെയും ബ്ലോഗര്‍മാരെയും പ്രവര്‍ത്തകരെയും ബന്ധിപ്പിച്ച ഒരു അതിര്‍ത്തി കടന്ന ശൃംഖലയായി മാറി.
'പാശ്ചാത്യ സംസ്‌കാരം ഇസ്ലാമിന്റെ ആക്രമണത്തിന് ഇരയാകുന്നു' എന്ന വാദമായിരുന്നു ഈ ശൃംഖലയുടെ കേന്ദ്ര ആശയം.
2007 മുതല്‍ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും നയരൂപീകരണ മേഖലകളില്‍ ഈ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രസ്ഥാനങ്ങള്‍ ഒ എസ് സി ഇയുടെ വാര്‍ഷിക ഹ്യൂമന്‍ ഡൈമെന്‍ഷന്‍ ഇംപ്ലിമെന്റേഷന്‍ മീറ്റിംഗുകള്‍ ഉപയോഗിച്ചു.
ഓസ്ട്രിയ, ബെല്‍ജിയം, ഇംഗ്ലണ്ട്, നെതര്‍ലാന്‍ഡ്‌സ്, ജര്‍മനി, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളിലെ തീവ്രവലതുപക്ഷ നേതാക്കള്‍ യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ നടന്ന 'കൗണ്ടര്‍ ജിഹാദ്' സമ്മേളനങ്ങളില്‍ ഒത്തുചേര്‍ന്നു.
പള്ളികള്‍ക്കെതിരായ പ്രചാരണം
2010ല്‍ ന്യൂയോര്‍ക്കിലെ 'ഗ്രൗണ്ട് സീറോ മോസ്‌ക്' എന്ന് തെറ്റായി വിശേഷിപ്പിക്കപ്പെട്ട ഇസ്ലാമിക കേന്ദ്രത്തിനെതിരെ പമേല ഗെല്ലര്‍ പ്രചാരണം നടത്തുന്നതിന് മുമ്പുതന്നെ യൂറോപ്പിലെ അവരുടെ ആശയ സഖാക്കള്‍ മുസ്ലിം പള്ളികളുടെ നിര്‍മാണത്തിനെതിരെ രാജ്യാതിര്‍ത്തികള്‍ കടന്നുള്ള പ്രചാരണങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
2008ല്‍ 'സിറ്റീസ് എഗെയിന്‍സ്റ്റ് ഇസ്ലാമൈസേഷന്‍' എന്ന സംരംഭം നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം, ജര്‍മനി, ഓസ്ട്രിയ, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളിലെ തീവ്രവലതുപക്ഷ നേതാക്കളെ ഒരുമിപ്പിച്ചു. അമേരിക്കയില്‍ നിന്നുള്ള മുസ്ലിം വിരുദ്ധ പ്രവര്‍ത്തകരും ഇവരോടൊപ്പം പ്രചാരണങ്ങളില്‍ പങ്കെടുത്തു.
പതുക്കെ, ഈ മുസ്ലിംവിരുദ്ധ രാഷ്ട്രീയത്തിന് തെരഞ്ഞെടുപ്പ് നേട്ടം ലഭിച്ചു.
അരികില്‍നിന്ന് അധികാരത്തിന്റെ കേന്ദ്രത്തിലേക്ക്
ആദ്യം പ്രതിപക്ഷ ശക്തികളായി തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ വളര്‍ന്നു. പിന്നീട് അവരുടെ ആശയങ്ങളും ഭാഷയും മുഖ്യധാരാ പാര്‍ട്ടികളെ സ്വാധീനിച്ചു.
അവസാനം ഓസ്ട്രിയ മുതല്‍ ബള്‍ഗേറിയ, ഹംഗറി, നെതര്‍ലാന്‍ഡ്‌സ്, ഇറ്റലി, നോര്‍വേ, പോളണ്ട്, ഫിന്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ ദേശീയ സര്‍ക്കാരുകളുടെ സഖ്യകക്ഷികളായി അവര്‍ മാറി.
ഡെന്‍മാര്‍ക്കിലും സ്വീഡനിലും മന്ത്രിസഭയില്‍ നേരിട്ട് അംഗങ്ങളാകാതെ തന്നെ അധികാരത്തിന്റെ നിര്‍ണായക 'കിംഗ്മേക്കര്‍മാരായി' മാറി. പുറത്തുനിന്ന് സര്‍ക്കാരുകളെ പിന്തുണച്ചുകൊണ്ട് നയരൂപീകരണത്തില്‍ സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഇതിനൊപ്പം മുസ്ലിംവിരുദ്ധ നയങ്ങളും വ്യാപിച്ചു.
