സൗദിയുടെ 70 ലക്ഷം ബാരൽ ശേഷിയുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ അടച്ചു; എണ്ണവിതരണ സുരക്ഷ വീണ്ടും ചോദ്യചിഹ്നത്തിൽ

സൗദിയുടെ 70 ലക്ഷം ബാരൽ ശേഷിയുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ അടച്ചു; എണ്ണവിതരണ സുരക്ഷ വീണ്ടും ചോദ്യചിഹ്നത്തിൽ


റിയാദ്: പശ്ചിമേഷ്യയിലെ സംഘർഷം നിർണായക എണ്ണവിതരണ പാതകളിലേക്ക് കൂടി വ്യാപിച്ചതോടെ ആഗോള എണ്ണവിപണിയിൽ ആശങ്ക ശക്തമാകുന്നു. ആക്രമണത്തെ തുടർന്ന് സൗദി അറേബ്യ തന്ത്രപ്രധാനമായ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ താൽക്കാലികമായി അടച്ചത് എണ്ണവിതരണത്തെക്കുറിച്ചുള്ള പുതിയ ആശങ്കകൾക്ക് വഴിവെച്ചു.

റിയാദ്, മദീന മേഖലകളിൽ വ്യാഴാഴ്ച രാവിലെയാണ് പൈപ്പ്‌ലൈൻ ലക്ഷ്യമിട്ട് ആക്രമണമുണ്ടായത്. നിരവധി പേർക്ക് പരുക്കേറ്റതായും സൗദി ഊർജ മന്ത്രാലയം അറിയിച്ചു. അടിയന്തര സുരക്ഷാ സംഘങ്ങളെ വിന്യസിച്ച് പൈപ്പ്‌ലൈൻ പരിശോധിച്ചുവരികയാണ്.

പ്രതിദിനം 70 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കടത്താനുള്ള ശേഷിയുള്ളതാണ് ഈ പൈപ്പ്‌ലൈൻ. സൗദിയുടെ കിഴക്കൻ എണ്ണപ്പാടങ്ങളിൽനിന്ന് ചെങ്കടലിലെ കയറ്റുമതി ടെർമിനലുകളിലേക്ക് എണ്ണ എത്തിക്കുന്ന സംവിധാനമാണിത്. ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സൗദിയെ സഹായിക്കുന്ന പ്രധാന ബദൽ പാത കൂടിയാണിത്.

 ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണം

ഇറാഖിൽനിന്ന് വിക്ഷേപിച്ച ഡ്രോണുകളാണ് പൈപ്പ്‌ലൈൻ ലക്ഷ്യമിട്ടതെന്ന് സൗദി പിന്നീട് വ്യക്തമാക്കി. ഇറാഖ് പ്രധാനമന്ത്രിയുടെ അഭ്യർഥന മാനിച്ച് തൽക്കാലം തിരിച്ചടിക്കില്ലെന്ന് റിയാദ് പ്രഖ്യാപിച്ചെങ്കിലും രാജ്യത്തിന്റെ പരമാധികാരവും നിർണായക അടിസ്ഥാനസൗകര്യങ്ങളും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശം നിലനിർത്തി.

യെമനിലെ ഹൂതികൾ നേരത്തെ സൗദിയുടെ ഊർജ സംവിധാനങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളും സാഹചര്യത്തെ സങ്കീർണമാക്കുന്നു. ബാബ് അൽമന്ദബ് കടലിടുക്കിലൂടെയുള്ള സൗദിയുടെ എണ്ണ കയറ്റുമതി തടസ്സപ്പെടുത്തുകയാണ് ഹൂതികളുടെ ലക്ഷ്യം.

എണ്ണവില വീണ്ടും 100 ഡോളറിന് മുകളിൽ

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്കൊപ്പം സൗദിയുടെ ബദൽ എണ്ണപ്പാതയ്ക്കുനേരെയുണ്ടായ ആക്രമണവും ആഗോള വിപണിയുടെ ആശങ്ക വർധിപ്പിച്ചു. ആഴ്ചയുടെ അവസാനം എണ്ണവില എട്ടുശതമാനത്തിലേറെ ഉയർന്നെങ്കിലും വെള്ളിയാഴ്ച നേരിയ ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് 2.8 ശതമാനം കുറഞ്ഞ് 104.61 ഡോളറിലും ഡബ്ല്യുടിഐ 2.4 ശതമാനം താഴ്ന്ന് 100.05 ഡോളറിലുമെത്തി.

എന്നാൽ വില 100 ഡോളറിന് മുകളിൽ തുടരുന്നത് തന്നെ വിപണിയിലെ സമ്മർദത്തിന്റെ സൂചനയാണ്. ഹോർമുസിനും ബാബ് അൽമന്ദബിനും പുറമെ സൗദിയുടെ എണ്ണവിതരണ ശൃംഖലയിലും ആക്രമണം വ്യാപിക്കുന്നത് ആഗോള ഊർജസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ്.

ഇന്ത്യയ്ക്ക് ഇരട്ട ആഘാതം

ക്രൂഡ് ഓയിൽ വൻതോതിൽ  ഇറക്കുമതിചെയ്യുന്ന ഇന്ത്യയ്ക്ക് പശ്ചിമേഷ്യയിലെ ഓരോ വിതരണ തടസ്സവും ഇറക്കുമതിച്ചെലവ് വർധിപ്പിക്കുന്നതാണ്. എണ്ണവില ഉയർന്നുനിൽക്കുകയാണെങ്കിൽ പെട്രോൾ-ഡീസൽ വില, ഗതാഗതച്ചെലവ്, ഉൽപ്പാദനച്ചെലവ് എന്നിവയിലൂടെ പണപ്പെരുപ്പ സമ്മർദം ശക്തമാകാം.

അതുകൊണ്ട് സൗദി പൈപ്പ്‌ലൈൻ താൽക്കാലികമായി അടച്ച സംഭവം ഒരു പ്രാദേശിക സുരക്ഷാ പ്രശ്‌നം മാത്രമല്ല; ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണവിതരണ ശൃംഖലകളിലേക്കുള്ള ആക്രമണങ്ങളുടെ പുതിയ ഘട്ടത്തിന്റെ സൂചനയായാണ് വിപണി ഇതിനെ കാണുന്നത്. സംഘർഷം നീണ്ടാൽ എണ്ണവിലയും ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വവും ഒരുപോലെ ഉയരാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.