റഷ്യന്‍ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തണമെന്ന് യുക്രെയ്‌നോട് ട്രംപ്

റഷ്യന്‍ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തണമെന്ന് യുക്രെയ്‌നോട് ട്രംപ്


വാഷിംഗ്ടണ്‍: റഷ്യയിലെ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരെ യുക്രെയ്ന്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ആക്രമണങ്ങള്‍ റഷ്യയില്‍ ഡീസലിന്റെ ക്ഷാമത്തിന് കാരണമാകുന്നുവെന്നും ട്രംപ് പറഞ്ഞു.

അയര്‍ലന്റില്‍ വാരാന്ത്യ സന്ദര്‍ശനത്തിനെത്തിയ ട്രംപിനോട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി അടുത്തിടെ നടത്തിയ സംഭാഷണത്തിന് പിന്നാലെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി സംസാരിച്ചുവോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് റഷ്യന്‍ എണ്ണ ശുദ്ധീകരണശാലകള്‍ക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്.

'സെലെന്‍സ്‌കി ഒരു കാര്യം ചെയ്യണം. റഷ്യയിലെ ഡീസല്‍ ഇന്ധനത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അദ്ദേഹം അവസാനിപ്പിക്കണം. മറ്റ് ലക്ഷ്യങ്ങള്‍ ആക്രമിക്കാം. എന്നാല്‍ ഡീസല്‍ ഇന്ധന സൗകര്യങ്ങളെ ലക്ഷ്യമിടരുത്. അത് ഡീസല്‍ ക്ഷാമത്തിന് കാരണമാകുന്നു'- ട്രംപ് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ തിങ്കളാഴ്ച ഇറാനുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും ട്രംപ് പറഞ്ഞു.

അയര്‍ലന്റിലെ ഡൂണ്‍ബെഗിലുള്ള ഗോള്‍ഫ് റിസോര്‍ട്ടിലാണ് ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്. ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന്‍ അധികൃതരുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് അവരുടെ തീരുമാനമാണെന്ന് ട്രംപ് വ്യക്തമാക്കി.

ഇറാന്‍ കരാറിനായി കടുത്ത സമ്മര്‍ദത്തിലാണെന്ന തന്റെ നിലപാട് ട്രംപ് ആവര്‍ത്തിച്ചു. 'ഇറാന്‍ ഒരു കരാര്‍ ആഗ്രഹിക്കുന്നു. അവര്‍ നിരന്തരം ബന്ധപ്പെടുകയാണ്. എന്നാല്‍ ശരിയായ കരാര്‍ മാത്രമേ ഉണ്ടാകൂ. ഗുണകരമല്ലാത്ത ഒരു കരാറിന് ഞാന്‍ തയ്യാറല്ല'- ട്രംപ് പറഞ്ഞു.

നവംബര്‍ 3ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പായോ അതിന് തൊട്ടുപിന്നാലെയോ യുദ്ധം അവസാനിക്കുമെന്നും ട്രംപ് വീണ്ടും അവകാശപ്പെട്ടു. യുദ്ധം അവസാനിക്കുന്നതോടെ പെട്രോള്‍ വില കുത്തനെ കുറയുമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയുടെ എണ്ണ- വാതക മേഖലയെയാണ് യുക്രെയ്ന്‍ അടുത്തിടെ ദീര്‍ഘദൂര ആക്രമണങ്ങളിലൂടെ ലക്ഷ്യമിടുന്നത്. റഷ്യയുടെ യുദ്ധശ്രമങ്ങള്‍ക്ക് സാമ്പത്തികമായി സഹായം നല്‍കുന്നതും യുക്രെയ്നിനെതിരായ യുദ്ധത്തിന് നേരിട്ട് ഇന്ധനം നല്‍കുന്നതും ഈ മേഖലയാണെന്നാണ് കീവിന്റെ വാദം.

ഇതിനിടെ റഷ്യയും യുക്രെയ്നും രാത്രിയിലും ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കി. കരിങ്കടല്‍ തുറമുഖമായ ഒഡേസയില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണമുണ്ടായതായി യുക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു. പോളണ്ട് അതിര്‍ത്തിയിലെ ഒരു ചെക്ക്‌പോസ്റ്റിന് സമീപവും തീപിടിത്തമുണ്ടായി. അതേസമയം, റഷ്യയിലെ തതാര്‍സ്ഥാനില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

ശീതകാലത്തിന് മുന്നോടിയായി യുക്രെയ്നിലെ വൈദ്യുതി ശൃംഖലയെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. സാധാരണ ജനങ്ങളുടെ ആത്മവീര്യം തകര്‍ക്കുകയാണ് ആക്രമണങ്ങളുടെ ലക്ഷ്യമെന്നാണ് യുക്രെയ്ന്‍ അധികൃതരുടെ ആരോപണം.

തതാര്‍സ്ഥാനിലെ നിഷ്‌നെകാംസ്‌ക് നഗരത്തിലും യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തി. റഷ്യയിലെ പ്രധാന എണ്ണ ശുദ്ധീകരണശാലകളും പെട്രോകെമിക്കല്‍, റബര്‍, പോളിമര്‍ വ്യവസായശാലകളും പ്രവര്‍ത്തിക്കുന്ന പ്രധാന വ്യവസായ കേന്ദ്രമാണ് നിഷ്‌നെകാംസ്‌ക്.

യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ റഷ്യയില്‍ ഇന്ധന റേഷന്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലോകത്തിലെ പ്രധാന എണ്ണ- വാതക കയറ്റുമതി രാജ്യങ്ങളിലൊന്നാണ് റഷ്യ. റഷ്യയിലെ പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയില്‍ സ്ഥാപനങ്ങളെയും യുക്രെയ്ന്‍ ഡ്രോണുകള്‍ ലക്ഷ്യമിട്ടു. ഇതോടെ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ റഷ്യന്‍ ജനജീവിതത്തിലേക്കും പ്രവേശിച്ചിരിക്കുകയാണ്. 

റഷ്യയിലെ ക്രാസ്‌നോദാര്‍ മേഖലയിലെ സ്ലാവിയാന്‍സ്‌ക്- ഓണ്‍- കുബാനിലുള്ള പ്രധാന എണ്ണ ശുദ്ധീകരണശാലയ്ക്കും ഞായറാഴ്ച ആക്രമണമുണ്ടായതായി യുക്രെയ്ന്‍ അവകാശപ്പെട്ടു. യുക്രെയ്ന്‍ പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സിയായ ഡി ഐ യു പുറത്തുവിട്ട വിവരമനുസരിച്ച് രാത്രിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് എണ്ണ സംസ്‌കരണ യൂണിറ്റിനും റിഫൈനറിയിലെ സംഭരണ ടാങ്കുകള്‍ക്കും നേരെ ആക്രമണമുണ്ടായി. തുടര്‍ന്ന് വന്‍ തീപിടിത്തമുണ്ടായെന്നും നിരവധി കിലോമീറ്റര്‍ അകലെനിന്നും തീ ദൃശ്യമായിരുന്നുവെന്നും ഏജന്‍സി അറിയിച്ചു.