കുട്ടികളുടെ ആശുപത്രിയില്‍ ഉള്‍പ്പെടെ റഷ്യന്‍ മിസൈല്‍ ആക്രമണം; 36 മരണം

കുട്ടികളുടെ ആശുപത്രിയില്‍ ഉള്‍പ്പെടെ റഷ്യന്‍ മിസൈല്‍ ആക്രമണം; 36 മരണം


കീവ്: കുട്ടികളുടെ ആശുപത്രിയിലും യുക്രെയ്‌നിലെ നഗരങ്ങളിലും റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസങ്ങള്‍ക്കിടയിലെ ഏറ്റവും മാരകമായ വ്യോമാക്രമണമാണിത്. 

പകല്‍ നേരങ്ങളില്‍ അപൂര്‍വ്വമായി നടക്കാറുള്ള വ്യോമാക്രമണമാണ് കുട്ടികളുടെ ആശുപത്രിക്കു നേരെയുണ്ടായത്. ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഭയചകിതരായി കുഞ്ഞുങ്ങളെ താങ്ങി മാതാപിതാക്കള്‍ ആശുപത്രിക്ക് പുറത്തേക്ക് ഓടി. ആശുപത്രിയുടെ ജനാലകളും പാനലുകളും തകര്‍ന്നതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

തിങ്കളാഴ്ചയുണ്ടായ വ്യോമാക്രമണത്തിന് പിന്നാലെ ചൊവ്വാഴ്ച ദുഃഖാചരണത്തിന് സര്‍ക്കാര്‍ ആഹ്വാനം ചെയ്തു. പാശ്ചാത്യ സഖ്യകക്ഷികളില്‍ നിന്ന് അടിയന്തിരമായി വ്യോമപ്രതിരോധം നവീകരിക്കേണ്ടതുണ്ടെന്ന് യുക്രെയ്ന്‍ അഭിപ്രായപ്പെട്ടു. 

റഷ്യയുടെ 38 മിസൈലുകളില്‍ 30 എണ്ണം വ്യോമ പ്രതിരോധ വിഭാഗം വെടിവെച്ചിട്ടതായി വ്യോമസേന അറിയിച്ചു. കീവിലും മധ്യ നഗരങ്ങളായ ക്രൈവി റിഹ്, ഡിനിപ്രോ എന്നിവിടങ്ങളിലും രണ്ട് കിഴക്കന്‍ നഗരങ്ങളിലും വീടുകളും  ബിസിനസ് സെന്ററും രണ്ട് മെഡിക്കല്‍ സൗകര്യങ്ങളും ഉള്‍പ്പെടെ അമ്പത് സിവിലിയന്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ആഭ്യന്തര മന്ത്രി പറഞ്ഞു.

ആകാശത്ത് നിന്ന് കുട്ടികളുടെ ആശുപത്രിയിലേക്ക് ഒരു മിസൈല്‍ പതിക്കുന്നതും തുടര്‍ന്ന് വലിയ സ്ഫോടനം നടക്കുന്നതായും ലഭ്യമായ വീഡിയോയില്‍ കാണുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

കെഎച്ച്-101 ക്രൂയിസ് മിസൈലാണ് റഷ്യ വിന്യസിച്ചതെന്ന് യുക്രൈനിലെ സുരക്ഷാ വിഭാഗം വ്യക്തമാക്കി. 

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ കീവില്‍ കൊല്ലപ്പെടുകയും 82 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖലയില്‍ 11 പേര്‍ മരിച്ചതായും 64 പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിഴക്കന്‍ പട്ടണമായ പോക്രോവ്സ്‌കില്‍ വ്യാവസായിക കേന്ദ്രത്തില്‍ മിസൈല്‍ പതിച്ച മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ഗവര്‍ണര്‍ പറഞ്ഞു.

യുക്രെയ്ന്‍ തിരിച്ചടിക്കുമെന്ന് പ്രസിഡണ്ട് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. ആക്രമണത്തിന് ശക്തമായ മറുപടി നല്‍കാന്‍ കീവിന്റെ പാശ്ചാത്യ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടു.

