ഇറാന് ആണവായുധമില്ല; യുദ്ധത്തിൽ ഇസ്രായേലിന്റെ പങ്ക് ചോദ്യം ചെയ്ത് ജോ കെന്റ്

ഇറാന് ആണവായുധമില്ല; യുദ്ധത്തിൽ ഇസ്രായേലിന്റെ പങ്ക് ചോദ്യം ചെയ്ത് ജോ കെന്റ്


വാഷിംഗ്ടൺ: ഇറാൻ ആണവായുധ നിർമ്മാണത്തിന് സമീപമെന്ന അമേരിക്കൻ ഭരണകൂടത്തിന്റെ വാദങ്ങളെ തള്ളി മുൻ ഭീകരവിരുദ്ധ കേന്ദ്ര ഡയറക്ടർ ജോ കെന്റ് രംഗത്ത്. രാജി വെച്ചതിന് പിന്നാലെ നൽകിയ ആദ്യ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഫെബ്രുവരി 28ന് ഇറാനെതിരെ നടത്തിയ സൈനിക നടപടി രാജ്യസുരക്ഷയ്ക്കായി അനിവാര്യമായിരുന്നുവെന്ന വാദം മുന്നോട്ടുവച്ചിരുന്നു. ഇറാൻ രണ്ട് ആഴ്ചയ്ക്കുള്ളിൽ ആണവായുധം വികസിപ്പിക്കാമെന്ന നിലയിലാണെന്ന് ട്രംപ് പറഞ്ഞതും വലിയ ചർച്ചയായിരുന്നു.

എന്നാൽ ഈ വാദം പൂർണമായും തെറ്റാണെന്ന് ജോ കെന്റ് വ്യക്തമാക്കി. യുദ്ധം ആരംഭിക്കുന്നതിന് മുമ്പും 2025 ജൂണിൽ ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിച്ച സമയത്തും ഇറാൻ ആണവായുധ നിർമ്മാണത്തിന് സമീപമല്ലായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇസ്രായേലാണ് ഈ യുദ്ധത്തിലേക്ക് അമേരിക്കയെ നയിച്ചത് എന്ന ആരോപണവും കെന്റ് ഉന്നയിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സർക്കാരിന് യുദ്ധം ആരംഭിക്കാൻ ആത്മവിശ്വാസം ലഭിച്ചതോടെ അമേരിക്ക പിന്നീട് പ്രതികരിക്കേണ്ട സാഹചര്യം ഉണ്ടായി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2004 മുതൽ ഇറാനിൽ ആണവായുധ നിർമ്മാണം നിരോധിക്കുന്ന മതപ്രഖ്യാപനം നിലവിലുണ്ടെന്നും അതിനെ ലംഘിക്കുന്നതായി യാതൊരു രഹസ്യാന്വേഷണ വിവരവും ലഭിച്ചിട്ടില്ലെന്നും കെന്റ് പറഞ്ഞു. ഇറാന്റെ സമീപനം പ്രായോഗികമാണെന്നും അദ്ദേഹം വിലയിരുത്തി.

ഇതിനിടെ, പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധം അമേരിക്കയ്ക്ക് അനുകൂലമായില്ലെന്നും അത് ഇറാനിലെ യാഥാസ്ഥിതിക നിലപാട് കൈകൊള്ളുന്ന വിഭാഗങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിയതായും കെന്റ് അഭിപ്രായപ്പെട്ടു.

അതേസമയം, ട്രംപ് വിദേശ ശക്തികളുടെ സ്വാധീനത്തിൽ പ്രവർത്തിക്കുകയാണ് എന്ന ആരോപണം വൈറ്റ് ഹൗസ് തള്ളി. അമേരിക്കയുടെ താൽപര്യങ്ങൾ മാത്രം പരിഗണിച്ചാണ് പ്രസിഡന്റ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് പ്രസ് സെക്രട്ടറി കരോലൈൻ ലെവിറ്റ് വ്യക്തമാക്കി.