തൊഴിൽ നഷ്ടപ്പെട്ടതിന് ശേഷവും അമേരിക്കയിൽ തുടരാൻ എച്ച്-1ബി തൊഴിലാളികളെയും മറ്റ് ചില തൊഴിൽ-അധിഷ്ഠിത വിസ ഉടമകളെയും അനുവദിക്കുന്ന 60 ദിവസം വരെയുള്ള 'ഗ്രേസ് പിരീഡ്' അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) ആണ് പുതിയ നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇത് പ്രാബല്യത്തിൽ വന്നാൽ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടാൽ ഉടൻ രാജ്യം വിടേണ്ടി വരും. പുതിയ തൊഴിലുടമയെ കണ്ടെത്താനോ മറ്റൊരു കുടിയേറ്റ മാർഗ്ഗം തേടാനോ ഉള്ള സമയം ഇനിയും ലഭിക്കില്ല.
സ്പോൺസർ ചെയ്യുന്ന തൊഴിലുടമയുമായുള്ള ജോലി അവസാനിച്ചാലുടൻ തൊഴിലാളി രാജ്യം വിടണം എന്ന മുൻകാല നയം പുനഃസ്ഥാപിക്കാനാണ് ഈ നിർദ്ദേശം ലക്ഷ്യമിടുന്നത്. യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗം ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയ ചട്ട ഭേദഗതി നിർദ്ദേശത്തിൽ, E-1, E-2, E-3, H-1B, H-1B1, L-1, O-1, TN എന്നീ വിസ വിഭാഗങ്ങളും അവരെ ആശ്രയിച്ചു കഴിയുന്നവരും തൊഴിൽ അവസാനിച്ചു കഴിഞ്ഞാൽ ഉടൻ രാജ്യം വിടേണ്ടിവരും. ഈ നിർദ്ദേശം ഇതുവരെ അന്തിമ നിയമമായിട്ടില്ലാത്തതിനാൽ, ഇതുസംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ഡിഎച്ച്എസ് ക്ഷണിച്ചിട്ടുണ്ട്.
നിലവിലെ നിയമപ്രകാരം, ജോലി അവസാനിച്ചാലും 'ഔട്ട് ഓഫ് സ്റ്റാറ്റസ്' (നിയമപരമായ പദവി നഷ്ടപ്പെട്ട അവസ്ഥ) ആയി കണക്കാക്കപ്പെടാതെ, യോഗ്യരായ തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും 60 ദിവസം വരെ - അല്ലെങ്കിൽ അനുവദനീയമായ കാലാവധി അതിനുമുമ്പ് അവസാനിക്കുകയാണെങ്കിൽ അതുവരെ - അവിടെ തുടരാൻ അനുവാദമുണ്ട്. ഈ കാലയളവ് അധികൃതരുടെ വിവേചനാധികാരത്തിന് വിധേയമാണ്. ഡിഎച്ച്എസിന് ഇത് കുറയ്ക്കുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യാം.
നിർദ്ദിഷ്ട മാറ്റം ചട്ടങ്ങളെ കുടിയേറ്റ വിഭാഗങ്ങളെ നിയന്ത്രിക്കുന്ന നിയമപരമായ വ്യവസ്ഥകളുമായി കൂടുതൽ പൊരുത്തപ്പെടുത്തുമെന്ന് ഡിഎച്ച്എസ് പറഞ്ഞു. അമേരിക്കൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനാണ് ഈ നീക്കം. കൂടാതെ, ഇത് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ ഭരണപരമായ ഭാരം കുറയ്ക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 'ഗ്രേസ് പീരിയഡ്' (അനുവദനീയമായ അധിക കാലാവധി) സംബന്ധിച്ച വ്യവസ്ഥയുടെ ദോഷഫലങ്ങൾ മുൻപ് നിയമം രൂപീകരിച്ചപ്പോൾ വേണ്ടത്ര പരിഗണിച്ചിരുന്നില്ലെന്ന് ഇപ്പോൾ കരുതുന്നതായി ഡിഎച്ച്എസ് (DHS) വ്യക്തമാക്കി.
