ഹോർമുസിന് പിന്നാലെ മറ്റൊരു കടൽപാതയും ഭീഷണിയിൽ; ചെങ്കടൽ തീരത്ത് ഹൂതികളുടെ നിയന്ത്രണം

ഹോർമുസിന് പിന്നാലെ മറ്റൊരു കടൽപാതയും ഭീഷണിയിൽ; ചെങ്കടൽ തീരത്ത് ഹൂതികളുടെ നിയന്ത്രണം




ദുബായ്: ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ യെമന്റെ ചെങ്കടൽ തീരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റിപ്പോർട്ടുകൾ. തന്ത്രപ്രധാനമായ മയൂൻ ദ്വീപും പ്രധാന തുറമുഖ നഗരമായ മൊഖയും ഹൂതികൾ പിടിച്ചെടുത്തതായാണ് വിവരം. ഇതോടെ ചെങ്കടലിലൂടെയുള്ള പ്രധാന കപ്പൽപാത തടസ്സപ്പെടാനുള്ള ആശങ്ക ശക്തമായി.
ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും തുടർന്ന് ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന നിർണായക സമുദ്ര ഇടനാഴിയാണ് ബാബ് അൽ മന്ദബ്. ഇവിടെ ദ്വീപുകളുടെയും തീരപ്രദേശങ്ങളുടെയും നിയന്ത്രണം ഹൂതികൾക്ക് കടന്നുപോകുന്ന കപ്പലുകളെ നിരീക്ഷിക്കാനും ഗതാഗതം തടസ്സപ്പെടുത്താനും കൂടുതൽ ശേഷി നൽകുമെന്നാണ് വിലയിരുത്തൽ.
സർക്കാർ സേന പ്രദേശത്തുനിന്ന് പിൻവാങ്ങിയതിന് പിന്നാലെ ആയുധധാരികളായ ഹൂതികൾ ബോട്ടുകളിൽ മയൂൻ ദ്വീപിലെത്തിയതായി യെമൻ സർക്കാർ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എ എഫ് പിയോട് പറഞ്ഞു. ബാബ് അൽ മന്ദബ് പ്രദേശത്തിന്റെയും കടലിടുക്കിന്റെ മധ്യത്തിലുള്ള മയൂൻ ദ്വീപിന്റെയും നിയന്ത്രണം ഹൂതികൾ പൂർണമായി ഏറ്റെടുത്തതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പ്രദേശത്ത് ആയുധധാരികളെ സൈനിക വാഹനങ്ങളിൽ സഞ്ചരിക്കുന്നതായി കണ്ടെന്ന് ദൃക്‌സാക്ഷികളും അറിയിച്ചു.

സൗദി എണ്ണ കയറ്റുമതിക്കും തിരിച്ചടി

മേഖലയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ബാബ് അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയെയും ബാധിച്ചേക്കുമെന്ന ആശങ്കയുണ്ട്. അന്താരാഷ്ട്ര വാണിജ്യ കപ്പൽ ഗതാഗതത്തിനും സൗദി എണ്ണ കയറ്റുമതിക്കും നിർണായകമാണ് ഈ പാത.
ബാബ് അൽ മന്ദബ് മേഖലയിലെ തന്ത്രപ്രധാനമായ സുക്കർ, മയൂൻ, രണ്ട് ഹനീഷ് ദ്വീപുകൾ എന്നിവയുടെ നിയന്ത്രണം മേഖലയിലെ സൈനിക സന്തുലിതാവസ്ഥയിലും മാറ്റമുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഇതിനിടെ ഹൂതികളുടെ നീക്കത്തിന് തിരിച്ചടിയായി സൗദി അറേബ്യ മൊഖ വിമാനത്താവളത്തിന് നേരെ വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

സൗദിയുടെ എണ്ണ പൈപ്പ്‌ലൈൻ ആക്രമിക്കപ്പെട്ടതായി റിപ്പോർട്ട്

സൗദി അറേബ്യയുടെ പ്രധാന ഈസ്റ്റ്- വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ ഹൂതി ആക്രമണത്തിൽ തകർന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു. മദീനയ്ക്കും മഹ്ദ് അദ് ധഹബിനുമിടയിലുള്ള പൈപ്പ്‌ലൈൻ പാതയിൽ പുകയും തീപിടിത്തത്തിന്റെ സൂചനകളും കാണിക്കുന്ന ദൃശ്യങ്ങളും ഉപഗ്രഹചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
സെന്റിനൽ-3 ഉപഗ്രഹ ചിത്രങ്ങളിൽ മരുഭൂമിയിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈൻ പാതയിൽ കറുത്ത പുക ഉയരുന്നതായി കാണപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. നാസയുടെ ഫേംസ് സംവിധാനവും പ്രദേശത്ത് താപ അസാധാരണതകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തീപിടിത്തം സംഭവിച്ചതായി ഇതുവരെ സ്വതന്ത്ര സ്ഥിരീകരണം ലഭിച്ചിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയതായി പറയപ്പെടുന്ന നിരവധി ആക്രമണങ്ങൾക്ക് പിന്നാലെയാണ് പൈപ്പ്‌ലൈൻ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്.

‘അന്താരാഷ്ട്ര കപ്പൽഗതാഗതത്തിന് ആശങ്ക വേണ്ടെന്ന്’ ഹൂതികൾ

അതേസമയം, ബാബ് അൽ മന്ദബ് മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തതിനെച്ചൊല്ലിയ ആശങ്കകൾക്കിടെ അന്താരാഷ്ട്ര സമൂഹത്തെ ആശ്വസിപ്പിക്കാൻ ഹൂതികൾ ശ്രമിച്ചു. ബാബ് അൽ മന്ദബ് വഴിയുള്ള വാണിജ്യ കപ്പൽ ഗതാഗതം സുരക്ഷിതമാണെന്നാണ് ഹൂതികളുടെ അവകാശവാദം.
ചെങ്കടലിലെയും ബാബ് അൽ മന്ദബിലെയും സ്വതന്ത്ര നാവിഗേഷനും അന്താരാഷ്ട്ര വ്യാപാരവും സുരക്ഷിതവും ക്രമബദ്ധവുമായി തുടരുകയാണെന്ന് ഹൂതി പൊളിറ്റ്ബ്യൂറോ അംഗം ഹാസെം അൽ അസദ് അൽ അറബി അൽ ജദീദ് വാർത്താ ഏജൻസിയോട് പറഞ്ഞു. യെമൻ ഭാഗത്തുനിന്ന് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനെയിയുടെ ഉപദേഷ്ടാവ് മുഹമ്മദ് മൊഖ്ബർ ഹൂതികളുടെ മുന്നേറ്റത്തെ വലിയ വിജയമായി വിശേഷിപ്പിച്ചു.