അമേരിക്കൻ കമാൻഡ് കേന്ദ്രം തകർത്തതായി ഇറാൻ; ജോർദാനിലെ വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണമെന്ന് അവകാശവാദം

അമേരിക്കൻ കമാൻഡ് കേന്ദ്രം തകർത്തതായി ഇറാൻ; ജോർദാനിലെ വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണമെന്ന് അവകാശവാദം


ടെഹ്രാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ, ജോർദാനിലെ അമേരിക്കൻ സൈനിക കമാൻഡ് കേന്ദ്രം ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് തകർത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) അവകാശപ്പെട്ടു.

അമേരിക്ക നടത്തിയ പുതിയ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായാണ് നടപടി സ്വീകരിച്ചതെന്ന് ഐആർജിസി പ്രസ്താവനയിൽ അറിയിച്ചു. ജോർദാനിലെ അൽഅസ്രാഖ് വ്യോമതാവളവും അതിന്റെ നിയന്ത്രണ കേന്ദ്രവും ലക്ഷ്യമിട്ട് 12 ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചുവെന്നും നിരവധി യുദ്ധവിമാനങ്ങൾ നശിപ്പിച്ചുവെന്നുമാണ് ഇറാന്റെ അവകാശവാദം.

സംഭവങ്ങൾക്ക് തുടക്കമായത് വ്യാഴാഴ്ച അമേരിക്ക ഇറാനിലെ വിവിധ കേന്ദ്രങ്ങൾക്കെതിരെ പുതിയ ആക്രമണം നടത്തിയതോടെയാണ്. 'ഇറാൻ ഇനി അതിന്റെ വില നൽകേണ്ടിവരും' എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു നടപടി. തുടർന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) ഇറാന്റെ 'തുടർച്ചയായ ആക്രമണ സ്വഭാവത്തിന്' മറുപടിയായാണ് സ്വയം പ്രതിരോധ നടപടിയായി ആക്രമണം നടത്തിയതെന്ന് അറിയിച്ചു.

ഹോർമുസ് കടലിടുക്കിനോട് ചേർന്ന ബന്ദർ അബ്ബാസ്, ഖെഷം, മിനാബ് തുടങ്ങിയ മേഖലകളിൽ സഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പിന്നീട് ഇറാന്റെ സൈനിക നിരീക്ഷണ സംവിധാനങ്ങൾ, ആശയവിനിമയ കേന്ദ്രങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ട് ആക്രമണം പൂർത്തിയാക്കിയതായി സെൻട്രൽ കമാൻഡ് അറിയിച്ചു.

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ കുവൈത്തിലും ബഹ്‌റൈനിലുമുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും ഐആർജിസി പ്രഖ്യാപിച്ചു. ബഹ്‌റൈനിലെ അമേരിക്കൻ അഞ്ചാം നാവികസേനയുടെ കേന്ദ്രവും ആക്രമണത്തിൽ ഉൾപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രണ്ട് ഘട്ടങ്ങളിലായി നടന്ന ആക്രമണത്തിൽ അമേരിക്കൻ സൈന്യത്തിന്റെ പ്രധാന കേന്ദ്രങ്ങൾ തകർത്തതായും നിരവധി സൈനിക ലക്ഷ്യങ്ങൾ നശിപ്പിച്ചതായും ഇറാൻ അവകാശപ്പെടുന്നു. എന്നാൽ ഈ അവകാശവാദങ്ങളോട് അമേരിക്ക ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

വെടിനിർത്തൽ ശ്രമങ്ങളും നയതന്ത്ര ചർച്ചകളും തുടരുന്നതിനിടെയാണ് ഇരു രാജ്യങ്ങളും വീണ്ടും സൈനിക ആക്രമണങ്ങൾ ശക്തമാക്കിയത്. പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുമെന്ന ആശങ്ക ഇതോടെ ശക്തമായിരിക്കുകയാണ്.