അതേസമയം, പുതിയ ജോലി കണ്ടെത്തുന്നതിന് കൂടുതൽ സമയം ആവശ്യമായി വരികയും എന്നാൽ പുതിയ ജോലി തുടങ്ങുന്നതിന് മുൻപ് രാജ്യം വിടേണ്ടി വരികയും ചെയ്താൽ ചില തൊഴിലാളികൾക്ക് വരുമാനം നഷ്ടപ്പെട്ടേക്കാമെന്ന് ഡിഎച്ച്എസ് സമ്മതിച്ചു. ഈ നിർദ്ദേശം നടപ്പിലാക്കുന്നത് വഴി യുഎസ്സിഐഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ ഇമിഗ്രേഷൻ കോടതി സംവിധാനത്തിലേക്ക് റഫർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിലും, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ (ICE) പ്രവർത്തനഭാരത്തിലും നേരിയ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു.
2017 മുതൽ നിലവിലുള്ള 60 ദിവസത്തെ ഗ്രേസ് പിരീഡ് വിദേശ തൊഴിലാളികൾക്ക് പുതിയ സ്പോൺസറെ കണ്ടെത്തുന്നതിനും നിയമപരമായ കാര്യങ്ങൾ ക്രമീകരിക്കുന്നതിനും സമയം നൽകുന്നതായിരുന്നു. വീട് വിൽക്കുക, കുട്ടികളുടെ സ്കൂൾ സംബന്ധമായ കാര്യങ്ങൾ ക്രമീകരിക്കുക തുടങ്ങിയ വ്യക്തിപരമായ ആവശ്യങ്ങൾ പൂർത്തിയാക്കാനും ഈ കാലയളവ് സഹായിച്ചിരുന്നു. പുതിയ നിർദേശം നടപ്പായാൽ ജോലി അവസാനിക്കുന്നതിന് പിന്നാലെ തന്നെ അമേരിക്ക വിടേണ്ടിവരുന്നത് വിദേശ തൊഴിലാളികൾക്ക് വലിയ സമ്മർദമാകും. നിലവിലുള്ള വ്യവസ്ഥ പ്രകാരം, തൊഴിലാളികൾക്ക് അമേരിക്കയിൽ തുടർന്നുകൊണ്ട് തന്നെ തങ്ങളുടെ കുടിയേറ്റ പദവിയിൽ മാറ്റം വരുത്താനോ കാലാവധി നീട്ടാനോ, സ്ഥിര താമസ പദവിയിലേക്ക് (permanent resident status) മാറാനോ, അല്ലെങ്കിൽ പുതിയ തൊഴിലുടമ മുഖേനയുള്ള അപേക്ഷ സമർപ്പിക്കാനോ സാധിച്ചിരുന്നു. പുതിയ നിർദേശം നടപ്പിലാകുന്നതോടെ ഇവയെല്ലാം ഇല്ലാതാകും.
ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വിദഗ്ധ തൊഴിലാളികളെ വലിയ തോതിൽ ആശ്രയിക്കുന്ന യുഎസ് ടെക് കമ്പനികൾക്കും മാറ്റം വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. 1990ൽ കോൺഗ്രസ് രൂപീകരിച്ച എച്ച്-1ബി വിസ സംവിധാനം, അമേരിക്കയിൽ ആവശ്യമായ യോഗ്യതയുള്ള തൊഴിലാളികളുടെ കുറവ് നേരിടുന്ന മേഖലകളിൽ വിദേശ വിദഗ്ധരെ നിയമിക്കാൻ കമ്പനികളെ സഹായിക്കുന്നതാണ്. ഡെലോയിറ്റ്, പിഡബ്ല്യുസി, ഏണസ്റ്റ് ആൻഡ് യങ് തുടങ്ങിയ കൺസൾട്ടൻസി സ്ഥാപനങ്ങളും ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, എച്ച്സിഎൽടെക്, എൽടിഐമൈൻഡ്ട്രീ തുടങ്ങിയ ഇന്ത്യൻ ഐടി കമ്പനികളും പ്രധാന എച്ച്-1ബി സ്പോൺസർമാരാണ്.
എച്ച്- 1ബി വിസയുള്ളവർക്ക് ജോലി നഷ്ടപ്പെട്ടാൽ ലഭിക്കുന്ന ഗ്രേസ് പീരീഡ് അവസാനിപ്പിക്കാൻ യുഎസിന്റെ നീക്കം
