ബെയ്‌റൂട്ട്: അമേരിക്കയുടെ മധ്യസ്ഥതയില്‍ കൈവരിച്ച വെടിനിര്‍ത്തല്‍ കരാര്‍ നിലവിലിരിക്കെ ലബനനില്‍ ഇസ്രയേല്‍ വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തി. തിങ്കളാഴ്ച (ജനുവരി 5) ഹിസ്ബുള്ളയുടെയും ഹമാസിന്റെയും സൈനിക കേന്ദ്രങ്ങളാണു ലക്ഷ്യമാക്കിയതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആക്രമണത്തിന് മുന്നോടിയായി രാജ്യത്തിന്റെ കിഴക്കും തെക്കുമുള്ള നാല് ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബെക്കാ താഴ് വരയിലെ ഹമ്മാര, അയിന്‍ എല്‍ടിനെ എന്നിവിടങ്ങളിലെയും ദക്ഷിണ ലബനനിലെ കഫര്‍ ഹട്ട, ആനാന്‍ ഗ്രാമങ്ങളിലെയും ഹിസ്ബുള്ള-ഹമാസ് സൈനിക അടിസ്ഥാനസൗകര്യങ്ങള്‍ ലക്ഷ്യമാക്കിയാണു ആക്രമണമെന്നു സൈനിക വക്താവ് അറിയിച്ചു. ഒരു വര്‍ഷത്തിലധികം നീണ്ടുനിന്ന സംഘര്‍ഷത്തിന് വിരാമമിടാനായിരുന്നു യുഎസ് മധ്യസ്ഥതയില്‍ കൈവരിച്ച കരാര്‍. എന്നാല്‍ കരാര്‍ ലംഘിച്ചെന്നാരോപിച്ച് ഇരു പക്ഷങ്ങളും തമ്മില്‍ പരസ്പര കുറ്റപ്പെടുത്തല്‍ തുടരുകയാണ്.
ഇതിനിടെ, ലബനന്റെ തെക്കന്‍ ഗ്രാമമായ ബ്രൈകെയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം നടന്നു. ഒരു കാറിനുനേരെയായിരുന്നു ആക്രമണം. രണ്ട് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഹിസ്ബുള്ള പ്രവര്‍ത്തകരെയാണു ലക്ഷ്യമാക്കിയതെന്നു ഇസ്രയേല്‍ വ്യക്തമാക്കി. ഞായറാഴ്ച ബിന്റ് ജ്‌ബെയിലിന് സമീപം ആയിന്‍ അല്‍മിസ്രാബില്‍ നടന്ന വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ള അംഗം കൊല്ലപ്പെട്ടതായാണ് ഇസ്രയേലിന്റെ അവകാശവാദം.
വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടെങ്കിലും ലബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. നിലവില്‍ തെക്കന്‍ ലബനനിലെ അഞ്ച് മേഖലകളില്‍ ഇസ്രയേല്‍ സൈനിക നിയന്ത്രണം തുടരുന്നതായാണ് വിവരം. ഹിസ്ബുള്ളയെ നിരായുധീകരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയും ഇസ്രയേലും ലബനന്‍ സര്‍ക്കാരിന്മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയെ നിയന്ത്രിക്കുന്നതില്‍ കാലതാമസം സംഭവിച്ചാല്‍ ആക്രമണം വ്യാപിപ്പിക്കുമെന്ന ആശങ്കയും ലബനന്‍ നേതൃത്വത്തിനുണ്ട്.
ഇസ്രയേല്‍ അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ലിറ്റാനി നദിയുടെ തെക്കന്‍ പ്രദേശങ്ങള്‍ 2025 അവസാനത്തോടെ പൂര്‍ണമായി നിരായുധീകരിക്കണമെന്നതാണ് ലബനന്‍ സൈന്യത്തിന്റെ ലക്ഷ്യം. എന്നാല്‍ തുടര്‍ച്ചയായ ആക്രമണങ്ങളും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്ന ആശങ്ക ശക്തമാകുകയാണ്.
വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കേ ലബനനില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; ഹിസ്ബുള്ള-ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമെന്ന് സൈന്യം
