സന : യമനില്‍ ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കുമെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ കുടുംബവുമായി ധാരണയിലെത്തിയെന്ന വാര്‍ത്ത തള്ളിയാണ് ഇദ്ദേഹം വീണ്ടും രംഗത്തെത്തിയത്. മാധ്യമ വാര്‍ത്തകളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും അതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് മഹ്ദി പ്രതികരിച്ചു. നിമിഷയുടെ വധശിക്ഷ ഒഴിവാക്കാന്‍ ധാരണയിലെത്തിയെന്ന് നേരത്തെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഓഫിസ് പ്രസ്താവന പുറത്തിറക്കിയിരുന്നു.
ഷെയ്ഖ് ഹബീബ് ഉമര്‍ ഹബീബിന്റെ ഇടപെടല്‍ വഴി വധശിക്ഷ ഒഴിവാക്കാന്‍ കുടുംബവുമായി സംസാരിച്ചിരുന്നുവെന്നും തലാലിന്റെ കുടുംബം അനുകൂല നിലപാട് സ്വീകരിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായെന്നും കാന്തപുരം അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ തലാലിന്റെ സഹോദരന്‍ മഹ്ദി തയ്യാറായില്ല. തന്റെ അനുജന്റെ രക്തത്തിന് പകരം ചോദിക്കുമെന്നും നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അനുജനെ വെട്ടിനുറുക്കിയെന്ന് മഹ്ദി
'ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ ഒരു ക്രൂരമായ കുറ്റകൃത്യത്തെ വെള്ള പൂശുകയാണ്, അതിലെ കുറ്റവാളിക്ക് വീരത്വം നല്‍കി വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങളാണ് മാധ്യമങ്ങള്‍ നടത്തുന്നത്. മനസിലാക്കാന്‍ കഴിയാത്തതും ക്ഷമിക്കാന്‍ കഴിയാത്തതുമായ കാര്യം എന്തെന്നാല്‍, കരുണയുടെ പേരില്‍ സംസാരിക്കാന്‍ വരുന്ന ചില 'വക്താക്കള്‍' നമ്മുടെ അടുത്തേക്ക് വന്ന് നമ്മളെ ഒരു കപട ചാമ്പ്യന്മാരാക്കാന്‍ ശ്രമിക്കുന്നു. അറുക്കുകയും, വെട്ടിമുറിക്കുകയും, കീറുകയും, ഒന്നുമല്ല എന്ന മട്ടില്‍ ഒരു ടാങ്കിലെ വെള്ളത്തിലേക്ക് ഒരു നിരപരാധിയുടെ ശരീരം വലിച്ചെറിഞ്ഞത് ഒരു നിസാര കാര്യമാണോ?
ഇത്തരം ഒരു ക്രൂര കൃത്യം ചെയ്ത ആള്‍ക്കുവേണ്ടി കരുണയുടെ മേല്‍ മാപ്പ് നല്‍കണമെന്ന് പറയുന്നതിന്റെ അര്‍ഥം എന്താണ്?. ഈ കുറ്റകൃത്യമെല്ലാം നിയമ വ്യവസ്ഥയുടെ കീഴില്‍ തെളിയിക്കപ്പെട്ടതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷ വിധിച്ചത്. അത് ഒഴിവാക്കാന്‍ സാധിക്കില്ല. മതത്തിന്റെയും മനുഷ്യത്വത്തിന്റെയും പേരില്‍ ഇത്തരം കുറ്റകൃത്യം അംഗീകരിക്കാന്‍ കഴിയില്ല. തലാലിന്റെ രക്തത്തിന്റെ ഉടമകളായ മാതാപിതാക്കളാടാണോ നിങ്ങള്‍ ചര്‍ച്ച നടത്തുന്നത്' എന്നും തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഹഫീസിനെ വിമര്‍ശിച്ച് തലാലിന്റെ സഹോദരന്‍
കാന്തപുരത്തിന്റെ ആവശ്യപ്രകാരം തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്തിയ ഒമര്‍ ബിന്‍ ഹഫീസിനെയും തലാലിന്റെ സഹോദരന്‍ വിമര്‍ശിച്ചു. 'പ്രിയപ്പെട്ട ഒമര്‍ ബിന്‍ ഹഫീസ്. ജനങ്ങളുടെ മുന്നില്‍ സത്യം വെളിപ്പെടുത്തട്ടെ. മാതാപിതാക്കളുമായി ചര്‍ച്ച നടത്തി എന്ന അവകാശവാദങ്ങള്‍ ഉണ്ടെങ്കിലും.... ആരാണ് അവരെ ഏല്‍പ്പിച്ചത്, എപ്പോള്‍, എന്ത് അടിസ്ഥാനത്തിലാണ് എന്ന് അവര്‍ പറയട്ടെ. തലാലിന്റെ രക്തം വിപണിയിലെ ഒരു ചരക്കല്ല.
മതത്തിന്റെ പേരിലോ വ്യക്തിപരമായ താല്‍പ്പര്യത്തിനോ വേണ്ടിയുള്ള കച്ചവടം ചെയ്യാനുള്ളതല്ല ഞങ്ങളുടെ തലാലിന്റെ രക്തം. ഒരുകാര്യ ഞങ്ങള്‍ വ്യക്തമായി പറയുന്നു, ഒരു തീരുമാനമുണ്ടെങ്കില്‍ (വധശിക്ഷ നടപ്പിലാക്കാന്‍), അത് ഞങ്ങള്‍ നടപ്പിലാക്കിയിരിക്കും. മതത്തിന്റെയോ കാരുണ്യത്തിന്റെയോ പേരില്‍ ആരും ഞങ്ങളെ ലേലം വിളിക്കാന്‍ വരേണ്ടതില്ല' എന്ന് തലാലിന്റെ സഹോദരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഓഫിസ് കഴിഞ്ഞ ദിവം സ്ഥിരീകരിച്ചിരുന്നു. നേരത്തെ താത്കാലികമായി നീട്ടിവെച്ച വധശിക്ഷയാണ് പൂര്‍ണമായി റദ്ദ് ചെയ്തതെന്നും സനായില്‍ നടന്ന ഉന്നത തലയോഗത്തിലാണ് ഇതുസംന്ധിച്ച തീരുമാനം ഉണ്ടായതെന്നുമാണ് ഓഫിസ് അറിയിച്ചിരുന്നു. അതേസമയം, കേന്ദ്ര വിദേശകാര്യമന്ത്രാലയം ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീസ് തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘത്തിനു പുറമെ നോര്‍ത്തേണ്‍ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനം എടുത്തതെന്നുമാണ് കാന്തപുരത്തിന്റെ ഓഫിസ് അറിയിച്ചിരുന്നത്. വധശിക്ഷ റദ്ദാക്കിയ ശേഷമുള്ള മറ്റു കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാന്‍ ധാരണയായതായും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങള്‍ തീരുമാനിക്കുക എന്നീ വിവരങ്ങളാണ് കാന്തപുരത്തിന്റെ ഓഫിസ് പങ്കുവച്ചത്. നേരത്തെ ജൂലായ് 16 ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് താത്കാലികമായി നീട്ടിവച്ചിരുന്നു.