ബ്രിക്‌സ് പ്രഖ്യാപനം 2026: പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് അംഗരാജ്യങ്ങള്‍; ഭീകരതയ്ക്കെതിരെ 'സീറോ ടോളറന്‍സ്'

ബ്രിക്‌സ് പ്രഖ്യാപനം 2026: പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് അംഗരാജ്യങ്ങള്‍; ഭീകരതയ്ക്കെതിരെ 'സീറോ ടോളറന്‍സ്'


ന്യൂഡല്‍ഹി: ബ്രിക്‌സ് രാജ്യങ്ങള്‍ ന്യൂഡല്‍ഹി പ്രഖ്യാപനം 2026 അംഗീകരിച്ചു. 2025 ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ ബ്രിക്‌സ് രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. ഭീകരതയ്ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാട് സ്വീകരിക്കണമെന്നും ഭീഷണി നേരിടാന്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തണമെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടു.

ആക്രമണത്തെ 'ഏറ്റവും ശക്തമായ ഭാഷയില്‍' അപലപിച്ച ബ്രിക്‌സ്, ഭീകരപ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം, സ്ഥലം, അതിന് പിന്നിലുള്ളവര്‍ എന്നിവ എന്തുതന്നെയായാലും എല്ലാ ഭീകരപ്രവര്‍ത്തനങ്ങളും 'കുറ്റകരവും ന്യായീകരിക്കാനാകാത്തതുമാണ്' എന്ന് വ്യക്തമാക്കി.

'2025 ഏപ്രില്‍ 22ന് ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ ഏറ്റവും ശക്തമായ ഭാഷയില്‍ ഞങ്ങള്‍ അപലപിക്കുന്നു. ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,' പ്രഖ്യാപനത്തില്‍ പറയുന്നു.

എല്ലാ രൂപങ്ങളിലും ഭാവങ്ങളിലും പ്രകടമാകുന്ന ഭീകരതയ്ക്കെതിരെ പോരാടാനുള്ള പ്രതിബദ്ധത ബ്രിക്‌സ് ആവര്‍ത്തിച്ചു. ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയും അവരെ പിന്തുണയ്ക്കുന്നവരെയും ബന്ധപ്പെട്ട ദേശീയ- അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം ഉത്തരവാദികളാക്കുകയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വേണമെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടു.

ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അതിര്‍ത്തി കടന്നുള്ള ഭീകരരുടെ നീക്കം തടയല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം തടയല്‍, ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങള്‍ ഒരുക്കുന്നത് തടയല്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ബ്രിക്‌സ് വ്യക്തമാക്കി.

ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ 'ഇരട്ടത്താപ്പ്' അനുവദിക്കാനാകില്ലെന്നും ഭീകരതയ്ക്കെതിരെ 'സീറോ ടോളറന്‍സ്' നയം സ്വീകരിക്കണമെന്നും അംഗരാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

ഭീകരതയെ ചെറുക്കുന്നതില്‍ രാജ്യങ്ങള്‍ക്കാണ് പ്രാഥമിക ഉത്തരവാദിത്വമെന്ന് പ്രഖ്യാപനം ചൂണ്ടിക്കാട്ടി. ഭീകരഭീഷണി തടയുന്നതിനും നേരിടുന്നതിനുമുള്ള ആഗോള ശ്രമങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്നും ബ്രിക്‌സ് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭാ ചാര്‍ട്ടര്‍, ബന്ധപ്പെട്ട അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും പ്രോട്ടോക്കോളുകളും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം, അന്താരാഷ്ട്ര അഭയാര്‍ഥി നിയമം, ബാധകമായ സാഹചര്യങ്ങളില്‍ അന്താരാഷ്ട്ര മാനുഷിക നിയമം എന്നിവ പാലിക്കണമെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടു.

ബ്രിക്‌സിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തക സമിതിയുടെയും അതിന്റെ അഞ്ച് ഉപസമിതികളുടെയും പ്രവര്‍ത്തനങ്ങളെയും അംഗരാജ്യങ്ങള്‍ സ്വാഗതം ചെയ്തു. ബ്രിക്‌സ് ഭീകരവിരുദ്ധ തന്ത്രം, ഭീകരവിരുദ്ധ പ്രവര്‍ത്തന പദ്ധതി, ഭീകരവിരുദ്ധ പ്രവര്‍ത്തകസമിതിയുടെ നിലപാട് രേഖ എന്നിവയുടെ അടിസ്ഥാനത്തില്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അംഗരാജ്യങ്ങള്‍ വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂടിനുള്ളില്‍ അന്താരാഷ്ട്ര ഭീകരതയ്ക്കെതിരായ സമഗ്ര കണ്‍വെന്‍ഷന്‍ എത്രയും വേഗം അന്തിമമാക്കി അംഗീകരിക്കണമെന്നും ബ്രിക്‌സ് ആവശ്യപ്പെട്ടു. യു എന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ ഭീകരര്‍ക്കും ഭീകരസംഘടനകള്‍ക്കുമെതിരെ ഏകോപിതമായ നടപടി സ്വീകരിക്കണമെന്നും അംഗരാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

തീവ്രവാദവും തീവ്രവldക്കരണവും തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും പ്രത്യേകിച്ച് യുവതലമുറയെ ലക്ഷ്യമിട്ടുള്ള തീവ്രവldക്കരണത്തിനെതിരെ കൂടുതല്‍ ജാഗ്രത വേണമെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടു.

അംഗരാജ്യങ്ങളും ബന്ധപ്പെട്ട അധികാരികളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ബ്രിക്‌സ് ചൂണ്ടിക്കാട്ടി. മികച്ച പ്രവര്‍ത്തനരീതികളും അനുഭവങ്ങളും പരസ്പരം പങ്കുവെക്കുന്നതിലൂടെ സഹകരണം കൂടുതല്‍ ഫലപ്രദമാക്കണമെന്നും നിര്‍ദേശിച്ചു.

45 പേജുള്ള ന്യൂഡല്‍ഹി പ്രഖ്യാപനം 2026 ഭീകരതയെ സമഗ്രമായ രീതിയിലാണ് സമീപിക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍, അവയ്ക്കുള്ള സാമ്പത്തിക സഹായം, പിന്തുണാ ശൃംഖലകള്‍ എന്നിവയ്ക്കു പുറമെ തീവ്രവാദവും തീവ്രവത്ക്കരണവും ഉയര്‍ത്തുന്ന ഭീഷണികളും പ്രഖ്യാപനം വിശദമായി പ്രതിപാദിക്കുന്നു.