ഗാസയിൽനിന്ന് പലസ്തീനികളെ ഒഴിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതി തള്ളി ഒ.ഐ.സി

ഗാസയിൽനിന്ന് പലസ്തീനികളെ ഒഴിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതി തള്ളി ഒ.ഐ.സി


ജിദ്ദ(സൗദി അറേബ്യ) : ഗാസയിൽനിന്ന് പലസ്തീനികളെ ഒഴിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതി തള്ളി മുസ്‌ലിം രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ. പലസ്തീൻ ഭരണസമിതിയുടെ നേതൃത്വത്തിൽ ഗാസ പുനർനിർമാണ പദ്ധതി മുന്നോട്ടുകൊണ്ടുപോകണമെന്നും സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ഇസ്‌ലാമിക സഹകരണ ഓർഗനൈസേഷന്റെ (ഒ.ഐ.സി) പ്രത്യേക സമ്മേളനം ആവശ്യപ്പെട്ടു.

ഗാസ വെടിനിർത്തൽ കരാറിന്റെ നിലനിൽപ് അനിശ്ചിതാവസ്ഥയിലായ സാഹചര്യത്തിലാണ് ഒ.ഐ.സി സമ്മേളനം നടക്കുന്നത്. ട്രംപിന്റെ നീക്കത്തിന് ബദലായി ഗാസ പുനർനിർമാണത്തിന് ഈജിപ്തിന്റെ നേതൃത്വത്തിൽ തയാറാക്കിയ പദ്ധതിക്ക് 57 അംഗ ഒ.ഐ.സി പൂർണ പിന്തുണ പ്രഖ്യാപിച്ചു.

പലസ്തീനികളെ ഒഴിപ്പിക്കാൻ പട്ടിണി ആയുധമാക്കുന്ന ഇസ്രായേൽ നീക്കത്തെ അപലപിച്ച സമ്മേളനം, പലസ്തീൻ ജനതയെ ഒഴിപ്പിക്കാനുള്ള നീക്കം വംശീയ ഉന്മൂലനവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും ചൂണ്ടിക്കാട്ടി.
'ഗാസ ഏറ്റെടുക്കുകയും'  രണ്ട് ദശലക്ഷത്തിലധികം പലസ്തീനികളെ ഒഴിപ്പിക്കുകയും ചെയ്യുക എന്ന യുഎസ് എന്ന പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ആശയത്തെ എതിർക്കുന്ന അറബ് രാജ്യങ്ങൾ 53 ബില്യൺ ഡോളറിന്റെ ബദൽ പദ്ധതിയുമായി രംഗത്ത് വന്നിരുന്നു.

ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ നടന്ന അടിയന്തര ഉച്ചകോടിയിലാണ് ഗാസ പുനർനിർമ്മാണത്തിനുള്ള ബദൽ പദ്ധതി  അറബ് നേതാക്കൾ അംഗീകരിച്ചത്. ഈജിപ്ത് തയ്യാറാക്കിയ പദ്ധതിഉച്ചകോടി അംഗീകരിക്കുകയായിരുന്നു.

ബസർ അൽ അസദിന്റെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തിയതിനെ തുടർന്ന് 2012ൽ പുത്താക്കിയ സിറിയയെ തിരിച്ചെടുക്കാനും ഒ.ഐ.സി തീരുമാനിച്ചു.