ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണം; ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം, പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിക്കുന്നു

ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണം; ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം, പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിക്കുന്നു


ഇറാനെതിരായ അമേരിക്ക-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തോടെ തുടങ്ങിയ സംഘർഷം പശ്ചിമേഷ്യയിൽ വ്യാപക യുദ്ധത്തിലേക്ക് നീങ്ങുന്നു. ഫെബ്രുവരി 28ന് ഇറാനിലെ സൈനികസർക്കാർ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തി. ഇത് മുൻകരുതൽ നടപടിയാണെന്ന് ഇരുരാജ്യങ്ങളും വിശദീകരിച്ചു. ഇറാനുമായി ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ഈ നടപടി.

ആക്രമണത്തിന് പിന്നാലെ ഇറാൻ ഇസ്രായേലിലേക്ക് മിസൈലുകൾ വിക്ഷേപിച്ചു. ഖത്തർ, കുവൈത്ത്, യുഎഇ, ബഹ്രൈൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളും ഇറാൻ ലക്ഷ്യമിട്ടു. മാർച്ച് 1ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖമനയിയുടെ വസതിക്കുനേരെ നടന്ന സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. തുടർന്ന് ഇറാൻ ശക്തമായ തിരിച്ചടിയുമായി രംഗത്തെത്തി. സമീപ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളെ 'അമേരിക്കൻ ഭൂമിയെന്നു' കണക്കാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ തങ്ങളുടെ മേഖലയിലേക്ക് നടത്തുന്ന ആക്രമണം നിർത്തിവെയ്ക്കാൻ ഗൾഫ് രാജ്യങ്ങൾ ടെഹ്‌റാനോട് ആവശ്യപ്പെട്ടു.

സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാന്റെ പ്രതിരോധ സഖ്യത്തിലെ ഹിസ്ബുല്ലയും യുദ്ധരംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം നടത്തിക്കൊണ്ടാണ് യുദ്ധഭൂമിയിലേക്കുള്ള ഹിസ്ബുല്ലയുടെ രംഗപ്രവേശം. മറുപടിയായി ഇസ്രായേൽ സൈന്യം ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലും തെക്കൻ ലെബനനിലുമുള്ള ഹിസ്ബുല്ലാ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി. ആൾനാശം ഒഴിവാക്കാൻ തെക്കൻ ലെബനനിലെ നിരവധി ഗ്രാമങ്ങളിലെ ആളുകൾ വീടുകൾ ഒഴിയണമെന്ന് ഇസ്രായേൽ സൈന്യം നിർദേശം നൽകി. ആക്രമണങ്ങൾക്കിടെ ബഹ്രൈനിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഹിസ്ബുല്ലായുടെ ആക്രമണം ഉത്തരവാദിത്തമില്ലാത്ത നടപടിയാണെന്ന് ലെബനൻ പ്രധാനമന്ത്രി നൗഫ് സലാം വിമർശിച്ചു.

ഇതിനിടെ ആക്രമണം ആഴ്ചകളോളം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കക്ക് പിന്തുണ അറിയിച്ചുകൊണ്ട് യൂറോപ്യൻ സഖ്യരാജ്യങ്ങളും രംഗത്തുവന്നു . അതേസമയം റഷ്യ, ചൈന, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങൾ അമേരിക്കയുടെ നടപടി വിമർശിച്ചു. അടിയന്തര വെടിനിർത്തലിന് ഐക്യരാഷ്ട്ര സംഘടന ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് സമാധാനത്തിന് ആഹ്വാനം ചെയ്തു.

അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ച്ചി ഐക്യരാഷ്ട്ര സംഘടനയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. സമാധാനവും സുരക്ഷയും നിലനിർത്താൻ ഉടൻ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തി. സാധാരണക്കാരുടെ സുരക്ഷ മുൻഗണനയായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിവേഗ വെടിനിർത്തലിനും സംഭാഷണത്തിലേക്കുള്ള മടങ്ങിവരവിനുള്ള ഇന്ത്യയുടെ പിന്തുണയും പ്രഖ്യാപിച്ചു. തുടർന്ന് സുരക്ഷാ കാര്യങ്ങളിലുള്ള മന്ത്രിസഭാ സമിതി യോഗം ചേർന്ന് പശ്ചിമേഷ്യയിലെ സാഹചര്യം വിലയിരുത്തി. മേഖലയിലുള്ള ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.

അമേരിക്ക, ബഹ്രൈൻ, ജോർദാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവർ ചേർന്ന് ഇറാന്റെ മിസൈൽഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. പരമാധികാര പ്രദേശങ്ങളെ ലക്ഷ്യമിട്ട നടപടിയാണിതെന്ന് സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

സംഘർഷം ദിവസേന വ്യാപിച്ചുകൊണ്ടിരിക്കെ പശ്ചിമേഷ്യയിലെ സമാധാനവും സ്ഥിരതയും അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. യുദ്ധം എത്രത്തോളം വ്യാപിക്കും, ഇറാൻ-അമേരിക്ക ബന്ധം എങ്ങോട്ട് നീങ്ങും, മേഖലയുടെ സുരക്ഷക്കും ആഗോള സമാധാനത്തിനും ഇതിന്റെ പ്രതിഫലം എന്താകും എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.