ബെയ്ജിങ് : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ബെയ്ജിങ് സന്ദർശനത്തിന് ദിവസങ്ങൾക്കകം റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള നിർണായക കൂടിക്കാഴ്ചയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ബെയ്ജിങിലെ ഗ്രേറ്റ് ഹാൾ ഓഫ് ദ പീപ്പിളിൽ പുട്ടിനെ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ചൈന സ്വീകരിച്ചത്. സൈനിക ബാൻഡും റെഡ് കാർപെറ്റും ഉൾപ്പെടുന്ന സ്വീകരണച്ചടങ്ങുകൾക്ക് ശേഷമാണ് ഇരുനേതാക്കളും ചർച്ചകൾ ആരംഭിച്ചത്.
ട്രംപിന്റെ ചൈന സന്ദർശനത്തിന് പിന്നാലെ നടക്കുന്ന ഈ കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. യുക്രൈൻ യുദ്ധവും പാശ്ചാത്യ ഉപരോധങ്ങളും മൂലം സാമ്പത്തിക സമ്മർദ്ദം നേരിടുന്ന റഷ്യ ഇപ്പോൾ കൂടുതൽ ചൈനയെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. റഷ്യൻ എണ്ണയും ഊർജവസ്തുക്കളും വലിയ തോതിൽ വാങ്ങുന്ന പ്രധാന രാജ്യമായി ചൈന തുടരുകയാണ്.
അതേസമയം, ഇറാൻ സംഘർഷം പശ്ചിമേഷ്യൻ ഊർജ്ജവിതരണത്തെ ബാധിച്ചതോടെ ചൈനയ്ക്ക് സ്ഥിരതയുള്ള ദീർഘകാല ഊർജ്ജപങ്കാളിയായി റഷ്യ സ്വയം അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
റഷ്യൻ പ്രകൃതി വാതകം മംഗോളിയ വഴി ചൈനയിലെത്തിക്കുന്ന വൻ പൈപ്പ്‌ലൈൻ പദ്ധതിക്കും പുട്ടിൻ ഈ സന്ദർശനത്തിൽ പുതുജീവൻ നൽകാൻ ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സന്ദർശനത്തിന് മുന്നോടിയായി ചൈനീസ് ജനതയെ അഭിസംബോധന ചെയ്ത് പുട്ടിൻ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ റഷ്യ-ചൈന ബന്ധം 'അഭൂതപൂർവമായ ഉയരത്തിലെത്തി' എന്ന് പറഞ്ഞു.
'റഷ്യയും ചൈനയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം ആഗോള തലത്തിൽ സ്ഥിരത സൃഷ്ടിക്കുന്ന ശക്തിയാണ്. ആരെയും എതിർക്കാനല്ല, സമാധാനത്തിനും സർവസമൃദ്ധിക്കുമാണ് ഞങ്ങളുടെ ശ്രമം,' പുട്ടിൻ പറഞ്ഞു. അമേരിക്കയ്‌ക്കെതിരായ പരോക്ഷ വിമർശനമായാണ് ഈ പരാമർശത്തെ വിലയിരുത്തുന്നത്.
ട്രംപിന്റെ ചൈന സന്ദർശനത്തിന് പിന്നാലെ പുടിൻ ബെയ്ജിങിൽ; ഷിയുമായി നിർണായക ചർച്ച
