ഇറാന്‍- കുവൈത്ത് സംഘര്‍ഷം രൂക്ഷമാകുന്നു; രണ്ട് ഇറാനിയന്‍ നയതന്ത്രജ്ഞരോട് 24 മണിക്കൂറിനകം പുറത്തുപോകാന്‍ നിര്‍ദേശം

ഇറാന്‍- കുവൈത്ത് സംഘര്‍ഷം രൂക്ഷമാകുന്നു; രണ്ട് ഇറാനിയന്‍ നയതന്ത്രജ്ഞരോട് 24 മണിക്കൂറിനകം പുറത്തുപോകാന്‍ നിര്‍ദേശം


കുവൈത്ത് സിറ്റി: ഇറാന്റെ ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെ തുടര്‍ന്ന് കുവൈത്തും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ കടുത്ത പ്രതിസന്ധി. ആക്രമണത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയതിനെ തുടര്‍ന്ന് രണ്ട് ഇറാനിയന്‍ നയതന്ത്രജ്ഞരെ 'പേഴ്‌സോണ നോണ്‍ ഗ്രാറ്റ'യായി പ്രഖ്യാപിച്ച് 24 മണിക്കൂറിനകം രാജ്യം വിടാന്‍ കുവൈത്ത് സര്‍ക്കാര്‍ ഉത്തരവിട്ടു.

കുവൈത്ത് വിദേശകാര്യ മന്ത്രാലയം എക്സിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ ഉപ വിദേശകാര്യ മന്ത്രി അംബാസഡര്‍ ഹമദ് സുലൈമാന്‍ അല്‍-മിഷാന്‍, കുവൈത്തിലെ ഇറാന്‍ എംബസിയുടെ ആക്ടിംഗ് ചാര്‍ജ് ഡി അഫയേഴ്‌സ് ഹമീദ് ഹമീദ് യാഖൂബി ഫറിനെ വിളിച്ചുവരുത്തി ഔദ്യോഗിക പ്രതിഷേധക്കുറിപ്പ് കൈമാറിയതായി അറിയിച്ചു.

ഇറാന്‍ എംബസിയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനവും പ്രതിഷേധക്കുറിപ്പില്‍ അറിയിച്ചതായി മന്ത്രാലയം വ്യക്തമാക്കി. 'പേഴ്‌സോണ നോണ്‍ ഗ്രാറ്റ'യായി പ്രഖ്യാപിച്ച രണ്ട് നയതന്ത്രജ്ഞരും 24 മണിക്കൂറിനകം കുവൈത്ത് വിട്ടുപോകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

കൂടിക്കാഴ്ചയില്‍ ആക്രമണത്തെ അല്‍-മിഷാന്‍ ശക്തമായി അപലപിച്ചു. ഏതൊരു രാജ്യത്തിനെതിരെയും ശത്രുതാപരമായ നടപടികള്‍ക്കായി സ്വന്തം ഭൂപ്രദേശമോ വ്യോമപാതയോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന കുവൈത്തിന്റെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.

ആക്രമണവുമായി ബന്ധപ്പെട്ട് ഇറാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിവുകളില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നത് കുവൈത്തിന്റെ ഭൂപ്രദേശത്തെയും സുപ്രധാന സിവിലിയന്‍ അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിട്ട ആക്രമണങ്ങളെ ഒരുതരത്തിലും ന്യായീകരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം കുവൈത്തിന് നിലനില്‍ക്കുന്നുണ്ടെന്നും ഉപ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

അതേസമയം, ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കുവൈത്ത് അധികൃതര്‍ അറിയിച്ചു. നയതന്ത്ര മിഷനുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തിനെതിരെ ആവശ്യമായ മറുപടി നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി അഹമ്മദ് അബ്ദുല്ല അല്‍-അഹമ്മദ് അല്‍-സബാഹ് അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിച്ചതായി സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.