ബിന്‍ ലാദന്റെ ലക്ഷ്യപ്പട്ടികയില്‍ ഇന്ത്യയും; സി ഐ എ രേഖകള്‍ പുറത്ത്

ബിന്‍ ലാദന്റെ ലക്ഷ്യപ്പട്ടികയില്‍ ഇന്ത്യയും; സി ഐ എ രേഖകള്‍ പുറത്ത്


വാഷിംഗ്ടണ്‍: 2001ലെ ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് അല്‍ഖാഇദ മുന്‍ മേധാവി ഒസാമ ബിന്‍ ലാദനുമായി ബന്ധപ്പെട്ട 70ലേറെ പ്രസിഡന്‍ഷ്യല്‍ ഇന്റലിജന്‍സ് ബ്രീഫുകള്‍ യു എസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി ഐ എ) പുറത്തുവിട്ടു. ഇതില്‍ ഇന്ത്യയും ബിന്‍ ലാദന്‍ ആക്രമണത്തിന് പരിഗണിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളുണ്ട്.

1998 ഓഗസ്റ്റ് 28ന് തയ്യാറാക്കിയ പ്രസിഡന്‍ഷ്യല്‍ ബ്രീഫിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബിന്‍ ലാദന്റെ ആക്രമണ ലക്ഷ്യങ്ങളിലുണ്ടായിരുന്നുവെന്ന് പറയുന്നത്. പാകിസ്താന്‍, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, യെമന്‍, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന്റെ സ്വഭാവം, തിയ്യതി, കൃത്യമായ പദ്ധതി എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ രേഖയില്‍ വ്യക്തമാക്കിയിട്ടില്ല.

'ബിന്‍ ലാദന്‍ ഭീകര ശൃംഖല ഇപ്പോഴും ഭീഷണി' എന്ന തലക്കെട്ടിലുള്ള രേഖയില്‍ ഇന്ത്യയിലെ പ്രത്യേക ലക്ഷ്യമോ ആക്രമണ തിയ്യതിയോ കൃത്യമായ പ്രവര്‍ത്തന പദ്ധതിയോ വ്യക്തമാക്കിയിട്ടില്ല. വിവരത്തിന്റെ ഉറവിടവും രേഖയില്‍ വെളിപ്പെടുത്തിയിട്ടില്ല.

വടക്കേ അമേരിക്ക, യൂറോപ്പ്, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ ബിന്‍ ലാദന്റെ ശക്തമായ ശൃംഖല ഈ മേഖലകളിലെ യു എസ് താത്പര്യങ്ങള്‍ക്കും ഭീഷണിയുണ്ടാകാമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് വിശ്വാസ്യത നല്‍കുന്നതായി രേഖയില്‍ പറയുന്നു.

അഫ്ഗാനിസ്ഥാനിലെ അല്‍ഖാഇദ കേന്ദ്രങ്ങള്‍ക്കെതിരെ യു എസ് നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍നിന്ന് ബിന്‍ ലാദന്‍ രക്ഷപ്പെട്ടതായും കുറഞ്ഞത് 60 രാജ്യങ്ങളില്‍ സജീവമായിരുന്ന വ്യക്തികളുടെയും സഖ്യകക്ഷി സംഘടനകളുടെയും ശൃംഖല ഉപയോഗിച്ച് യു എസിനും മറ്റ് രാജ്യങ്ങള്‍ക്കുമെതിരെ ആക്രമണം നടത്താന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും രേഖ വ്യക്തമാക്കുന്നു.

ഇസ്ലാമിക ലോകത്തിനെതിരെ ഗൂഢാലോചന നടത്തുന്ന 'ക്രൂസേഡര്‍- സയണിസ്റ്റ്- ഹിന്ദു' ശക്തികളുടെ ഭാഗമായാണ് ബിന്‍ ലാദന്‍ ഇന്ത്യയെ കണ്ടിരുന്നതെന്നും രേഖകളില്‍ പറയുന്നു. യു എസിനെയും ഇസ്രയേലിനെയും അദ്ദേഹം ഇതേ പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടിലൂടെയാണ് കണ്ടിരുന്നതെന്നും രേഖ വ്യക്തമാക്കുന്നു.

അഫ്ഗാനിസ്ഥാനിലെ അല്‍ഖാഇദ ക്യാംപുകള്‍ക്കെതിരെ യു എസ് മിസൈല്‍ ആക്രമണം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ യു എസിനും ബ്രിട്ടനും എതിരെ ആക്രമണം നടത്തുന്നതിനെക്കുറിച്ച് ബിന്‍ ലാദന്‍ ആലോചിച്ചിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആക്രമണത്തിന്റെ കൃത്യമായ ലക്ഷ്യങ്ങളോ സമയക്രമമോ സംബന്ധിച്ച വിവരങ്ങള്‍ ഇതില്‍ ലഭ്യമല്ല.

1998 മുതല്‍ 2001 വരെയുള്ള കാലയളവില്‍ അധികാരത്തിലിരുന്ന യു എസ് പ്രസിഡന്റുമാര്‍ക്ക് രാജ്യത്തിനകത്ത് ഉണ്ടാകാനിടയുള്ള ഭീകരാക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പുകളും രഹസ്യാന്വേഷണ വിവരങ്ങളും ലഭിച്ചിരുന്നുവെന്ന് പുറത്തുവിട്ട സി ഐ എ രേഖകള്‍ വ്യക്തമാക്കുന്നു.