ന്യൂയോർക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിക്കാൻ താൻ നിർണായക പങ്കുവഹിച്ചു എന്ന അവകാശവാദം വീണ്ടും ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്ക ഇടപെട്ടില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' മൂലം ഏകദേശം 3.5 കോടി ആളുകൾ മരണപ്പെടുമായിരുന്നുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്നെ അറിയിച്ചതായും ട്രംപ് പറഞ്ഞു.
സ്വദേശത്തും വിദേശത്തുമുള്ള അമേരിക്കക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ തന്റെ ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിച്ചുവെന്നും ആദ്യ പത്ത് മാസത്തിനുള്ളിൽ തന്നെ എട്ട് യുദ്ധങ്ങൾക്ക് അറുതി വരുത്താനായെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ആണവയുദ്ധത്തിലേക്ക് നീങ്ങാനിടയുണ്ടായിരുന്നുവെന്നും, തന്റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ വൻ മനുഷ്യനാശം സംഭവിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുകൂടാതെ, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി തന്റെ ഭരണകൂടം ഇപ്പോൾ ശക്തമായ ശ്രമങ്ങൾ നടത്തുകയാണെന്നും ട്രംപ് പറഞ്ഞു. താൻ പ്രസിഡന്റായിരുന്നുവെങ്കിൽ ആ യുദ്ധം ഉണ്ടായിരിക്കില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസ്താവന.
വൈറ്റ് ഹൗസിലെ രണ്ടാം കാലാവധിയുടെ ആദ്യ വർഷത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതായി ട്രംപ് മുമ്പും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം മെയ് 10ന് അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിൽ ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അദ്ദേഹം സോഷ്യൽമീഡിയയിൽ അവകാശപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ 200 ശതമാനം തീരുവ ചുമത്തുമെന്ന മുന്നറിയിപ്പും നൽകിയിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് ആവർത്തിച്ച് ട്രംപ്