പല രാജ്യങ്ങളിലും മുഖം പൂര്‍ണമായി മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ചില രാജ്യങ്ങളില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ ഹിജാബ് ധരിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പള്ളികളുടെ നിര്‍മാണത്തിനും ചിലയിടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളും വിലക്കുകളും കൊണ്ടുവന്നു.
യൂറോപ്പിലെ തൊഴിലാളി വര്‍ഗത്തില്‍ അനുപാതാതീതമായ പങ്കുള്ള മുസ്ലിം സമൂഹം ഇതോടെ സാമൂഹികമായും സാമ്പത്തികമായും കൂടുതല്‍ അരികുകളിലേക്ക് തള്ളപ്പെട്ടു.
'സംയോജിക്കാത്തവര്‍' എന്നതില്‍നിന്ന് 'വിജയിച്ചാലും ഭീഷണി' എന്നതിലേക്ക്
വിദ്യാഭ്യാസത്തിലും തൊഴില്‍ മേഖലയിലും കൂടുതല്‍ മുസ്ലിംകള്‍ മുന്നേറുമ്പോഴും സംശയത്തിന്റെ രാഷ്ട്രീയഭാഷ അപ്രത്യക്ഷമായില്ല. മറിച്ച് അതിന് പുതിയ രൂപം ലഭിച്ചു.
'മുസ്ലിംകള്‍ യൂറോപ്യന്‍ സമൂഹത്തില്‍ സംയോജിക്കാന്‍ തയ്യാറല്ല' എന്ന പഴയ ആരോപണത്തിന് പകരം പുതിയൊരു വാദം ഉയര്‍ന്നു- മുസ്ലിംകള്‍ വിജയിക്കുകയും സമൂഹത്തിന്റെ ഭാഗമാവുകയും ചെയ്യുന്നതുതന്നെ ഒരു വലിയ ഭീഷണിയാണെന്ന്.
പാശ്ചാത്യ സമൂഹങ്ങളെ അകത്തുനിന്ന് തകര്‍ക്കാനുള്ള രഹസ്യ പദ്ധതികളില്‍ അവര്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിച്ചു.
'ഗ്രേറ്റ് റീപ്ലേസ്‌മെന്റ്' പോലുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളുമായി ഈ വാദങ്ങള്‍ ചേര്‍ന്നു.
ചരിത്രത്തില്‍ യഹൂദ സമൂഹത്തിന് ചുമത്തപ്പെട്ടിരുന്ന 'അകത്തെ ശത്രു' എന്ന പഴയ രാഷ്ട്രീയ രൂപകത്തിന്റെ പുതിയ പതിപ്പായി ഇത് മാറിയെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു- വിശ്വസിക്കാനാകാത്ത, എപ്പോഴും സംശയിക്കപ്പെടേണ്ട സമൂഹം.
'രാഷ്ട്രീയ ഇസ്ലാം' മുതല്‍ 'നിയമപരമായ ഇസ്ലാമിസം' വരെ
മുസ്ലിം നേതൃത്വം നല്‍കുന്ന സിവില്‍ സമൂഹ സംഘടനകളെ ലക്ഷ്യമിട്ടുകൊണ്ട് പല യൂറോപ്യന്‍ സര്‍ക്കാരുകളും ഈ സംശയത്തെ സ്ഥാപനവത്ക്കരിച്ചു.
പള്ളികളിലും എന്‍ ജി ഒകളിലും കര്‍ശന നിരീക്ഷണം, പൗരസ്വാതന്ത്ര്യങ്ങളിലെ നിയന്ത്രണം തുടങ്ങിയവ പല രാജ്യങ്ങളിലും സാധാരണ നടപടികളായി.
ഓസ്ട്രിയയില്‍ ഇതിനെ 'പൊളിറ്റിക്കല്‍ ഇസ്ലാം' നേരിടല്‍ എന്ന പേരിലും ഫ്രാന്‍സില്‍ 'ഇസ്ലാമിസ്റ്റ് സെപ്പററ്റിസം' തടയല്‍ എന്ന പേരിലും ജര്‍മനിയില്‍ 'ലീഗലിസ്റ്റിക് ഇസ്ലാമിസം' ചെറുക്കല്‍ എന്ന പേരിലും അവതരിപ്പിച്ചു.
