ഇറാനില്‍ പ്രതിഷേധം കത്തുമ്പോള്‍: ട്രംപിന് നന്ദി പറഞ്ഞ് പ്രവാസ കിരീടാവകാശി റെസ പഹ്ലവി

ഇറാനില്‍ പ്രതിഷേധം കത്തുമ്പോള്‍: ട്രംപിന് നന്ദി പറഞ്ഞ് പ്രവാസ കിരീടാവകാശി റെസ പഹ്ലവി


ഇറാനില്‍ സാമ്പത്തിക തകര്‍ച്ചയും വിലക്കയറ്റവും രൂക്ഷമായതോടെ രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, പ്രവാസത്തിലിരിക്കുന്ന ഇറാന്റെ മുന്‍ കിരീടാവകാശി റെസ പഹ്ലവി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പരസ്യമായി നന്ദി അറിയിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ ശക്തിപ്രയോഗം തുടരുകയാണെങ്കില്‍ അമേരിക്ക ഇടപെടുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ നിലപാട് ഇറാന്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണെന്ന് പഹ്ലവി വ്യക്തമാക്കി.

ഇറാനില്‍ ദേശീയ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നതുമാണ് പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടിയത്. ഇതിനിടെ നടന്ന അക്രമങ്ങളില്‍ കുറഞ്ഞത് ഏഴ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ഇറാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍, അക്രമം തുടരുകയാണെങ്കില്‍ ഇടപെടാന്‍ അമേരിക്ക 'തയാറായ നിലയില്‍' ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. നിലവിലെ ഭരണകൂടം വീഴുകയാണെങ്കില്‍ ഇറാനുമായി കൂടുതല്‍ സൗഹൃദബന്ധങ്ങള്‍ സ്ഥാപിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

സാമൂഹിക മാധ്യമമായ 'എക്‌സ്'ലൂടെ പ്രതികരിച്ച റെസ പഹ്ലവി, ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ 'കുറ്റവാളികളായ നേതാക്കള്‍ക്ക് ' എതിരായ ട്രംപിന്റെ മുന്നറിയിപ്പ് ജനങ്ങള്‍ക്ക് ശക്തിയും പ്രതീക്ഷയും പകരുന്നതാണെന്ന് പറഞ്ഞു. 46 വര്‍ഷമായി തുടരുന്ന ഭീതിയുടെയും അരാജകത്വത്തിന്റെയും ഭരണത്തിന് വിരാമമിടാന്‍ ജീവന്‍ പണയപ്പെടുത്തി പോരാടുന്ന ജനങ്ങള്‍, ഒരുകാലത്ത് അമേരിക്കയുമായി ഇറാനുണ്ടായിരുന്ന സമാധാനപരവും സമൃദ്ധവുമായ ബന്ധം വീണ്ടെടുക്കണമെന്ന സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാനില്‍ സ്ഥിരതയുള്ള ഭരണപരിവര്‍ത്തനത്തിനുള്ള വ്യക്തമായ പദ്ധതിയും ജനപിന്തുണയും തനിക്കുണ്ടെന്നും പഹ്ലവി അവകാശപ്പെട്ടു.

ഇതിനുമുമ്പ് പുതുവത്സര സന്ദേശത്തില്‍ തന്നെ ഇറാന്‍ ഭരണകൂടത്തിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് പഹ്ലവി അഭിപ്രായപ്പെട്ടിരുന്നു. ഭരണകൂടം ദുര്‍ബലവും ഭിന്നിച്ച നിലയിലുമാണെന്നും ജനങ്ങളുടെ ധൈര്യം അടിച്ചമര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഈ വര്‍ഷം മാറ്റത്തിനുള്ള നിര്‍ണായക ഘട്ടമാകും ' എന്നായിരുന്നു പഹ്ലവിയുടെ പ്രവചനം.