പാകിസ്താനില്‍ ഒരാഴ്ചയ്ക്കിടെ മതനിന്ദ ആരോപിച്ച് രണ്ടാമത്തെ കൊലപാതകം

പാകിസ്താനില്‍ ഒരാഴ്ചയ്ക്കിടെ മതനിന്ദ ആരോപിച്ച് രണ്ടാമത്തെ കൊലപാതകം


ഇസ്‌ലാമാബാദ്: സിന്ധ് പ്രവിശ്യയില്‍ മതനിന്ദ ആരോപിച്ച് ഒരു ഡോക്ടറെ പാകിസ്ഥാന്‍ പൊലീസ് വെടിവെച്ചുകൊന്നു. ഒരാഴ്ചയ്ക്കിടെ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഇതിനെതിരെ  മനുഷ്യാവകാശ ഗ്രൂപ്പുകള്‍ കടുത്ത വിമര്‍ശനമുയര്‍ത്തി. 

സിന്ധിലെ ഉമര്‍കോട്ട് ജില്ലയില്‍ ഡോ. ഷാനവാസ് കന്‍ഭറാണ് കൊല്ലപ്പെട്ടത്. ആരാണെന്ന് തിരിച്ചറിയാതെ ഉദ്യോഗസ്ഥരുമായുള്ള വെടിവയ്പില്‍ 'യാദൃശ്ചികമായി' കൊല്ലപ്പെട്ടുവെന്ന് സിന്ധ് പ്രവിശ്യയിലെ പ്രാദേശിക പൊലീസ് മേധാവി പറഞ്ഞു.

ഇസ്ലാമിന്റെ പ്രവാചകന്‍ മുഹമ്മദിനെ അപമാനിച്ചതിനും മതനിന്ദാപരമായ ഉള്ളടക്കം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനും കന്‍ഭര്‍ ഒളിവില്‍ പോയിരുന്നു. പൊലീസ് റിപ്പോര്‍ട്ട് അനുസരിച്ച് ബുധനാഴ്ച മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരെ വാഹന പരിശോധനയുടെ ഭാഗമായി മിര്‍പൂര്‍ ഖാസ് നഗരത്തിലെ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ പോവുകയും പൊലീസിനു നേരെ വെടിവെയ്പ് നടത്തുകയും ചെയ്യുകയായിരുന്നു. പിന്നീട് ഓടിരക്ഷപ്പെടാനും ശ്രമിച്ചു. അതോടെ പൊലീസ് വെടിവെക്കുകയായിരുന്നെന്ന് പ്രാദേശിക പൊലീസ് മേധാവി നിയാസ് ഖോസോ പറഞ്ഞു. പ്രതികളിലൊരാള്‍ മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെട്ടെങ്കിലും മറ്റൊരാള്‍ കൊല്ലപ്പെട്ടു.

വെടിവയ്പ്പിന് ശേഷമാണ് കൊല്ലപ്പെട്ടയാള്‍ മതനിന്ദ ആരോപിക്കപ്പെട്ട ഡോക്ടറാണെന്ന് പൊലീസിന് മനസ്സിലായതെന്ന് ഖോസോ പറഞ്ഞു.

ഡോക്ടറുടെ കൊലപാതകത്തില്‍ പാകിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന്‍ (എച്ച് ആര്‍ സി എച്ച്) ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശക്തമായി അപലപിച്ചു. മതനിന്ദ ആരോപിച്ച് രണ്ട് പേരെ നിയമവിരുദ്ധമായി കൊലപ്പെടുത്തിയതില്‍ തങ്ങള്‍ അതീവ ആശങ്കാകുലരാണെന്ന് കമ്മീഷന്‍ പറഞ്ഞു. നിയമപാലകര്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന മതനിന്ദ കേസുകളിലെ അക്രമത്തിന്റെ രീതി ഭയപ്പെടുത്തുന്ന പ്രവണതയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കന്‍ഭറിന്റെ മരണത്തിന് ഉത്തരവാദികള്‍ ആരാണെന്ന് കണ്ടെത്താനും അവര്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കാനും സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് എച്ച് ആര്‍ സി പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

തെക്കുപടിഞ്ഞാറന്‍ നഗരമായ ക്വറ്റയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ ഒരു ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ക്കുകയും മതനിന്ദ ആരോപിച്ച് സയ്യിദ് ഖാനെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഡോക്ടറുടെ കൊലപാതകം.