കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളം രണ്ട് വിലാപങ്ങളെ കൊണ്ട‌് പൊറുതിമുട്ടിയിരിക്കുകയാണ്. സന്ധ്യ കഴിഞ്ഞാൽ അർദ്ധരാത്രി വരെ നീളുന്ന കരണ്ടുകട്ട് മൂലം കുഞ്ഞുകുട്ടികളും മുതിർന്നവരുമാകെ കരയുന്നതാണ് ഒന്ന്. മറ്റൊന്ന്, ഇതിന്റെ പേരിലുള്ള വൈദ്യുതി മന്ത്രിയുടെ പതംപറച്ചിലും. പത്ത് വർഷം നീണ്ട ദുർഭരണത്തിന് അന്ത്യമാക്കി യുഡിഎഫിനെ ഭരണം ഏൽപ്പിച്ച ഒട്ടുമിക്ക ജനങ്ങളും പറയാതെ പറയുന്നു, "എന്തൊരു വിധിയിത്" എന്ന്!!!
അധികാര കസേരയിലിരുന്ന് കെപിസിസി പ്രസിഡന്റ് കൂടിയായ സണ്ണി ജോസഫ് വിലാപം തുടരുന്നതാണ് കഷ്ടം. കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതി വിഹിതത്തിൽ കുറവുണ്ടായതും മുൻ സർക്കാരുണ്ടാക്കിയ കരാർ പ്രകാരം നേരത്തെ കടമായി വാങ്ങിയ വൈദ്യുതി തിരികെ നൽകുന്നതും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കിയിരുന്ന കരാർ പിണറായി സർക്കാർ റദ്ദാക്കിയതും ഒക്കെയുള്ള കാരണങ്ങൾ ആവർത്തിക്കുന്നത് നിൽക്കട്ടെ, കഴിഞ്ഞ 100 ദിവസമായി തുടരുന്ന വൈദ്യുതി പ്രശ്നത്തിൽ കാതലായ എന്ത് നടപടിയെടുത്തു എന്ന ചോദ്യമാണ് ജനങ്ങൾ ചോദിക്കുന്നത്. അതിന് വിലാപം നിറുത്തിയിട്ട് മന്ത്രി സണ്ണി ജോസഫ് മറുപടി പറയണ്ട സമയമായി.
വൈദ്യുതി മന്ത്രിയായി ചുമതലയേറ്റപ്പോൾ മുതൽ തുടങ്ങിയതാണ് മന്ത്രിയുടെ വിലാപം. വൈദ്യുതി വകുപ്പ് തനിക്ക് നൽകിയ മുൾക്കിരീടമെന്നാണ് സണ്ണി ജോസഫ് ആവർത്തിക്കുന്നത്. ഇന്ന് അത് കുറേക്കൂടി ഭാവസാന്ദ്രമാക്കി. മുൾക്കിരീടത്തെ കഠിനാധ്വാനം കൊണ്ട് 'പൂക്കിരീടമാക്കാനുള്ള' ആത്മാർത്ഥ ശ്രമങ്ങളാണ് താൻ നടത്തുന്നതെന്ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ മന്ത്രി വികാരാധീനനായി അവതരിപ്പിച്ചു. ഭാവസാന്ദ്രം ഇന്ന് അവിടെ ഉണ്ടാക്കിയത് മന്ത്രിയല്ല, വകുപ്പായിരുന്നു. മന്ത്രി ഈ വിലാപം നടത്തിയതിന് പിന്നാലെ വൈദ്യുതി നിലച്ചു. അതും കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന്റെ 18-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ. വൈദ്യുതി മുടങ്ങി മൈക്ക് ഓഫായതോടെ മന്ത്രി പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തതായി അറിയിച്ച് തടിതപ്പി.
വൈദ്യുതി വകുപ്പിന്റെ ചുമതലയേൽക്കുന്നത് 'മുൾക്കിരീടം' തലയിൽ വെക്കുന്നത് പോലെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്ന കാര്യം ഓർമ്മിപ്പിച്ചാണ് മന്ത്രി സണ്ണി ജോസഫ് പ്രസംഗം മുന്നോട്ടുകൊണ്ടുപോയത്. പ്രതിസന്ധികൾക്കിടയിലും ആ മുൾക്കിരീടത്തെ കഠിനാധ്വാനം കൊണ്ട് 'പൂക്കിരീടമാക്കാനുള്ള' ആത്മാർത്ഥ ശ്രമങ്ങളാണ് താൻ നടത്തുന്നതെന്ന് മന്ത്രി വിശദീകരിച്ചു. എന്നാൽ പറഞ്ഞത് പൂർത്തിയാക്കുന്നതിന് മുമ്പേതന്നെ ഹാളിലെ വൈദ്യുതി നിലയ്ക്കുകയും മന്ത്രി തടിതപ്പുകയുമായിരുന്നു. ഇതേക്കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, "താൻ എപ്പോഴാണ് പ്രസംഗം അവസാനിപ്പിക്കേണ്ടതെന്ന് കെഎസ്ഇബിയിലെ ഉദ്യോഗസ്ഥർക്ക് കൃത്യമായി അറിയാം," എന്നും മന്ത്രി പ്രതികരിച്ചു.
പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്ന പ്രതിപക്ഷം ആവർത്തിക്കുന്നതിനിടയിലും മുൻ ഇടത് സർക്കാരിന്റെ വീഴ്ചകളാണ് സണ്ണി ജോസഫ് എണ്ണിപ്പറയുന്നത്. യൂണിറ്റിന് 4.29 രൂപ നിരക്കിൽ ദീർഘകാലത്തേക്ക് സംസ്ഥാനത്തിന് വൈദ്യുതി ലഭിക്കുമായിരുന്ന മുൻ യുഡിഎഫ് സർക്കാരിന്റെ കരാർ റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയിട്ടും മുൻ സർക്കാർ യാതൊരുവിധ നിയമപരമായ ഇടപെടലും നടത്തിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ഭരണകൂടം ഉണ്ടാക്കിവെച്ച അത്തരം വീഴ്ചകളാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ ഇരുട്ടിലേക്ക് തള്ളിവിട്ടതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. എന്നാൽ, സംസ്ഥാനത്ത് കൃത്രിമമായി വൈദ്യുതി ക്ഷാമം സൃഷ്ടിച്ച്, പുതിയ കരാറുകൾ ഉണ്ടാക്കി അതിന്റെ പേരിൽ വൻതോതിൽ കമ്മീഷൻ അടിക്കാനുള്ള നീക്കമാണ് യുഡിഎഫ് സർക്കാർ നടത്തുന്നതെന്ന് മുൻ മന്ത്രി എം.എം മണി ആരോപിച്ചു. ജനങ്ങൾ അനുഭവിക്കുന്ന ദുരിതം പരിഹരിക്കാൻ സർക്കാരിന് ദീർഘവീക്ഷണമില്ലെന്നും ഭരണം നടത്താൻ കഴിവില്ലെങ്കിൽ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ആ കസേരകളിൽ തുടരാതെ രാജിവെച്ച് മറ്റാരെയെങ്കിലും ചുമതല ഏൽപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു.
മഴ കുറയുമ്പോഴും ജലസംഭരണികളിൽ വെള്ളം താഴമ്പോഴും ഉണ്ടാകാൻ സാധ്യതയുള്ള വൈദ്യുതി ക്ഷാമം മുൻകൂട്ടി കണ്ട് പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് ഭരണാധികാരികൾ ചെയ്യേണ്ടത്. "വെറുതെ പ്രാർത്ഥിച്ചാൽ മാത്രം മഴ പെയ്യില്ല. അത്തരം സാഹചര്യങ്ങളിൽ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്താൻ സർക്കാരിന് കഴിയണം. ആവശ്യമായ വൈദ്യുതി പുറത്തുനിന്ന് വിലകൊടുത്തു വാങ്ങാൻ ഇപ്പോഴും മാർക്കറ്റിൽ അവസരമുണ്ട്. എന്നാൽ അതിനായുള്ള നടപടികൾ സ്വീകരിക്കാതെ കൈകെട്ടി നോക്കിനിൽക്കുകയാണ് സർക്കാർ," എം.എം. മണി പരിഹസിച്ചു.
വി.ഡി സതീശൻ സർക്കാർ അധികാരമേറ്റപ്പോൾ മുതൽ പിആർ അടക്കമുള്ള ദൂതഗണങ്ങൾ വാനിൽ ഉയർത്തുന്നതാണ് 2.90 രൂപ നിരക്കിൽ പുതിയ വൈദ്യുതി കരാർ ഒപ്പിടാൻ പോകുന്നെന്ന വൃത്താന്തം. അത് ശരിയാണെങ്കിൽ ഇതുവരെ ഇക്കാര്യത്തിൽ എന്ത് നടപടിയുണ്ടായി എന്നറിയാൻ ജനങ്ങൾക്ക് ആകാംക്ഷയുണ്ട്. കാരണം സെപ്റ്റംബർ 30 വരെ ഈ പ്രതിസന്ധി ജനങ്ങൾ നേരിടണമെന്നാണ് കെഎസ്ഇബി ചെയർമാനായ എം.ജി രാജമാണിക്യം പറയുന്നത്. അതുവരെ രാത്രിയിൽ വിയർപ്പൊഴുക്കി ജനങ്ങൾ സഹിക്കണമോ എന്നാണ് ചോദ്യം. അങ്ങനെയാണെങ്കിലും സെപ്റ്റംബർ കഴിഞ്ഞാലോ???
