ദക്ഷിണ ഗാസയിലെ തുരങ്കങ്ങളില്‍ കുടുങ്ങിയ 40 ഹമാസ് സൈനികരെ വധിച്ചെന്ന് ഇസ്രയേല്‍

ദക്ഷിണ ഗാസയിലെ തുരങ്കങ്ങളില്‍ കുടുങ്ങിയ 40 ഹമാസ് സൈനികരെ വധിച്ചെന്ന് ഇസ്രയേല്‍


ജെറുസലേം: ദക്ഷിണ ഗാസയിലെ റഫാഹിന് താഴെയുള്ള തുരങ്കങ്ങളിലും ഇപ്പോള്‍ ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലും കുടുങ്ങിയിരുന്ന ഏകദേശം 40 ഹമാസ് സൈനികരെ തങ്ങളുടെ സേന വധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേnും അമേരിക്കയും ഉള്‍പ്പെടുന്ന അധികാരികളുടെ കണക്കനുസരിച്ച് മാസങ്ങളോളമായി ഏകദേശം 200ഓളം ഹമാസ് സൈനികരാണ് തുരങ്കങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്നത്. അവരില്‍ ചിലര്‍ പിന്നീട് പുറത്തേക്കു വന്നതും ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടതും ചിലര്‍ കീഴടങ്ങിയതുമാണെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹമാസ് സൈനികര്‍ ആയുധങ്ങള്‍ താഴെ വെക്കുകയും എന്‍ക്ലേവിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മാറുന്നതിനുള്ള സുരക്ഷിത മാര്‍ഗം നല്‍കുകയും ചെയ്യുന്ന കരാറിലെത്താന്‍ യു എസ് അടക്കമുള്ള മധ്യസ്ഥര്‍ ശ്രമിച്ചുവരികയായിരുന്നു. എന്നാല്‍ ആ ചര്‍ച്ചകള്‍ തടസ്സപ്പെട്ടിട്ടുണ്ട്. ഗാസയിലുടനീളം ഹമാസിനെ ആയുധ രഹിതരാക്കാനുള്ള വ്യാപകമായ പ്രക്രിയയ്ക്കുള്ള പരീക്ഷണമായിരിക്കും ഈ കരാര്‍ എന്നായിരുന്നു യു എസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിത്‌കോഫ് വ്യക്തമാക്കിയിരുന്നത്.

വധിക്കപ്പെട്ടവരില്‍ കുറഞ്ഞത് മൂന്ന് പ്രാദേശിക കമാന്‍ഡര്‍മാരും പ്രവാസത്തില്‍ കഴിയുന്ന ഹമാസ് നേതാവായ ഗാസി ഹമാദിന്റെ മകനും ഉള്‍പ്പെടുന്നുവെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഹമാസിലെ ചില സ്രോതസ്സുകള്‍ കമാന്‍ഡറായ മുഹമ്മദ് അല്‍- ബവാബിന്റെ മരണത്തെ സ്ഥിരീകരിച്ചെങ്കിലും ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് സംഘടന ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. തുരങ്കങ്ങളില്‍ കുടുങ്ങിയവരുടെ കൃത്യമായ എണ്ണം എത്രയെന്നും ഇപ്പോഴും എത്ര പേര്‍ അവിടെ തുടരുന്നുെവന്നും ഹമാസ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

40 സായുധരെയെന്ന ഇസ്രയേല്‍ അവകാശവാദത്തെക്കുറിച്ച് ഗാസയിലെ ഹമാസ് വക്താവ് പ്രതികരിക്കാന്‍ വിസമ്മതിച്ചു.