ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങള്‍ അദിയാല ജയില്‍ അധികൃതര്‍ തള്ളി. ഇമ്രാന്‍ ഖാന്‍ സുഖമായും ആരോഗ്യത്തോടെയും ഇരിക്കുന്നുവെന്ന് ജയില്‍ അധികൃതര്‍ അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതൊന്നും സംഭവിച്ചിട്ടില്ലെന്നും കൃത്യമായ പരിചരണത്തിലാണ് കഴിയുന്നതെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.
ജയിലില്‍ കഴിയുന്ന ഇമ്രാന്‍ഖാനെ സന്ദര്‍ശിക്കുന്നതില്‍ സഹോദരിമാര്‍ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് ഇമ്രാന്‍ഖാന്‍ മരണപ്പെട്ടുവെന്ന അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
ഇമ്രാന്‍ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടുവെന്നും മൃതദേഹം മാറ്റിയെന്നും അഫ്ഗാനിസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തതോടെ അഭ്യൂഹം ശക്തമായി. മരണവാര്‍ത്ത പ്രചരിച്ചതോടെയാണ് പാക്കിസ്ഥാന്‍ തെഹ്രീക് -ഇ- ഇന്‍സാഫ് പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും ഇമ്രാന്‍ഖാനെ ഉടനെ കാണണമെന്ന ആവശ്യം ശക്തമാക്കിയത്. പ്രതിനിധികളുടെ ഔദ്യോഗിക പട്ടിക പാര്‍ട്ടി ജയില്‍ സൂപ്രണ്ടിന് സമര്‍പ്പിക്കുകയും കൂടിക്കാഴ്ച വേഗത്തില്‍ ക്രമീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരുമാസമായി ഇമ്രാന്‍ഖാനെ കാണുന്നതിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഹോദരിമാര്‍ ജയിലിന് മുന്നില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. കൂടിക്കാഴ്ച വേഗം ക്രമീകരിക്കാമെന്ന ഉറപ്പിലാണ് ഇവര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഇമ്രാന്‍ ഖാനെ കാണാന്‍ കുടുംബത്തിന് അനുമതി ലഭിച്ചു.
