'ഭാരത് ഇന്നൊവേറ്റ്‌സ് 2026' ഉദ്ഘാടനം ചെയ്ത് മോഡിയും മാക്രോണും; ഇന്ത്യ- ഫ്രാന്‍സ് നവീകരണ സഹകരണം ശക്തിപ്പെടുത്തും

'ഭാരത് ഇന്നൊവേറ്റ്‌സ് 2026' ഉദ്ഘാടനം ചെയ്ത് മോഡിയും മാക്രോണും; ഇന്ത്യ- ഫ്രാന്‍സ് നവീകരണ സഹകരണം ശക്തിപ്പെടുത്തും


നൈസ്: ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള നവീകരണ- സാങ്കേതിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും സംയുക്തമായി 'ഭാരത് ഇന്നൊവേറ്റ്‌സ് 2026' പരിപാടിക്ക് തുടക്കം കുറിച്ചു. ഇന്ത്യ- ഫ്രാന്‍സ് ഇന്നൊവേഷന്‍ വര്‍ഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ പരിപാടി, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെയും ഗവേഷകരെയും നവോഥാന സംരംഭകരെയും ആഗോള നിക്ഷേപകരുമായും വ്യവസായ പ്രമുഖരുമായും സാങ്കേതിക പങ്കാളികളുമായും ബന്ധിപ്പിക്കുന്ന പ്രധാന വേദിയാകുമെന്നാണ് വിലയിരുത്തല്‍.

രാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ക്കപ്പുറം താത്പര്യങ്ങളും പൊതുവായ കാഴ്ചപ്പാടുകളും അടിസ്ഥാനമാക്കിയുള്ള ബന്ധങ്ങളുമുണ്ടെന്നും ഇന്ത്യ- ഫ്രാന്‍സ് ബന്ധം അത്തരത്തിലൊന്നാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

പൊതുവായ താത്പര്യങ്ങളും ദീര്‍ഘവീക്ഷണവുമാണ് ഇന്ത്യ- ഫ്രാന്‍സ് ബന്ധത്തിന്റെ അടിത്തറയെന്നും ഈ ബന്ധത്തില്‍ ആത്മവിശ്വാസവും പരസ്പര വിശ്വാസവുമുണ്ടെന്നും നവീകരണവും പ്രചോദനവും മൂല്യങ്ങളും പൊതുവായ ലക്ഷ്യങ്ങളും സുരക്ഷ മുതല്‍ സുസ്ഥിരത വരെ ആഗോള ആവശ്യങ്ങള്‍ കണ്ടെത്തുന്നതിന് പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ നൂറ്റാണ്ട് നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ഇന്ത്യയും ഫ്രാന്‍സും മുന്നോട്ട് വരണമെന്ന കാഴ്ചപ്പാടിന്റെ ഭാഗമാണ് പരിപാടിയെന്നും ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പ് വിപ്ലവമാണ് നടക്കുന്നതെന്നും മനുഷ്യരാശി നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള പുതിയ ചിന്താഗതിയോടെയാണ് ഇന്ത്യന്‍ യുവാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്നും മോഡി പറഞ്ഞു.

പരിഹാരങ്ങള്‍ സ്വീകരിക്കുന്ന രാജ്യം മാത്രമല്ല, പരിഹാരങ്ങള്‍ സൃഷ്ടിക്കുന്ന രാജ്യമെന്ന നിലയിലും ഇന്ത്യ വളരുകയാണെന്നും മോഡി പറഞ്ഞു. സുസ്ഥിരമായ ഭാവിക്കായും ലോകത്തിനാകെയും ഇന്ത്യ നവീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. രണ്ട് ലക്ഷത്തിലധികം സ്റ്റാര്‍ട്ടപ്പുകളുടെ വലിയ ശൃംഖലയാണ് ഇന്ത്യക്കുള്ളത്. ആഗോള വളര്‍ച്ചയ്ക്കും ഇന്ത്യ നിര്‍ണായക സംഭാവന നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകം ഇന്ന് അനിശ്ചിതത്വങ്ങളുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മനുഷ്യസമൂഹം വലിയ വെല്ലുവിളികള്‍ നേരിടുമ്പോഴും മുന്നില്‍ അനന്തമായ അവസരങ്ങളുണ്ട്. ഇത് മനുഷ്യ നാഗരികതയുടെ പുതിയ അധ്യായമാണ്. മനുഷ്യരാശിക്കായുള്ള സാങ്കേതികവിദ്യയും മനുഷ്യകേന്ദ്രിത നവീകരണവുമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

'ഭാരത് ഇന്നൊവേറ്റ്‌സ് 2026' പരിപാടിയില്‍ ഇന്ത്യയില്‍ നിന്നുള്ള 120ഓളം നവോഥാന സംരംഭകരും 15 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് പങ്കെടുക്കുന്നത്. വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍, പ്രമുഖ കമ്പനികള്‍, ആഗോള സി ഇ ഒമാര്‍, വ്യവസായ മേഖലയിലെ നിര്‍ണായക പങ്കാളികള്‍ എന്നിവരുള്‍പ്പെടെ 500ലധികം നിക്ഷേപകരും പരിപാടിയുടെ ഭാഗമാകും.

ഫ്രാന്‍സിലേക്കുള്ള യാത്രയ്ക്ക് മുമ്പ് 'ഭാരത് ഇന്നൊവേറ്റ്‌സ്' ഇന്ത്യ- ഫ്രാന്‍സ് നവീകരണ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന പ്രധാന സംരംഭമാണെന്ന് പ്രധാനമന്ത്രി മോഡി വ്യക്തമാക്കിയിരുന്നു.