ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടലിന് ഇറാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം

ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടലിന് ഇറാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം


ദുബായ്: ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യു എസ് വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ആഗോള എണ്ണ കയറ്റുമതിക്കുള്ള സുപ്രധാന സമുദ്ര ഇടനാഴിയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു പൂട്ടുന്നു. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഇറാന്‍ പാര്‍ലമെന്റ് വോട്ടിനിട്ടതായി ഇറാന്റെ പ്രസ് ടിവി ഞായറാഴ്ച അറിയിച്ചു. പാര്‍ലമെന്റ് ഈ നടപടി അംഗീകരിച്ചതിനുശേഷം, ഹോര്‍മുസ് കടലിടുക്ക് അടയ്ക്കണോ വേണ്ടയോ എന്ന് സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലാണ് അന്തിമ തീരുമാനം എടുക്കുക. 

ആണവ നിലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തെ അമേരിക്കയും സഖ്യകക്ഷികളും നടത്തിയ 'നഗ്നമായ ആക്രമണ പ്രവൃത്തി' എന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്. ഇതിനു ശേഷം പ്രതികാരം ചെയ്യാന്‍ ഇറാന്‍ നേതൃത്വത്തില്‍ കടുത്ത സമ്മര്‍ദ്ദമാണുള്ളത്. അതിനാലാണ് രാഷ്ട്രീയമായി പ്രാധാന്യമുള്ള തീരുമാനം സ്വീകരിക്കുന്നത്. 

ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടലിന് അംഗീകാരം നല്‍കുന്നതിനെ അനുകൂലിച്ച് പാര്‍ലമെന്റ് വോട്ടു ചെയ്തതായി മജ്ലിസിലെ അംഗങ്ങളെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ പ്രതിരോധ, സുരക്ഷാ തീരുമാനങ്ങള്‍ക്കായുള്ള പരമോന്നത സ്ഥാപനമായ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അവലോകനത്തിനാണ് നടപടി കാത്തിരിക്കുന്നത്. 

നതാന്‍സ്, ഫോര്‍ഡോ, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് യു എസ് വ്യോമാക്രമണങ്ങള്‍ നടത്തിയത്. 

അറേബ്യന്‍ ഗള്‍ഫിനും ഒമാന്‍ ഉള്‍ക്കടലിനും ഇടയിലുള്ള ഹോര്‍മുസ് കടലിടുക്ക് ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്നും കടന്നു പോകുന്ന വഴിയാണ്. അവിടെയുണ്ടാകുന്ന തടസ്സങ്ങള്‍ ആഗോള ഊര്‍ജ്ജ വിപണികളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക.  ചൈന, ഇന്ത്യ, യൂറോപ്യന്‍ രാജ്യങ്ങളെയാണ് ഇത് ബാധിക്കുക. 

മേഖലയില്‍ അസ്ഥിരത വര്‍ധിക്കുമെന്ന ആശങ്കയില്‍  ഞായറാഴ്ച ഉച്ചക്കു ശേഷം ആഗോള എണ്ണവില കുത്തനെ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 9 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. 2022 അവസാനത്തിനുശേഷം ഏറ്റവും ഉയര്‍ന്ന വിലയാണിത്. 

ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് ഉടനടി ഹോര്‍മുസ് കടലിടുക്ക് അടച്ചു പൂട്ടാനുള്ള തീരുമാനമല്ലെന്നും പ്രതിരോധ നിലപാടിന്റെ ഭാഗമായി നടപടിക്ക് അംഗീകാരം നല്‍കുന്നതാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിദേശ ആക്രമണത്തിനെതിരായ പ്രതികരണമായി ഇറാന്റെ വ്യക്തമായ സാധ്യതകളിലൊന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുക എന്നതാണെന്ന് പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി അംഗം മുഹമ്മദ് ഹസ്സന്‍ അസ്ഫാരി പറഞ്ഞു. ശരിയായ സമയം വരുമ്പോള്‍ തങ്ങള്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍ പാര്‍ലമെന്റിലെ വോട്ടെടുപ്പിനെ കുറിച്ച് അഭിപ്രായം പറയാന്‍ വൈറ്റ് ഹൗസ് മുതിര്‍ന്നില്ല. എന്നാല്‍ സാഹചര്യം യു എസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മേഖലയില്‍ വാണിജ്യത്തിന്റെ സ്വതന്ത്രമായ നീക്കം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.