വാഷിങ്ടണ്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അമേരിക്കയില്‍ കൂടിക്കാഴ്ച നടത്താന്‍ ധാരണയായതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫിസിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
അമേരിക്കയുടെ 250-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇരുവരും ടെലിഫോണില്‍ സംസാരിച്ചിരുന്നു. അമേരിക്കന്‍ ജനതയ്ക്ക് ആശംസകള്‍ നേര്‍ന്ന നെതന്യാഹു, ലോകത്തിന്റെ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന രാജ്യമാണ് അമേരിക്കയെന്നും അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ദൃഢമായ ബന്ധത്തെ ഇസ്രയേല്‍ ഏറെ വിലമതിക്കുന്നുവെന്നും പറഞ്ഞു.
കൂടിക്കാഴ്ചയുടെ തിയ്യതിയോ വേദിയോ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ഉടന്‍ അമേരിക്കയില്‍ നേരില്‍ കാണാന്‍ ഇരുവരും ധാരണയായതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍ നടക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അതേ സമയത്ത് ലെബനന് പ്രസിഡന്റ് ജോസഫ് ഔണും വാഷിങ്ടണ്‍ സന്ദര്‍ശിക്കുമെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. ലെബനന് പ്രസിഡന്റും നെതന്യാഹുവും തമ്മില്‍ നേരിട്ടുള്ള ആശയവിനിമയത്തിന് എതിര്‍പ്പ് നിലനില്ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും ഇരുപക്ഷത്തെയും ഒരുമിച്ച് കൊണ്ടുവരാന്‍ ട്രംപ് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാള് സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ബഹ്റൈന്‍, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങളിലെ ചില പ്രവര്‍ത്തന സംവിധാനങ്ങള്‍ ഇസ്രയേലിലെ നെഗെവ് മേഖലയിലേക്ക് മാറ്റാന്‍ അമേരിക്ക ആലോചിക്കുന്നതായി പറയുന്നു. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഏകദേശം 400 ദശലക്ഷം ഡോളറിന്റെ നാശനഷ്ടമുണ്ടായതിനെ തുടര്‍ന്നാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളില്‍ നിന്ന് കൂടുതല്‍ അകലെ സൈനിക സംവിധാനങ്ങള്‍ വിന്യസിക്കുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ 17ന് അമേരിക്കയും ഇറാനും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചതിന് പിന്നാലെ അമേരിക്കയും ഇസ്രയേലും തമ്മില്‍ നയതന്ത്രതലത്തില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ രൂപപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലെ ഹിസ്ബുല്ലക്കെതിരായ ഇസ്രയേലിന്റെ ശക്തമായ സൈനിക നടപടികളെ ട്രംപ് പരസ്യമായി വിമര്‍ശിച്ചിരുന്നുവെന്നും അത് മേഖലയിലെ സമാധാനശ്രമങ്ങളെ ബാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രയേലും ലെബനന് സര്‍ക്കാരും തമ്മില്‍ ജൂണ്‍ 26ന് ത്രികക്ഷി ചട്ടക്കൂട് കരാറില്‍ ഒപ്പുവെച്ചതായും റിപ്പോര്‍ട്ടുണ്ട്. ഹിസ്ബുല്ലയെ നിരായുധരാക്കുന്നതിന് പകരമായി തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന വ്യവസ്ഥയായിരുന്നു കരാറിലുണ്ടായിരുന്നത്. എന്നാല്‍ ഈ ചട്ടക്കൂട് ഹിസ്ബുല്ല അംഗീകരിച്ചില്ലെന്നും നിലവിലുള്ള അമേരിക്ക- ഇറാന് ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍ചര്‍ച്ചകള്‍ നടത്താനാകൂ എന്ന നിലപാടാണ് സംഘടന സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
