ന്യൂഡല്‍ഹി: ഇന്ത്യ- ചൈന ഉഭയകക്ഷി ബന്ധത്തില്‍ കൈവരിച്ചുവരുന്ന പുരോഗതിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും. ഭിന്നതകള്‍ തര്‍ക്കങ്ങളായി മാറരുതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപരവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ കാഴ്ചപ്പാടോടെ മുന്നോട്ടുകൊണ്ടുപോകണമെന്നും ഇരുനേതാക്കളും വ്യക്തമാക്കി.
ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് മോഡിയും ഷി ജിന്‍പിങ്ങും ഇന്ത്യ- ചൈന ബന്ധം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്.
2020ലെ ഗല്‍വാന്‍ സംഘര്‍ഷത്തിനുശേഷം ഷി ജിന്‍പിങ്ങിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തും സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം, 2025 ഓഗസ്റ്റില്‍ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ചൈനയിലെ ടിയാന്‍ജിനില്‍ വെച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.
'2025 ഓഗസ്റ്റില്‍ ടിയാന്‍ജിനില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ഇന്ത്യ- ചൈന ഉഭയകക്ഷി ബന്ധത്തിലുണ്ടായ സ്ഥിരതയാര്‍ന്ന പുരോഗതിയെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തങ്ങളുടെ ബന്ധത്തെ തന്ത്രപരവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ കാഴ്ചപ്പാടോടെ സമീപിക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ ആവര്‍ത്തിച്ചു,'- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 'ഭിന്നതകള്‍ തര്‍ക്കങ്ങളായി മാറരുത്' എന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്ത്യ- ചൈന ബന്ധം പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താത്പര്യം എന്നീ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാകണമെന്ന് പ്രധാനമന്ത്രി മോഡി ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുന്നതിന് അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനവും ശാന്തതയും അനിവാര്യമാണെന്ന് മോഡി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.
അതിര്‍ത്തി വിഷയങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള കരാറുകളും ധാരണകളും ഇരു വിഭാഗങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതിര്‍ത്തി തര്‍ക്കത്തിന് നീതിയുക്തവും യുക്തിസഹവും ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യവുമായ പരിഹാരം കണ്ടെത്തുന്നതിനുള്ള പ്രതിബദ്ധതയും ഇരുനേതാക്കളും ആവര്‍ത്തിച്ചു.
വിഷയത്തെ ഉഭയകക്ഷി ബന്ധത്തിന്റെ മൊത്തത്തിലുള്ള രാഷ്ട്രീയ പശ്ചാത്തലത്തിലും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ദീര്‍ഘകാല താത്പര്യങ്ങളും മുന്‍നിര്‍ത്തിയും സമീപിക്കണമെന്ന കാര്യത്തിലും നേതാക്കള്‍ ധാരണയിലെത്തി.
ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച.
ഇന്ത്യയും ചൈനയും തമ്മിലുള്ള ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ കൈവരിച്ച പുരോഗതിയും ഇരുനേതാക്കളും വിലയിരുത്തി. സാംസ്‌കാരിക കൈമാറ്റങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വ്യാപാര- വ്യവസായ ബന്ധങ്ങള്‍ വിപുലീകരിക്കുന്നതിനും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യാത്രകളും ജനങ്ങളുടെ സഞ്ചാരവും കൂടുതല്‍ സുഗമമാക്കുന്നതിനും നേതാക്കള്‍ ആഹ്വാനം ചെയ്തു.
സാമ്പത്തിക, വ്യാപാര മേഖലകളിലെ ആശങ്കകള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. വ്യാപാരത്തിലെ ഘടനാപരമായ അസന്തുലിതാവസ്ഥ, വിതരണ ശൃംഖലകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അര്‍ഥവത്തും പ്രവചനാതീതവുമായ വിപണി പ്രവേശനം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലും വിവിധ വെല്ലുവിളികള്‍ നേരിടുന്നതിലും ഇരു രാജ്യങ്ങളും പൊതുതാത്പര്യമുള്ള മേഖലകള്‍ കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ടെന്നും ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.
2026ലെ ബ്രിക്‌സ് അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്ത്യയ്ക്ക് ചൈന നല്‍കിയ പിന്തുണയ്ക്കും ഉച്ചകോടിയുടെ വിജയത്തിനായി നല്‍കിയ സംഭാവനകള്‍ക്കും പ്രധാനമന്ത്രി മോഡി ചൈനയോട് നന്ദി അറിയിച്ചു.
