ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ലോകനേതാക്കൾ തലസ്ഥാനത്തെത്തുന്നതിനിടെ ഡൽഹി- എൻ സി ആറിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച കനത്ത മഴ. 18-ാമത് ബ്രിക്സ് നേതൃ ഉച്ചകോടിക്കും ബ്രിക്സ് ബിസിനസ് ഫോറത്തിനും വേദിയാകുന്ന ഡൽഹിയിൽ ഇന്ത്യ കാലാവസ്ഥാ വകുപ്പ് (ഐ എം ഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
സെപ്റ്റംബർ 11 മുതൽ 13 വരെ നടക്കുന്ന മൂന്ന് ദിവസത്തെ ഉച്ചകോടിക്കായി നിരവധി ലോകനേതാക്കളും ഉന്നതതല പ്രതിനിധിസംഘങ്ങളും തലസ്ഥാനത്തെത്തുന്നതിനിടെയാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
വടക്കൻ ഡൽഹിയിൽ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്ന് ഐ എം ഡി നേരത്തെ പ്രവചിച്ചിരുന്നു.
ശനിയാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പുലർച്ചെ മുതൽ പൂർവാഹ്നം വരെ നഗരത്തിന്റെ പല ഭാഗങ്ങളിലും ഒന്നോ രണ്ടോ ഘട്ടങ്ങളിലായി വളരെ നേരിയതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. വൈകുന്നേരം മുതൽ രാത്രി വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്.
മഴയോടെ തലസ്ഥാനത്തെ താപനിലയും താഴും. വ്യാഴാഴ്ച ഡൽഹിയിൽ ഉയർന്ന താപനില 36.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ശനിയാഴ്ച മുതൽ ഉയർന്ന താപനില 33 ഡിഗ്രി സെൽഷ്യസിൽ താഴെയായിരിക്കുമെന്നാണ് പ്രവചനം.
വാരാന്ത്യത്തിൽ ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങൾ, ഡൽഹി- എൻ സി ആർ, ഹരിയാന, പഞ്ചാബ്, ചണ്ഡിഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഇടവിട്ടുള്ള മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ മഴ പൊതുവെ പ്രാദേശികമായി മാത്രമായിരിക്കും. ആകെ 30 മുതൽ 40 ശതമാനം വരെ പ്രദേശങ്ങളിലായിരിക്കും മഴ ലഭിക്കുകയെന്നാണ് കണക്കാക്കുന്നത്.
ഭാരത് മണ്ഡപത്തിൽ നടക്കുന്ന പ്രധാന ബ്രിക്സ് പരിപാടികൾക്കിടെയാണ് മഴയും കാലാവസ്ഥാ മുന്നറിയിപ്പും. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരുമായി പ്രധാന ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശനിയാഴ്ച അടച്ചിട്ട നേതൃതല ചർച്ച, ‘ഭാരത് ഇന്നൊവേറ്റ്സ്’ പ്രദർശനം, നേതാക്കളുടെ കുടുംബചിത്രം, വൃക്ഷത്തൈ നടൽ ചടങ്ങ്, പ്രധാനമന്ത്രി മോഡി ആതിഥേയത്വം വഹിക്കുന്ന ഗാലാ ഡിന്നർ എന്നിവ നടക്കും.
ഉച്ചകോടിയുടെ പ്രധാന സമ്മേളനം ഞായറാഴ്ചയാണ്. സമ്മേളനത്തിനിടെ ‘ന്യൂഡൽഹി പ്രഖ്യാപനം’ പുറത്തിറക്കുന്നതിനും നേതാക്കൾ സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷ.