അതിനിടെ, വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി അടിയന്തര യോഗം ചേർന്നെന്നും അടിയന്തര നടപടികളെടുക്കാൻ ചീഫ് സെക്രട്ടറി, കെഎസ്ഇബി സിഎംഡി എംജി രാജമാണിക്യം എന്നിവരോട് നിർദേശിച്ചെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പുറമെ നിന്ന് എത്ര വൈദ്യുതി ഉടന്‍ ലഭ്യമാക്കാനാകും?. അതിന് ചെലവെത്ര വേണ്ടി വരും?, റെഗുലേറ്ററി കമ്മീഷനെ എത്ര വേഗം സമീപിക്കാം തുടങ്ങിയ കാര്യങ്ങളിലാണ് മുഖ്യമന്ത്രി വ്യക്തത തേടിയത്. ഇവിടെയാണ് മുൻ മന്ത്രിയുടെ വിമർശനം അർത്ഥവത്താകുന്നത്, എന്തേ താമസിച്ചൂ..?
എല്‍നിനോ പ്രതിഭാസം കാരണം മഴ കുറഞ്ഞതും, അന്തരീക്ഷ താപനില വര്‍ദ്ധിച്ചതും വൈകുന്നേരം 6 മണിക്കുശേഷമുള്ള വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതും 6 പവര്‍ എക്സ്ചേഞ്ചുകളിലെ വൈദ്യുതി ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായതും കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ ഉത്പാദന കുറവും പുതിയ സംഭവങ്ങളല്ല. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലുണ്ടാകുന്ന തീവ്ര വേനലിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൈദ്യുതി ഉപയോഗം കൂടുതലാകുന്നത് സാധാരണമാണ്. അപ്പോൾ കേന്ദ്ര പൂളിൽ നിന്നുള്ള ലഭ്യത കുറയും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ കമ്പനികളിൽ നിന്നോ കൂടുതൽ വൈദ്യുതി വാങ്ങുന്നത് അപ്രായോഗികമാണ്. ഇതറിയാത്തവരല്ല വൈദ്യുതി വകുപ്പിലുള്ളത്. ഇത് കൂടാതെ കേരളം ഉറ്റുനോക്കിയിരുന്ന മൺസൂൺ ലഭ്യത ഗണ്യമായി കുറഞ്ഞതും എൽനിനോ പ്രതിഭാസവും മുമ്പേതന്നെ സൂചനകൾ ലഭ്യമായിരുന്നതാണ്. അത് ഇത്രയും തീവ്രമാകുന്നത് വരെ നടപടികൾക്ക് കാത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നോ എന്ന ചോദ്യവും പ്രസക്തം. ഇവിടെയാണ് സണ്ണി ജോസഫിന്റെ വിലാപം ഫ്യൂസൂരിയ അവസ്ഥയിലാകുന്നത്.
വാലറ്റം: മൺസൂൺ ഏകദേശം കഴിഞ്ഞു. ഇനിയും കേരളത്തിലെ ഡാം നിറയണമെങ്കിൽ തുലാമാസത്തിൽ പത്ത് മഴയെങ്കിലും പെരുമഴയാകണം. എൽനിനോ തിളയ്ക്കുന്നത് ഈ ഓണക്കാലത്തെങ്കിലും തലയിൽ ഏറ്റിട്ടുണ്ടെങ്കിൽ ഒക്ടോബറിന് ശേഷമുള്ള വറുതിയെ കുറിച്ച് ആലോചിക്കും. ഇല്ലെങ്കിൽ ഇനി വരാനുള്ളത് കട്ടപ്പൊക മാത്രമല്ല, ദാഹജലം തേടിയുള്ള നെട്ടോട്ടത്തിനും സാക്ഷിയാകേണ്ടിവരും. അത് ചെറുതായെങ്കിലും അറിയണമെങ്കിൽ കേരളത്തിലെ ഇപ്പോഴുള്ള നദികളുടെയും ജലാശയങ്ങളുടെയും അവസ്ഥ നോക്കിയാൽ മതി. പ്രവാസികളേ, ഗൃഹാതുരത്വം മൂത്ത് ഇനിയും കേരളത്തിലേക്ക് വരികയാണെങ്കിൽ കുളിക്കാനുള്ള കുപ്പിവെള്ളം കൂടി നിങ്ങൾ കൊണ്ടുവരുന്നത് നന്നായിരിക്കും!!!!
