സൈനിക ശക്തിക്ക് ഒന്നും സംഭവിച്ചിട്ടില്ല; ശക്തമായ തിരിച്ചടിക്ക് തയ്യാറെന്ന് ഇറാൻ വിദേശകാര്യമന്ത്രി

സൈനിക ശക്തിക്ക് ഒന്നും സംഭവിച്ചിട്ടില്ല; ശക്തമായ തിരിച്ചടിക്ക് തയ്യാറെന്ന് ഇറാൻ വിദേശകാര്യമന്ത്രി


ടെഹ്‌റാൻ: ഇറാന്റെ സൈനിക ശേഷിയിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അറാഘ്ചി വ്യക്തമാക്കി. ചില ഉന്നത സൈനിക ഉദ്യോഗസ്ഥരെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും സൈനിക ശക്തി കുറയുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ജൂണിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തിയ ആക്രമണത്തെ പരാമർശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.

അന്നും ചില പ്രമുഖ കമാൻഡർമാർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഉടൻ അവർക്ക് പകരക്കാർ നിയമിക്കപ്പെട്ടു, പന്ത്രണ്ടു മണിക്കൂറിനുള്ളിൽ തന്നെ തിരിച്ചടിക്ക് ഇറങ്ങാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ അതിലും വേഗത്തിൽ പ്രതികരിക്കാൻ കഴിഞ്ഞുവെന്നും അറാഘ്ചി കൂട്ടിച്ചേർത്തു. ഇറാന്റെ പരമോന്നത മതനേതാവിന്റെ വധത്തെ കുറിച്ച് അദ്ദേഹം പരാമർശിച്ചില്ല.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അമേരിക്കൻ സൈന്യത്തിന്റെ പരാജയങ്ങൾ പഠിച്ച് അതിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം സാമൂഹിക മാധ്യമത്തിൽ കുറിച്ചു. തലസ്ഥാനത്ത് നടന്ന ബോംബാക്രമണങ്ങൾ യുദ്ധം നടത്താനുള്ള കഴിവിനെ ബാധിക്കില്ലെന്നും വികേന്ദ്രീകൃത പ്രതിരോധ സംവിധാനമാണ് ഇറാന്റെ ശക്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. യുദ്ധം എപ്പോൾ എങ്ങനെ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കാൻ ഇറാന്് കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ചില സൈനിക യൂണിറ്റുകൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നുണ്ടെന്നും മുൻകൂട്ടി നൽകിയ പൊതുവായ നിർദ്ദേശങ്ങൾ അനുസരിച്ചാണ് അവ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം മറ്റൊരു അഭിമുഖത്തിൽ വ്യക്തമാക്കി. ഒമാനിൽ നടന്ന സംഭവം ഇറാന്റെ തിരഞ്ഞെടുപ്പല്ലെന്നും ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ആയുധസേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അറാഘ്ചി പറഞ്ഞു.

ഈ യുദ്ധത്തിൽ ആരും വിജയിക്കില്ലെന്നും എതിരാളികൾക്ക് ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോരാട്ടം ആരംഭിച്ചതിനുശേഷം സമീപ രാജ്യങ്ങളിലെ സഹപ്രവർത്തകരുമായി നേരിട്ട് ബന്ധത്തിലാണെന്നും അയൽരാജ്യങ്ങൾ ലക്ഷ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ യുദ്ധം അമേരിക്കയും ഇസ്രായേലും ഇറാനിൽ അടിച്ചേൽപ്പിച്ചതാണെന്നും സംഭവങ്ങൾക്ക് ഇറാൻ ഉത്തരവാദിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങൾ ഇറാനെ സമ്മർദ്ദപ്പെടുത്താതെ മറുവശത്തെയാണ് സമ്മർദ്ദത്തിലാക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഒമ്പത് ഇറാൻ നാവിക കപ്പലുകൾ നശിപ്പിച്ചും മുങ്ങിച്ചുമാറ്റിയതായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. നാവിക ആസ്ഥാനവും വലിയ തോതിൽ തകർത്തതായി അദ്ദേഹം സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ശേഷിക്കുന്ന കപ്പലുകളെയും ഉടൻ നശിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.