വാഷിംഗ്ടണ്‍: പാകിസ്താന്റെ എണ്ണ ശേഖരം വികസിപ്പിക്കാന്‍ കൂടുതല്‍ സഹായം നല്‍കുന്ന നീക്കവുമായി അമേരിക്ക. ഇന്ത്യന്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തി മണിക്കൂറുകള്‍ക്കകമാണ് പാകിസ്താന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സഹായം. ഇതിനായി ഒരു വ്യാപാരക്കരാറില്‍ ഒപ്പിട്ടതായി ട്രംപ് അറിയിച്ചു. യുഎസിന്റെ സഹായം കൂടിയുണ്ടെങ്കില്‍ പാകിസ്താന്‍ ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തുമെന്നാണ് ട്രംപ് പറയുന്നത്.
'പാകിസ്താനുമായി ഞങ്ങള്‍ ഒരു കരാറിലേര്‍പ്പെട്ടിട്ടുണ്ട്. അതുപ്രകാരം ഇരുരാജ്യങ്ങളും ചേര്‍ന്ന് പാകിസ്താന്റെ എണ്ണ ശേഖരം വര്‍ധിപ്പിക്കും. ഒരുപക്ഷേ, ഭാവിയില്‍ എന്നെങ്കിലും ഒരിക്കല്‍ പാകിസ്താന്‍ ഇന്ത്യക്ക് എണ്ണ വില്‍ക്കുന്ന സാഹചര്യമുണ്ടാവാനിടയുണ്ട്' ട്രംപ് പറയുന്നു.
ഈ പങ്കാളിത്തത്തിന് ഏത് കമ്പനിയാണ് നേതൃത്വം നല്‍കേണ്ടതെന്ന് തന്റെ ഭരണകൂടം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈറ്റ് ഹൗസില്‍ തിരക്കേറിയ ദിവസം'
യുഎസിനെ 'അങ്ങേയറ്റം സന്തോഷിപ്പിക്കാന്‍' ആഗ്രഹിക്കുന്ന നിരവധി രാജ്യങ്ങളിലെ നേതാക്കളുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും ട്രംപ് അതേ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍, എഴുതി. നിരവധി രാജ്യങ്ങള്‍ യുഎസിന് താരിഫ് ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ 'വ്യാപാര കമ്മി' വന്‍തോതില്‍ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ന് വൈറ്റ് ഹൗസില്‍ വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട് തിരക്കേറിയ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പല രാജ്യങ്ങളുടെയും നേതാക്കളുമായി ഞാന്‍ സംസാരിച്ചു, അവരെല്ലാം അമേരിക്കയെ 'അങ്ങേയറ്റം സന്തോഷിപ്പിക്കാന്‍' ആഗ്രഹിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് ഞാന്‍ ദക്ഷിണ കൊറിയന്‍ വ്യാപാര പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തും. ദക്ഷിണ കൊറിയ ഇപ്പോള്‍ 25% താരിഫിലാണ്, പക്ഷേ ആ താരിഫുകള്‍ കുറയ്ക്കാന്‍ അവര്‍ക്ക് ഒരു ഓഫര്‍ ഉണ്ട്. ആ ഓഫര്‍ എന്താണെന്ന് കേള്‍ക്കാന്‍ എനിക്ക് താല്‍പ്പര്യമുണ്ട്,'- ട്രംപ് എഴുതി.
അതുപോലെ, മറ്റ് രാജ്യങ്ങളും താരിഫ് കുറയ്ക്കുന്നതിനുള്ള ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇതെല്ലാം നമ്മുടെ വ്യാപാര കമ്മി വളരെ വലിയ രീതിയില്‍ കുറയ്ക്കാന്‍ സഹായിക്കും. ഉചിതമായ സമയത്ത് ഒരു പൂര്‍ണ്ണ റിപ്പോര്‍ട്ട് പുറത്തിറക്കും. ഈ വിഷയത്തില്‍ നിങ്ങള്‍ ശ്രദ്ധിച്ചതിന് നന്ദി. അമേരിക്കയെ വീണ്ടും മികച്ചതാക്കൂ!' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നു
ഇന്ത്യയ്ക്ക് 25 ശതമാനം തീരുവ ചുമത്തി മണിക്കൂറുകള്‍ക്ക് ശേഷവും, ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്നും 'ഈ ആഴ്ച അവസാനത്തോടെ' കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നും ട്രംപ് പറഞ്ഞു.
വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുടെ കൂട്ടമായ ബ്രിക്‌സില്‍ ഇന്ത്യ ഭാഗമായതിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് വിരുദ്ധ കൂട്ടായ്മയെന്നാണ് ബ്രിക്‌സിനെ ട്രംപ് വിശേഷിപ്പിച്ചത്.
'ഞങ്ങള്‍ ഇപ്പോള്‍ (ഇന്ത്യയുമായി) ചര്‍ച്ചകള്‍ നടത്തുകയാണ്, അവര്‍ ബ്രിക്‌സിന്റെ ഭാഗവുമാണ്. ബ്രിക്‌സ്, അടിസ്ഥാനപരമായി അമേരിക്കയെ എതിര്‍ക്കുന്ന രാജ്യങ്ങളുടെ കൂട്ടമാണ്. ഡോളറിനെതിരായ ആക്രമണമാണ് ബ്രിക്‌സിന്റെ ലക്ഷ്യം. ഡോളറിനെ ആക്രമിക്കാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ല. അതിനാല്‍ ഇന്ത്യ ഭാഗികമായി ബ്രിക്‌സും, ഭാഗികമായി വ്യാപാരവുമാണ്,' ഒരു റിപ്പോര്‍ട്ടറോട് മറുപടി പറയവേ അദ്ദേഹം പറഞ്ഞു.
പാക്കിസ്താന്റെ എണ്ണ കരുതല്‍ ശേഖരം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ സഹായം വാഗ്ദാനം ചെയ്ത് ട്രംപ്