ബ്രിട്ടന്‍, ഫ്രാന്‍സ്, ഇക്വഡോര്‍, സ്ലോവേനിയ, അമേരിക്ക എന്നിവയുടെ അഭ്യര്‍ഥന മാനിച്ച് ചൊവ്വാഴ്ച യു എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരുമെന്ന് നയതന്ത്രജ്ഞര്‍ പറഞ്ഞു.

യുക്രെയ്‌നിലെ പ്രതിരോധ വ്യവസായ ലക്ഷ്യങ്ങളിലും വ്യോമയാന താവളങ്ങളിലും തങ്ങളുടെ സൈന്യം ആക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

2022 ഫെബ്രുവരിയില്‍ അധിനിവേശം ആരംഭിച്ചതിനുശേഷം ആക്രമണത്തില്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ സിവിലിയന്മാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും തങ്ങള്‍ ലക്ഷ്യമിടുന്നില്ലെന്നാണ് മോസ്‌കോ പറയുന്നത്. 

ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ കരീം ഖാനുമായി ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായി യുക്രെയ്‌നിന്റെ പ്രോസിക്യൂട്ടര്‍ ജനറല്‍ പറഞ്ഞു. തന്റെ ഓഫീസ് ഐസിസിയുമായി തെളിവുകള്‍ പങ്കിടുമെന്നും കൂട്ടിച്ചേര്‍ത്തു.

യുക്രെയ്നിന് ഇപ്പോഴും വേണ്ടത്ര വ്യോമ പ്രതിരോധം ഇല്ലെന്നും റഷ്യയുടെ വ്യോമാക്രമണങ്ങളില്‍ നിന്ന് നഗരങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാന്‍ സഹായിക്കുന്നതിന് കൂടുതല്‍ സംവിധാനങ്ങള്‍ ഉടനടി നല്‍കണമെന്നും കീവിന്റെ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടതായി യുക്രെയ്ന്‍ പ്രതിരോധ മന്ത്രി റസ്റ്റെം ഉമെറോവ് പറഞ്ഞു.

മോസ്‌കോ സേന തങ്ങളുടെ ബോംബാക്രമണ തന്ത്രങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നതിനാല്‍ റഷ്യന്‍ ആക്രമണങ്ങളെ ചെറുക്കുക എന്നത് കൂടുതല്‍ ബുദ്ധിമുട്ടായതായി വ്യോമസേനാ പ്രതിനിധി കേണല്‍ യൂറി ഇഗ്‌നാറ്റ് പറഞ്ഞു.

തിങ്കളാഴ്ചത്തെ ആക്രമണത്തിനിടെ മിസൈലുകള്‍ വളരെ താഴ്ന്ന ഉയരത്തിലാണ് പറന്നതെന്നാണ് യുക്രെയ്ന്‍ വ്യോമസേന പ്രതിനിധി കേണല്‍ യൂറി ഇഗ്നാറ്റ് ഫേസ്ബപുക്കില്‍ കുറിച്ചു. 

കീവിലെ മൂന്ന് വൈദ്യുതി സബ്സ്റ്റേഷനുകളും നെറ്റ്വര്‍ക്കുകളും തകരാറിലായതായി ഏറ്റവും വലിയ സ്വകാര്യ വൈദ്യുതി ഉത്പാദകരായ ഡിടിഇകെ പറഞ്ഞു.

മാര്‍ച്ചില്‍ ആരംഭിച്ച റഷ്യന്‍ വ്യോമാക്രമണങ്ങളില്‍ നിന്ന് വൈദ്യുതി സംവിധാനത്തിന് ഇതിനകം തന്നെ വളരെയധികം നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 

രാജ്യത്തെ ഏറ്റവും വലുതും മികച്ചതുമായ സജ്ജീകരണങ്ങളുള്ള കുട്ടികളുടെ ആശുപത്രിയുടെ അഞ്ച് യൂണിറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും കുട്ടികളെ മറ്റ് സൗകര്യങ്ങളിലേക്ക് മാറ്റിയതായും ആരോഗ്യമന്ത്രി അറിയിച്ചു.