വാഷിംഗ്ടണ്‍: ജനിതക പരിശോധനയുടെ പേരില്‍ 93 മില്യണ്‍ ഡോളറിന്റെ മെഡികെയര്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ ലബോറട്ടറി ഉടമയെ യു എസ് ഫെഡറല്‍ അധികൃതര്‍ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
ടെക്‌സസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലബോറട്ടറി വഴി യു എസ് സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡികെയറിലേക്ക് വ്യാജ ക്ലെയിമുകള്‍ സമര്‍പ്പിച്ചെന്നാണ് 46കാരനായ ഖദീര്‍ ഖാന്‍ മുഹമ്മദ്‌ക്കെതിരായ ആരോപണം. അര്‍ഹതയില്ലാത്ത ജനിതക പരിശോധനകള്‍ക്ക് പണം ലഭിക്കുന്നതിന് ക്ലെയിമുകള്‍ സമര്‍പ്പിച്ചെന്നും അംഗീകൃത ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാത്തതും രോഗികളുടെ ചികിത്സയില്‍ ഉപയോഗിക്കാത്തതുമായ പരിശോധനകളാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നതെന്നും അധികൃതര്‍ ആരോപിച്ചു.
യു എസ് ആരോഗ്യ- മനുഷ്യസേവന വകുപ്പിന്റെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫീസ് (എച്ച് എച്ച് എസ്- ഒ ഐ ജി) പ്രകാരം ടെക്‌സസിലെ റിച്ചാര്‍ഡ്‌സണിലുള്ള അമേരിക്കന്‍ പ്രീമിയര്‍ ലാബ്‌സ് എല്‍ എല്‍ സിയുടെ ഉടമയാണ് മുഹമ്മദ്.
2023 ഓഗസ്റ്റ് മുതല്‍ 2024 ഒക്ടോബര്‍ വരെ ലബോറട്ടറി വഴി ഏകദേശം 93 മില്യണ്‍ ഡോളറിന്റെ വ്യാജ മെഡികെയര്‍ ക്ലെയിമുകള്‍ മുഹമ്മദ് നേരിട്ടോ മറ്റുള്ളവരെ ഉപയോഗിച്ചോ സമര്‍പ്പിച്ചതായാണ് ആരോപണം. ഇതില്‍ കുറഞ്ഞത് 65 മില്യണ്‍ ഡോളര്‍ മെഡികെയര്‍ പദ്ധതിയില്‍നിന്ന് ലഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
2023ല്‍ 10 ദിവസത്തെ കാലയളവില്‍ മാത്രം സമര്‍പ്പിച്ച ക്ലെയിമുകള്‍ക്കായി മെഡികെയര്‍ ഏകദേശം 13 മില്യണ്‍ ഡോളര്‍ നല്‍കിയതായും ആരോപണമുണ്ട്.
ഡോക്ടര്‍മാരുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ വ്യക്തിഗത തിരിച്ചറിയല്‍ വിവരങ്ങള്‍ ഉപയോഗിച്ചതും തട്ടിപ്പ് പദ്ധതിയുടെ പ്രധാന ഭാഗമായിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആരോപണം.
എച്ച് എച്ച് എസ്- ഒ ഐ ജി പ്രകാരം, ചികിത്സയുമായി ബന്ധമില്ലാത്ത രോഗികള്‍ക്ക് ജനിതക പരിശോധന നടത്തിയതായി കാണിച്ചാണ് മെഡികെയര്‍ ക്ലെയിമുകള്‍ സമര്‍പ്പിച്ചത്. ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ പരിശോധനകള്‍ നിര്‍ദേശിച്ചിരുന്നില്ലെന്നും പരിശോധനാഫലങ്ങള്‍ രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്നില്ലെന്നും അധികൃതര്‍ ആരോപിച്ചു.
മെഡിക്കല്‍ അനുമതിയോടെയാണ് പരിശോധനകള്‍ നടത്തിയതെന്ന് വരുത്തിത്തീര്‍ക്കുന്നതിനായി ഡോക്ടര്‍മാരുടെ വ്യക്തിഗത വിവരങ്ങള്‍ അനധികൃതമായി ഉപയോഗിച്ചതായും അധികൃതര്‍ ആരോപിക്കുന്നു.
ഖദീര്‍ ഖാന്‍ മുഹമ്മദിനെ യു എസ് അധികൃതര്‍ ഇപ്പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹം ഇന്ത്യയിലെ ഹൈദരാബാദിലുണ്ടാകാമെന്നാണ് അധികൃതരുടെ നിഗമനം.
എഫ് ബി ഐയുടെ ഡാലസ് ഫീല്‍ഡ് ഓഫിസും എച്ച് എച്ച് എസ്- ഒ ഐ ജിയും ചേര്‍ന്നാണ് കേസ് അന്വേഷിച്ചത്. ടെക്‌സസിലെ വടക്കന്‍ ജില്ലയ്ക്കായുള്ള യു എസ് അറ്റോര്‍ണി ഓഫിസിലെ പ്രോസിക്യൂട്ടര്‍മാരാണ് ക്രിമിനല്‍ കേസ് കൈകാര്യം ചെയ്യുന്നത്.
മുഹമ്മദ് നിയന്ത്രിച്ചിരുന്നതായി കരുതുന്ന ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ഏകദേശം 6 മില്യണ്‍ ഡോളര്‍ അധികൃതര്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
മുഹമ്മദിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നവര്‍ എച്ച് എച്ച് എസ്- ഒ ഐ ജി ഫ്യൂജിറ്റീവ് ഹോട്ട്‌ലൈനില്‍ 888-476-4453 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ഫ്യൂജിറ്റീവ് സൈറ്റിങ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
അതേസമയം, മുഹമ്മദിനെതിരായ ആരോപണങ്ങള്‍ കോടതിയില്‍ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. കുറ്റം തെളിയുന്നതുവരെ പ്രതികള്‍ നിരപരാധികളാണെന്ന നിയമപരമായ അനുമാനം നിലനില്‍ക്കുമെന്ന് യു എസ് അധികൃതര്‍ വ്യക്തമാക്കി.
