അലബാമയില്‍ കാണാതായ നാലുവയസ്സുകാരന്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് പിതാവിന്റെ വീട്ടില്‍ നിന്ന് രണ്ട് മൈല്‍ അകലെ

അലബാമയില്‍ കാണാതായ നാലുവയസ്സുകാരന്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് പിതാവിന്റെ വീട്ടില്‍ നിന്ന് രണ്ട് മൈല്‍ അകലെ


അലബാമയില്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാതായിരുന്ന നാലുവയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. വാക്കര്‍ കൗണ്ടിയിലെ പിതാവിന്റെ വീട്ടില്‍ നിന്ന് ഏകദേശം രണ്ട് മൈല്‍ അകലെയായാണ് ജോനാഥന്‍ എവര്‍ട്ട് ബോളിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന വളര്‍ത്തുനായ ബക്ക് ജീവനോടെയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 
ബുധനാഴ്ച രാവിലെ 11.30ഓടെ ജാസ്പറിലെ ഹൈവേ 195ലെ 7000ാം ബ്ലോക്കിലാണ് ജോനാഥനെ അവസാനമായി കണ്ടതെന്ന് അലബാമ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി അറിയിച്ചു. 
മഞ്ഞ നിറത്തിലുള്ള മിക്കി മൗസ് ഷര്‍ട്ട്, കറുത്ത പാന്റ്, പാ പട്രോള്‍ ഷൂസ് എന്നിവ ധരിച്ചിരുന്ന കുട്ടി അപകടാവസ്ഥയിലാണെന്ന മുന്നറിയിപ്പോടെയായിരുന്നു തിരച്ചില്‍ ആരംഭിച്ചത്. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉള്‍പ്പെടെ 500 ഏക്കറിലധികം പ്രദേശത്ത് വ്യാപിച്ച തിരച്ചിലില്‍ 161 സന്നദ്ധ പ്രവര്‍ത്തകരും 126 ഫസ്റ്റ് റെസ്‌പോണ്ടര്‍മാരും നിരവധി പോലീസ് നായകളും പങ്കെടുത്തു. 
കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞവരാണെന്നും, സൈനിക സേവനത്തില്‍ ഉണ്ടായിരുന്ന പിതാവിനെ സന്ദര്‍ശിക്കുന്നതിനിടെയാണ് കുട്ടി കാണാതായതെന്നും ഷെരിഫ് നിക് സ്മിത്ത് അറിയിച്ചു. ഫ്‌ലോറിഡയില്‍ നിന്ന് ബുധനാഴ്ച തന്നെ അമ്മ അലബാമയിലെത്തിയതായും, അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.