മോഡി-പുടിന്‍ കൂടിക്കാഴ്ച : ലക്ഷ്യം പതിനായിരം കോടി രൂപ മൂല്യമുള്ള ഡോളര്‍ മുക്ത ഉഭയകക്ഷി വ്യാപാരം; അമേരിക്കയ്ക്ക് തിരിച്ചടിയാകും

മോഡി-പുടിന്‍ കൂടിക്കാഴ്ച : ലക്ഷ്യം പതിനായിരം കോടി രൂപ മൂല്യമുള്ള ഡോളര്‍ മുക്ത ഉഭയകക്ഷി വ്യാപാരം; അമേരിക്കയ്ക്ക് തിരിച്ചടിയാകും


മോസ്‌കോ : 'ദേശീയ കറന്‍സികള്‍ ഉപയോഗിച്ച് ഉഭയകക്ഷി ഒത്തുതീര്‍പ്പ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരാന്‍' ഇന്ത്യയും റഷ്യയും സമ്മതിച്ചു. ആഗോള വ്യാപാരത്തില്‍ യുഎസ് ഡോളറിന്റെ യുദ്ധപരമായ ആധിപത്യത്തിന് തിരിച്ചടിയായി സ്വന്തം കറന്‍സികളില്‍ വ്യാപാര പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ആഗോള ദക്ഷിണേന്ത്യന്‍ രാജ്യങ്ങള്‍ തുടര്‍ന്നും നിര്‍ബന്ധം പിടിക്കുക എന്നതാണ് ഈ വികസനം അര്‍ത്ഥമാക്കുന്നത്.

2030 ഓടെ പ്രതിവര്‍ഷം പതിനായിരം കോടി രൂപ മൂല്യമുള്ള ഉഭയകക്ഷി വ്യാപാരം ലക്ഷ്യമിട്ട് ഇന്ത്യയും റഷ്യയും. വ്യാപാര ബന്ധം ശക്തമാക്കുന്നതുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യന്‍ പ്രസിഡന്റ വ്‌ലാദിമിര്‍ പുടിനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. വാണിജ്യം, മൂലധന നിക്ഷേപം, ശാസ്ത്ര- സാങ്കേതിക സഹകരണം, പ്രതിരോധം, സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. വ്യാപാരം പൂര്‍ണമായും ഡോളര്‍ വിമുക്തമായിരിക്കണമെന്നും പകരം പ്രാദേശിക കറന്‍സികളുടെ ഉപയോഗം ശക്തിപ്പെടുത്തണമെന്നുമുള്ള തീരുമാനം അമേരിക്കയ്ക്ക് ആഗോള തലത്തില്‍ തിരിച്ചടിയാകും.

കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 65.7 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങള്‍ക്കിടയില്‍ നടന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. വ്യാപാര പങ്കാളിത്തം മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് എങ്ങനെ പ്രോത്സാഹനമാകുമെന്നതും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നു. ഇന്ത്യയുടെ കാര്‍ഷിക, വ്യാവസായിക ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി ലഭ്യമാകുന്നതിന് ശ്രമിക്കും.

റഷ്യയുടെ നേതൃത്വത്തിലുള്ള യുറേഷ്യന്‍ ഇക്കണോമിക് യൂണിയനു (ഇ ഇ യു) മായി സ്വതന്ത്ര വ്യാപാര കരാറില്‍ മുന്നോട്ടുപോകുന്നതിന്റെ ആവശ്യകതയും നിര്‍ദിഷ്ട ചെന്നൈ- വ്‌ലാഡിവോസ്റ്റോക് ഈസ്റ്റേണ്‍ മാരിടൈം ഇടനാഴി സംബന്ധിച്ചും ഇരുവരും സംസാരിച്ചു. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടക്കും. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടതുള്‍പ്പെടെ ഒമ്പത് കരാറുകളില്‍ ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചു.

യുദ്ധം അവസാനിപ്പിക്കണം

നിരപരാധികളായ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നത് ഹൃദയഭേദകമാണെന്നും യുക്രൈനില്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും വ്‌ലാദിമിര്‍ പുടിനോട് നരേന്ദ്ര മോഡി അഭ്യര്‍ഥിച്ചു. കീവിലെ കുട്ടികളുടെ ആശുപത്രി റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന സംഭവത്തിന് പിന്നാലെയാണ് പുടിനുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ചക്കിടെ മോഡി ആശങ്ക അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കണമെന്നതുള്‍പ്പെടെയുള്ള യു എന്‍ ചാര്‍ട്ടറിനെ ഇന്ത്യ ബഹുമാനിക്കുന്നുവെന്നും ചര്‍ച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും പ്രശ്നം പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ഇന്ത്യക്കാരെ തിരിച്ചെത്തിക്കണം

അനധികൃതമായി റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യക്കാരെ കുറിച്ചുള്ള ആശങ്കയും മോദി രേഖപ്പെടുത്തി. യുക്രൈനുമായുള്ള റഷ്യയുടെ യുദ്ധത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു. സേനയുടെ ഭാഗമായി നിരവധി പേര്‍ അവിടെ അകപ്പെട്ടിട്ടുണ്ട്. ഇവരെ തിരിച്ചെത്തിക്കാന്‍ റഷ്യ നടപടി സ്വീകരിച്ചേക്കും.

മോഡിക്ക് പരമോന്നത ബഹുമതി

റഷ്യയിലെ പരമോന്നത ബഹുമതിയായ ദ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു നരേന്ദ്ര മോഡിക്ക് പുടിന്‍ സമ്മാനിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇത് സമര്‍പ്പിക്കുന്നുവെന്ന് ബഹുമതി സ്വീകരിച്ചതിന് പിന്നാലെ മോഡി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഈ ബഹുമതി സമ്മാനിക്കുന്നത്. 2019ല്‍ പ്രഖ്യാപിച്ച പുരസ്‌കാരമാണ് ഇപ്പോള്‍ സമ്മാനിച്ചത്.