വാഷിംഗ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ വഞ്ചിച്ച് ഇറാനെതിരായ യുദ്ധത്തിലേക്ക് നയിച്ചെന്ന ആരോപണം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. നെതന്യാഹുവുമായുള്ള ബന്ധം ഇപ്പോഴും മികച്ചതാണെന്നും അദ്ദേഹത്തോട് യാതൊരു വിരോധവുമില്ലെന്നും ട്രംപ് പറഞ്ഞു.
പോഡ്കാസ്റ്റ് അവതാരക മിറാണ്ട ഡിവൈൻ, നെതന്യാഹുവിനെ ഫോണിൽ 'ഭ്രാന്തൻ' എന്ന് വിളിച്ചെന്ന റിപ്പോർട്ടുകളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. നെതന്യാഹുവുമായി സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചെങ്കിലും അത് കോപത്തോടെയല്ലായിരുന്നുവെന്ന് വ്യക്തമാക്കി. ലെബനനുമായി ഇസ്രയേൽ തുടർച്ചയായി ഏറ്റുമുട്ടുന്നതിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
'ബിബി, ഇത് നിർത്തണം എന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹവുമായി എനിക്ക് വളരെ നല്ല ബന്ധമാണ്. ഞാൻ യുദ്ധകാല പ്രസിഡന്റ് ആണ്, അദ്ദേഹം യുദ്ധകാല പ്രധാനമന്ത്രിയാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മേഖലയിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്,' ട്രംപ് പറഞ്ഞു.
നെതന്യാഹു തന്നെ വഞ്ചിച്ചുവെന്ന ആരോപണം രാഷ്ട്രീയ എതിരാളികളായ ഡെമോക്രാറ്റുകളുടെ പ്രചാരണമാണെന്നും ട്രംപ് ആരോപിച്ചു. 'അങ്ങനെ പറയുന്നവർക്ക് അവർ എന്താണ് ചെയ്യുന്നതെന്ന് പോലും അറിയില്ല. നെതന്യാഹു എന്നെ വഞ്ചിച്ചുവെന്ന് ഞാൻ ആദ്യമായി കേട്ടപ്പോൾ തന്നെ അത്ഭുതപ്പെട്ടു. യഥാർത്ഥത്തിൽ ആ തീരുമാനം എടുത്തത് ഞാൻ തന്നെയാണ്. ഇറാന് ആണവായുധം സ്വന്തമാക്കാൻ അനുവദിക്കാൻ കഴിയില്ല,' അദ്ദേഹം പറഞ്ഞു.
മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറിനെ ട്രംപ് വീണ്ടും വിമർശിക്കുകയും ചെയ്തു. ആ കരാർ ഇറാനെ ആണവായുധത്തിലേക്ക് നയിക്കുന്ന വഴിയാണെന്നാണ് അദ്ദേഹം ആരോപിച്ചത്. താൻ അധികാരത്തിലെത്തിയ ശേഷം ആ കരാർ റദ്ദാക്കിയത്് നിർണായക നടപടിയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
താൻ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഇസ്രയേൽ നിലനിൽക്കുമായിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് ട്രംപിന്റെ ഈ പരാമർശങ്ങൾ ശ്രദ്ധ നേടുന്നത്.
ഇറാനെതിരായ യുദ്ധത്തിലേക്ക് നെതന്യാഹു തള്ളിയിട്ടെന്ന ആരോപണം തള്ളി ട്രംപ്; 'തീരുമാനം എടുത്തത് ഞാൻ തന്നെ '
