കൂടുതൽ അമേരിക്കൻ സൈനികർക്ക് ജീവഹാനിയുണ്ടാകാമെന്ന് ട്രംപ്; ഇറാൻ സംഘർഷം രൂക്ഷം

കൂടുതൽ അമേരിക്കൻ സൈനികർക്ക് ജീവഹാനിയുണ്ടാകാമെന്ന് ട്രംപ്; ഇറാൻ സംഘർഷം രൂക്ഷം


വാഷിംഗ്ടൺ : ഇറാനെതിരായ സൈനിക നടപടികൾ ശക്തമായി തുടരുന്നതിനിടെ കൂടുതൽ അമേരിക്കൻ സൈനികർക്ക് ജീവഹാനിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. പ്രധാന സൈനിക നടപടി പുരോഗമിക്കുകയാണെന്നും ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ ആക്രമണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാനെതിരായ സംയുക്ത അമേരിക്ക-ഇസ്രായേൽ ആക്രമണത്തിൽ സർക്കാർസൈനിക കേന്ദ്രങ്ങളാണ് പ്രധാനമായും ലക്ഷ്യമിട്ടത്. അതിനിടെ ടെഹ്‌റാനിൽ നടന്ന വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ സർക്കാർ മാധ്യമങ്ങൾ സ്ഥിരീകരിച്ചു.

അമേരിക്കൻ കേന്ദ്ര സൈനിക കമാൻഡ് പുറത്തുവിട്ട വിവരമനുസരിച്ച് മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കുവൈത്തിൽ നടന്ന ആക്രമണത്തിലാണ് ഈ നഷ്ടമുണ്ടായത്. മറ്റു ചിലർക്ക് ചെറിയ പരിക്കുകളുണ്ടായതായും സൈനിക നടപടി തുടരുകയാണെന്നും അധികൃതർ അറിയിച്ചു. കുവൈത്തിലെ വ്യോമ പ്രതിരോധ സേന നിരവധി മിസൈലുകൾ തടഞ്ഞതായും അറിയിച്ചു.

ഇസ്രായേൽ സൈന്യം ടെഹ്‌റാനിലെ കേന്ദ്രങ്ങളെ വീണ്ടും ലക്ഷ്യമിട്ടതായി വ്യക്തമാക്കി. ലെബനനിലെ ഹിസ്ബുല്ലാ കേന്ദ്രങ്ങൾക്കെതിരെയും ആക്രമണം നടത്തിയതായി അവർ അറിയിച്ചു. വടക്കൻ ഇസ്രായേലിലേക്ക് പ്രോജക്ടൈലുകൾ വിക്ഷേപിച്ചതിന് പിന്നാലെയാണ് ഈ നടപടി.

ഇതിനിടെ രാജ്യത്ത് ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിന് ഇടക്കാല നേതാവായി പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഇറാന്റെ പ്രവാസി കിരീടാവകാശി  റെസ പെഹ് ല വി പറഞ്ഞു. ഭാവിയിൽ ഇസ്രായേലുമായി സമാധാനബന്ധം സ്ഥാപിക്കണമെന്നതാണ് തന്റെ നിലപാടെന്നും രാജ്യത്തിന്റെ ആണവ പദ്ധതി പൂർണമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ പിതാവ് മൊഹമ്മദ് റെസ  പെഹ്‌ലവി  1979 ലെ വിപ്ലവത്തിന് പിന്നാലെ രാജ്യം വിട്ടിരുന്നു. തുടർന്നാണ്  റുഹോലാ ഖമനയി അധികാരത്തിലെത്തിയത്.

അതേസമയം, ഇറാന്റെ ഒമ്പത് നാവിക കപ്പലുകൾ തകർത്തതായും നാവിക ആസ്ഥാനം വലിയ തോതിൽ നശിപ്പിച്ചതായും പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടു. ശേഷിക്കുന്ന കപ്പലുകളെയും ഉടൻ തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അമേരിക്കൻ പ്രതിനിധി സഭയിൽ പ്രസിഡന്റിന്റെ യുദ്ധാധികാരം നിയന്ത്രിക്കാനുള്ള പ്രമേയം അവതരിപ്പിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്. ദേശീയ സുരക്ഷാ വിഷയത്തിൽ രഹസ്യ വിശദീകരണം പ്രധാന നേതാക്കൾക്ക് നൽകാനിരിക്കുകയാണ്.

എണ്ണ വില ഉയർന്നു

സംഘർഷം ശക്തമായതോടെ അന്താരാഷ്ട്ര എണ്ണവില കുതിച്ചുയർന്നു. ഒരു ബാരൽ എണ്ണയുടെ വില എട്ട് ശതമാനം വർധിച്ച് 72 ഡോളറിന് മുകളിൽ എത്തി. ഹോർമുസ് കടലിടുക്കിലെ ഗതാഗതം താറുമാറായതും വിപണിയെ ബാധിച്ചു. ലോകത്തിലെ എണ്ണവിതരണത്തിന്റെ പ്രധാന പാതയായ ഈ കടലിടുക്കിലെ അനിശ്ചിതത്വം ആഗോള സമ്പദ്‌വ്യവസ്ഥയെ ആശങ്കയിൽ ആഴ്ത്തുകയാണ്.