എന്നാല്‍ ഈ സമീപനങ്ങളിലെല്ലാം അംഗീകരിക്കപ്പെടുന്ന മുസ്ലിം എന്നത്, രാഷ്ട്രീയമായ അവകാശങ്ങള്‍ ഉന്നയിക്കാത്തതും അനീതിക്കെതിരെ പ്രതിഷേധിക്കാത്തതും പൊതുസമൂഹത്തില്‍ സ്വന്തം ശബ്ദം ഉയര്‍ത്താത്തതുമായ 'അദൃശ്യനായ' വ്യക്തിയാണെന്ന വിമര്‍ശനവും ശക്തമാണ്.
25 വര്‍ഷത്തിനുശേഷവും അവസാനിക്കാത്ത പ്രതിധ്വനി
9/11ന് പിന്നാലെ ആരംഭിച്ച 'ഗ്ലോബല്‍ വാര്‍ ഓണ്‍ ടെറര്‍' സൃഷ്ടിച്ച രാഷ്ട്രീയ ഭാഷയും സുരക്ഷാ സംവിധാനങ്ങളും യൂറോപ്പിലെ മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിന് വളരാനും വ്യാപിക്കാനും അനുകൂലമായ അന്തരീക്ഷം ഒരുക്കിയെന്നാണ് ഈ ചരിത്രം സൂചിപ്പിക്കുന്നത്.
കൊളോണിയലിസം, വംശീയത, ഫാഷിസം തുടങ്ങിയ സ്വന്തം ചരിത്രങ്ങളുമായി യൂറോപ്പ് ഇപ്പോഴും പൂര്‍ണമായി ഏറ്റുമുട്ടാന്‍ തയ്യാറായിട്ടില്ലെന്ന വിമര്‍ശനത്തിനിടയിലാണ് ഇസ്ലാമോഫോബിയ പൊതുവെ അംഗീകരിക്കപ്പെടുന്ന രാഷ്ട്രീയ നിലപാടായി മാറിയത്.
തീവ്രവലതുപക്ഷം ഈ സാഹചര്യത്തെ വെറുതെ മുതലെടുക്കുകയായിരുന്നില്ല. മറിച്ച്, മുസ്ലിം വിരുദ്ധ ആശയങ്ങളെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയും അതിനെ തെരഞ്ഞെടുപ്പ് വിജയത്തിലേക്കും അധികാരത്തിലേക്കും നയിക്കുകയും ചെയ്തു.
9/11ന് 25 വര്‍ഷം പിന്നിടുമ്പോള്‍, ചോദ്യം ഭീകരതയ്ക്കെതിരായ യുദ്ധം എന്ത് നേടി എന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. ആ യുദ്ധത്തിന്റെ പേരില്‍ രൂപപ്പെട്ട രാഷ്ട്രീയ ഭാഷ യൂറോപ്പിന്റെ സമൂഹത്തെയും ജനാധിപത്യത്തെയും എത്രമാത്രം മാറ്റിമറിച്ചു എന്നതും ചോദിക്കേണ്ടിവരുന്നു.
ന്യൂയോര്‍ക്കിലെ ആകാശത്തേക്ക് ഉയര്‍ന്ന പുകമറ ഏറെക്കാലം മുമ്പേ അപ്രത്യക്ഷമായി. എന്നാല്‍ അതിന്റെ രാഷ്ട്രീയ പ്രതിധ്വനികള്‍ ഭയം, സംശയം, ഇസ്ലാമോഫോബിയ, തീവ്രവലതുപക്ഷത്തിന്റെ വളര്‍ച്ച തുടങ്ങിയവ ഇന്നും യൂറോപ്പിന്റെ രാഷ്ട്രീയ ഭൂമികയില്‍ കേള്‍ക്കപ്പെടുന്നു.
(ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയുടെ ദി ബ്രിഡ്ജ് ഇനീഷ്യേറ്റീവില്‍ സീനിയര്‍ റിസര്‍ച്ചറും ലിമെറിക്ക് യൂണിവേഴ്‌സിറ്റിിയല്‍ സോഷ്യോളജി അസിസ്റ്റന്റ് പ്രൊഫസറുമാണ് ലേഖകന്‍)
