ലോസ് ആഞ്ചലസിലെ ജീവിതം ആസ്വദിച്ചിരുന്നെങ്കിലും, കുടുംബത്തിനായി വലിയൊരു വീട് സ്വന്തമാക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് ഗ്രെഗും സാര സെബുല്‍സ്‌കിയും വീണ്ടും അമേരിക്കയുടെ ഹൃദയഭാഗമായ മിഡ്‌വെസ്റ്റിലേക്ക് മടങ്ങാന്‍ കാരണമായത്. വിസ്‌കോണ്‍സിനിലെ ആപ്പിള്‍ട്ടണില്‍ അവര്‍ 2,400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് 3.6 ലക്ഷം ഡോളറിന് സ്വന്തമാക്കി-ലോസ് ആഞ്ചലസില്‍ വിറ്റഴിച്ച ചെറിയ വീട്ടിന്റെ ഇരട്ടി വലുപ്പം, എന്നാല്‍ ചെലവ് പകുതി മാത്രം. വീടിനൊപ്പം വൈദ്യുതി, ഇന്ധനം, കുട്ടികളുടെ സംഗീത-നൃത്ത പഠനച്ചെലവ് എന്നിവയും ഇവിടെ ഏറെ കുറഞ്ഞതാണെന്ന് അവര്‍ പറയുന്നു.
വിലക്കയറ്റം അമേരിക്കന്‍ രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറിയിരിക്കെ, വീടുവിലയും വാടകയും ദിനചര്യാചെലവും കാരണം പല നഗരങ്ങളിലും സാധാരണക്കാര്‍ സ്വന്തം സമൂഹങ്ങളില്‍ നിന്നു തന്നെ പുറത്താകുന്ന അവസ്ഥയാണ്. ഇതിന്റെ പ്രതിഫലനം രാഷ്ട്രീയത്തിലും കാണാം. എന്നാല്‍ മിഡ്‌വെസ്റ്റില്‍ ചിത്രം വ്യത്യസ്തമാണ്. നാഷണല്‍ അസോസിയേഷന്‍ ഓഫ് റിയല്‍ടേഴ്‌സിന്റെ കണക്കുകള്‍ പ്രകാരം, രാജ്യത്ത് ഏറ്റവും കുറഞ്ഞ മധ്യവിലയില്‍ വീടുകള്‍ ലഭിക്കുന്നത് മിഡ്‌വെസ്റ്റിലാണ്-രാജ്യശരാശരിയേക്കാള്‍ ഏറെ താഴെ.
വിലകുറവിനൊപ്പം വേതനവര്‍ധനയും മിഡ്‌വെസ്റ്റില്‍ മെച്ചപ്പെട്ട നിലയിലാണ്. ബാങ്ക് ഓഫ് അമേരിക്കയുടെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം മറ്റ് മേഖലകളെക്കാള്‍ സ്ഥിരതയാര്‍ന്ന വേതനവര്‍ധനയാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇതോടെ ആളുകള്‍ക്ക് നിര്‍ബന്ധച്ചെലവുകള്‍ക്കപ്പുറം വിനോദത്തിനും ജീവിതനില മെച്ചപ്പെടുത്താനും കഴിയുന്ന സാഹചര്യം രൂപപ്പെട്ടു. 'അമേരിക്കയിലെ യഥാര്‍ത്ഥ 'വാല്യു പ്ലേ' മിഡ്‌വെസ്റ്റാണ്,' എന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
വിസ്‌കോണ്‍സിനിലെ ഫോക്‌സ് റിവര്‍ താഴ്‌വര (ഓഷ്‌കോഷ് മുതല്‍ ഗ്രീന്‍ ബേ വരെ വ്യാപിക്കുന്ന പ്രദേശം) ഇതിന്റെ മികച്ച ഉദാഹരണമാണ്. ഇവിടെ വീടുടമകളില്‍ ഏഴില്‍ ഒരാള്‍ മാത്രമാണ് വരുമാനത്തിന്റെ 30 ശതമാനത്തിലധികം താമസച്ചെലവിന് മാറ്റിവയ്ക്കുന്നത്. നിര്‍മ്മാണ മേഖല ശക്തമായതിനാല്‍ വേതനനിലയും രാജ്യശരാശരിയേക്കാള്‍ മെച്ചമാണ്.
കുറഞ്ഞ ചെലവുള്ള വീടുകള്‍ സാധാരണയായി ജനസംഖ്യ കുറഞ്ഞ പ്രദേശങ്ങളുടെ അടയാളമാകാറുണ്ടെങ്കിലും, ഇവിടെ അതല്ല സ്ഥിതി. 2019 മുതല്‍ 2024 വരെ പ്രദേശത്തെ ജനസംഖ്യ മൂന്ന് ശതമാനം വര്‍ധിച്ചു. വര്‍ക്ക് ഫ്രം ഹോം ജോലിയുടെ വളര്‍ച്ചയും ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ഉയര്‍ന്ന ശമ്പളം കൈവിടാതെ തന്നെ കുറഞ്ഞ ചെലവുള്ള ജീവിതം നയിക്കാനാകുന്നതാണ് പ്രധാന ആകര്‍ഷണം.
അതേസമയം, ഈ കുടിയേറ്റ പ്രവണത വീടുകളുടെ വില ഉയരാന്‍ കാരണമാകുന്നുവെന്ന ആശങ്കയും ഉയരുന്നുണ്ട്. പ്രാദേശികവാസികളില്‍ ചിലര്‍ക്ക് വിപണിയില്‍ നിന്ന് പുറത്താകുമോ എന്ന ഭയമുണ്ട്. ഇതിനെ നേരിടാന്‍ പുതിയ വീടുകളും അപ്പാര്‍ട്ട്‌മെന്റുകളും വേഗത്തില്‍ പണിയാനുള്ള ശ്രമത്തിലാണ് നഗര ഭരണകൂടങ്ങള്‍.
എന്നിരുന്നാലും, അമേരിക്കയിലെ പല നഗരങ്ങളിലും സ്വന്തം വീട് എന്ന സ്വപ്‌നം അകലുമ്പോള്‍, മിഡ്‌വെസ്റ്റില്‍ അത് ഇപ്പോഴും സാധ്യമാണെന്ന വിശ്വാസമാണ് ഇവിടെ താമസിക്കുന്നവരെ പിടിച്ചുനിര്‍ത്തുന്നത്. ആകെയുള്ള പ്രശ്‌നം ശീതകാലത്തെ കഠിനമായ തണുപ്പാണ്. അതു സഹിക്കാമെങ്കില്‍ എല്ലാം അടിപൊളി,' എന്നാണ് ഒരു പ്രാദേശികവാസിയുടെ വാക്കുകള്‍, 'അമേരിക്കയില്‍ ഇതിലും കൂടുതല്‍ സമ്പന്നമായ ജീവിതം മറ്റെവിടെയും കിട്ടില്ല.'
ജീവിത ചെലവുകൂടിയ നഗരങ്ങളില്‍ നിന്ന് 'വാല്യു പ്ലേ'യിലേക്ക്: അമേരിക്കക്കാര്‍ മിഡ്‌വെസ്റ്റിലേക്ക് കുടിയേറുന്നു
