ടെല്‍അവിവ്: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്ക് ഇറാന്‍ കനത്ത തിരിച്ചടി നല്‍കി. ടെല്‍ അവീവിലും ജെറുസലേമിലും സ്‌ഫോടനങ്ങള്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്. ടെല്‍ അവീവിലേക്ക് ഇറാന്‍ നൂറോളം മിസൈലുകള്‍ വര്‍ഷിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന ഇറാന്‍ അനുകൂല ഗ്രൂപ്പുകളുടെ അവകാശവാദം ഇസ്രയേല്‍ തള്ളി.
ആണവകേന്ദ്രങ്ങളിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ശക്തമായി തിരിച്ചടിച്ചിരിക്കുകയാണ് ഇറാന്‍. 'ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3' എന്ന പേരില്‍ ഇസ്രയേല്‍ പ്രതിരോധ കേന്ദ്രങ്ങളില്‍ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി. ഇറാന്റെ പ്രത്യാക്രമണത്തില്‍ ടെല്‍ അവീവില്‍ 40 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടെന്നും 320 പേര്‍ക്ക് പരിക്കേറ്റെന്നും ഇറാന്‍ യുഎന്‍ സുരക്ഷാ സമിതിയെ അറിയിച്ചു.
ഇസ്രയേലും ഇറാനും നേര്‍ക്കുനേര്‍ ആക്രമണത്തിലേക്ക് കടന്നതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം കൂടുതല്‍ രൂക്ഷമായി. ഇസ്രയേലിന് കടുത്ത മറുപടി നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി. 'ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3' എന്ന് പേരിട്ടിരിക്കുന്ന ആക്രമണത്തില്‍ ഇസ്രയേലിലേക്ക് നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും, ഡ്രോണുകളും ഇറാന്‍ തൊടുത്തുവിട്ടു.
ഇസ്രയേലിന്റെ സൈനിക കേന്ദ്രങ്ങളും വ്യോമത്താവളങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ജറുസലേമിലും ടെല്‍ അവീവിലും സ്‌ഫോടനങ്ങളുണ്ടായി. ഇസ്രയേലിന്റെ അയണ്‍ഡോം പ്രതിരോധം മറികടന്ന ഇറാന്‍ മിസൈലുകള്‍ തകര്‍ത്തത് നിരവധി കെട്ടിടങ്ങളാണ്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയ ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്നാണ് ഇസ്രയേല്‍ നല്‍കിയ മുന്നറിയിപ്പ്. ഇറാന്റെ ആക്രമണം സാധാരണക്കാര്‍ക്ക് നേരെയെന്നും ഇറാന്‍ പരിധികള്‍ ലംഘിച്ചെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ഇസ്രയേലിന്റെ ആക്രമണം ഇറാനിലെ ജനങ്ങള്‍ക്കെതിരല്ല, മറിച്ച് ഭരണ നേതൃത്വത്തെ ലക്ഷ്യം വെച്ചാണെന്ന വാദമാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉയര്‍ത്തുന്നത്.
ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' തുടരുമെന്ന് അറിയിച്ച ഇസ്രയേല്‍ ശക്തമായ തിരിച്ചടി നല്‍കുകയും ചെയ്തു. ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തില്‍ ആക്രമണം നടത്തിയായിരുന്നു ഇസ്രയേല്‍ പ്രതികാരം. പിന്നാലെ ഇസ്രയേല്‍ യുദ്ധകാര്യ മന്ത്രാലയത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആക്രമിച്ചുവെന്ന് ഇറാനും വാദമുയര്‍ത്തി.
ഇസ്രയേല്‍ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായും 320 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ പ്രതിനിധി അമീര്‍ സെയ്ദ് യുഎന്‍ സുരക്ഷാ സമിതിയെ അറിയിച്ചു. യുഎന്‍ സുരക്ഷാ സമിതിയില്‍ഇസ്രയേലിന്റേത് സ്വയം പ്രതിരോധമാണെന്ന് പറഞ്ഞ ഇസ്രയേല്‍ അംബാസഡര്‍ ഡാനി ഡാനന്‍, ഇറാന്‍ കൂടുതല്‍ ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും ആരോപിച്ചു.
ഇറാനിയന്‍ ആണവ കേന്ദ്രങ്ങളായ ഫോര്‍ദോയിലും ഇസ്ഫഹാനിലും ഇസ്രായേലിന്റെ ആക്രമണം നടന്നുവെന്ന് ഇറാന്‍ അധികൃതര്‍ അറിയിച്ചതായി അന്തര്‍ദേശീയ ആറ്റോമിക് എനര്‍ജി ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസി യുഎന്‍ സുരക്ഷാ സമിതിയില്‍ പറഞ്ഞു. ഇറാനിലെ നതാന്‍സ് ആണവ കേന്ദ്രം തകര്‍ന്നതായും റാഫേല്‍ ഗ്രോസി സമിതിയെ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് ഇസ്രയേല്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുകയും ഉന്നത സൈനിക മേധാവികളെ കൊലപ്പെടുത്തുകയും ചെയ്തത്. ആണവ പദ്ധതി സംബന്ധിച്ച് എത്രയുംവേഗം ഉടമ്പടിയിലെത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം തവണയും ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇതിനിടെ യെമനിലെ ഹൂതി വിമതരും ഇസ്രയേലിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തി.
ഇസ്രയേല്‍ -ഇറാന്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു; യുദ്ധഭീതിയില്‍ പശ്ചിമേഷ്യ
